Sankeerthanam News

മാര്‍പാപ്പ ഇറാക്കിലെത്തി, സമാധാന ദൂതനായി

ബാഗ്ദാദ്: യുദ്ധത്തിലും ഐ.എസ്സ്. ഭീകരവാഴ്ചയിലും തളര്‍ന്നു ദുര്‍ബലമായ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആശ്വാസത്തിന്‍റെ മഹാ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്കിലെത്തി. നാലുദിവസത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പയെ ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറാക്കി പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമി സ്വീകരിച്ചു.
വിമാനത്താവളത്തില്‍നിന്ന് കനത്ത സുരക്ഷയോടെ വാഹനവ്യൂഹത്തില്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്കു പോയ മാര്‍പാപ്പയെ കാണാന്‍ വത്തിക്കാന്‍റെയും ഇറാക്കിന്‍റെയും പതാകകളുമായി നൂറുകണക്കിനു പേര്‍ വഴിയരുകില്‍ കാത്തുനിന്നു. കൊട്ടാരത്തില്‍ പ്രസിഡന്‍റ് ബര്‍ഹാം സലേ മാര്‍പാപ്പയെ സ്വീകരിച്ചു. പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാര്‍പാപ്പ ബാഗ്ദാദിലെ ഔവര്‍ ലേഡി ഓഫ് സാല്‍വേഷന്‍ സിറിയന്‍ കത്തോലിക്ക പള്ളിയില്‍ മെത്രാന്‍മാരുമായും പുരോഹിതരുമായും സംഭാഷണം നടത്തി.
2010 ല്‍ ഈ പള്ളിയില്‍ ജിഹാദികള്‍ നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കിരാതവാഴ്ചയും ഇതര മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും മൂലം അത്യന്തം ക്ലേശിക്കുന്ന ഇറാക്കി സഭയ്ക്ക് മാര്‍പാപ്പയുടെ സന്ദര്‍ശനം പുതിയ ഉണര്‍വു നല്‍കാം. 2003നു മുമ്പ് 14 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന ഇറാക്കില്‍ ഇന്ന്, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്കുപ്രകാരം രണ്ടരലക്ഷത്തോളം പേരാണ് അവശേഷിക്കുന്നത്. ഭൂരിഭാഗവും മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു.
ഇന്ന് അദ്ദേഹം നജാഫ് സന്ദര്‍ശിച്ച് ഇറാക്കി ഷിയാ മുസ്ലിംകളുടെ ആത്മീയാചാര്യന്‍ ആയത്തൊള്ള അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. പൂര്‍വ പിതാവ് അബ്രഹാമിന്‍റെ ജന്മസ്ഥലമായി കരുതുന്ന ഊര്‍ നഗരത്തിലെ മതാന്തര സമ്മേളനത്തിലും ഇന്നു പങ്കെടുക്കും. മാര്‍പാപ്പയ്ക്കായി കനത്ത സുരക്ഷയാണ് ഇറാക്കി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍ പാപ്പ തിങ്കളാഴ്ച ബാഗ്ദാദില്‍നിന്ന് റോമിലേക്ക് മടങ്ങും.