പ്രത്യാശയുടെ തുരുത്തുകള്‍ക്ക് നന്ദി ചൊല്ലാം

മറിയാമ്മ തമ്പി
പ്രശ്ന സങ്കീര്‍ണ്ണമായ നമ്മുടെ ജീവിതം പ്രത്യാശയുടെ തുരുത്തുകളാല്‍ സമ്പുഷ്ടമാണെന്ന കാര്യം പലപ്പോഴും നാം വിസ്മരിക്കാറുണ്ട്. വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍ പ്രത്യാശ നഷ്ടപ്പെട്ടവരായി നാം തളര്‍ന്നുപോകുന്നത് ഇതിനാലാണ്. ഈ പ്രതിസന്ധിയും കടന്നുപോകും എന്ന ശുഭ ചിന്ത ജീവിതത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നതാണ്. ജീവിതം എന്നത് എന്നും നേര്‍രേഖയില്‍ മാത്രം സഞ്ചരിക്കുന്ന ഒന്നല്ല. അപ്രതീക്ഷ വളവുകളും തിരിവുകളും ഗര്‍ത്തങ്ങളും ഒക്കെ ജീവിതവഴികളിലാകെ ഉണ്ടാകാം. എന്നാല്‍ ഇവയെല്ലാം തരണം ചെയ്യാന്‍ ദൈവശക്തിയും ദൈവകൃപയും നമുക്ക് തുണയായുണ്ട്. ദൈവശക്തിയും ദൈവകൃപയും നമുക്ക് ലഭിക്കുന്നത് പ്രാര്‍ത്ഥനയിലൂടെ മാത്രമാണ്. പ്രശ്നങ്ങളിലും വേദനകളിലും ഭയന്ന് തളരാനുള്ളതല്ല നമ്മുടെ ജീവിതം. പ്രശ്നങ്ങളുടെ കൊടുങ്കാറ്റും വേദനയുടെ പ്രവാഹവുമുണ്ടായാലും ദൈവശക്തി അതിജീവനത്തിന്‍റെ കരുത്ത് നല്‍കും. ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്. ദൈവം നമ്മെ കൈവിടില്ലന്ന വിശ്വാസത്തിലും പ്രത്യാശയിലും ജീവിതം കൂടുതല്‍ സാര്‍ത്ഥകമാക്കാം. വലിയ ദുഖങ്ങള്‍ക്കിടയിലും ചെറിയ ചെറിയ സന്തോഷങ്ങളെപ്പോലും നന്നായി ആസ്വദിക്കാന്‍ നമുക്ക് പരിശീലിക്കാം. ആ ചെറിയ സന്തോഷങ്ങള്‍ക്കായി ദൈവത്തോട് നന്ദി പറയുമ്പോഴാണ് നമ്മള്‍ ദൈവത്തിന്‍റെ പ്രീയ മക്കളാകുന്നത്.