Sankeerthanam News

ചര്‍ച്ചയാകുന്ന ഗോവിന്ദന്‍മാസ്റ്റര്‍ വാദം

ഏബ്രഹാം മാത്യു

വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ അനുയോജ്യമല്ലന്നാണ് സി.പി. എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഇതിന് ഒരു തിരുത്ത് കൊടുത്തിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന രൂപത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍ മാസ്റ്റര്‍ വിശദമാക്കുന്നത്. പക്ഷേ, കാതലായ കാര്യങ്ങളദ്ദേഹം നിഷേധിച്ചിട്ടില്ല.
എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം ? അത് മാര്‍ക്സിസത്തിന്‍റെ അടിസ്ഥാനമായി നിലകൊള്ളുന്നതല്ലേ? അതിനെ നിരാകരിക്കാന്‍ കഴിയുമോ? നിരാകരിച്ചാല്‍ മാര്‍ക്സിസത്തിന് നിലനില്‍പ്പുണ്ടോ? ഈ ചോദ്യങ്ങളാണ് പൊതുസമൂഹം വരും ദിവസങ്ങളില്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളത്.
കമ്മ്യൂണിസത്തിന്‍റെ ഏറ്റവും അടിസ്ഥാന ഘടകം വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. എന്നുവെച്ചാല്‍, വൈരുദ്ധ്യങ്ങള്‍ തമ്മിലുള്ള ഐക്യവും സമരവുമാണ് ഏതൊരു സമൂഹത്തെയും മുന്നോട്ടു നയിക്കുന്നത്. കാറല്‍മാര്‍ക്സിന്‍റെ പ്രധാനപ്പെട്ട പഠനങ്ങള്‍പോലും ആ തരത്തിലാണ്. ഒരു പ്രധാനപ്പെട്ട ഇഷ്യൂ ഉണ്ടാകുന്നു, അതിനെ തീസീസ് എന്നു വിളിക്കുന്നു. അതിനൊരു ആന്‍റീതീസീസ് ഉണ്ടാകുന്നു. അതുരണ്ടും ചേര്‍ന്ന് സിന്തസീസ് ഉണ്ടാകുന്നു. ഇങ്ങനെയാണ് സാമൂഹിക പാഠനം എന്ന നിലയ്ക്ക് കാറല്‍മാര്‍ക്സ് ഇതിനെ സമീപിച്ചിട്ടുള്ളത്.
ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പഠനങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത, ഏറ്റവും ശാസ്ത്രീയമായ നിഗമനമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. അതിനെ കേരളത്തിലെ ഒരു നേതാവ് നിരാകരിക്കുക എന്നു പറഞ്ഞാല്‍ മാര്‍ക്സിസത്തില്‍ നിന്നും വിഭിന്നമായ കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് ഏതൊരാള്‍ക്കും മനസ്സിലാകും.
ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് ഒരു പൊതുജീര്‍ണത സംഭവിക്കുന്നതായി വിമര്‍ശകന്മാര്‍ ചൂണ്ടിക്കാട്ടാറുണ്ട്. ആ ജീര്‍ണത നമ്മുടെ നാട്ടിലും സംഭവിച്ചു എന്നതിന്‍റെ തെളിവാണ് മാര്‍ക്സിസത്തിന്‍റെ ആണിക്കല്ലായ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. അദ്ദേഹമതിന് കാരണമായി പറയുന്നത്, അതിന് പാകമായ സാമൂഹിക വ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലന്നാണ്. ഭൗതികവാദത്തിന് അനുയോജ്യമായ ഒരു അവസ്ഥ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലന്ന് അദ്ദേഹം കണ്ടെത്തുകയാണ്. ഇ.എം. എസ്സ്നെപ്പോലുള്ള വലിയ മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ നേരത്തെ പറഞ്ഞുവച്ച നിലപാടുകളില്‍ നിന്നും തീര്‍ത്തും ഭിന്നമാണിത്. ഇ.എം. എസ്സ്. പറഞ്ഞത് ഭൗതിക സാഹചര്യം നിലനില്‍ക്കുന്നു എന്നു തന്നെയാണ്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും.

ഏബ്രഹാം മാത്യു