ക്രിസ്ത്യന്‍ നാടാര്‍ സംവരണാനുകൂല്യം പ്രാബല്യത്തില്‍

തിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍ സമുദായത്തിനു പി.എസ്. സി തെരഞ്ഞെടുപ്പുകളില്‍ സംവരണാനുകൂല്യം പ്രാബല്യത്തിലാക്കുന്നതിനു പി.എസ്. സി തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരി ആറുമുതലുള്ള വിജ്ഞാപനങ്ങള്‍ക്കു ക്രിസ്ത്യന്‍ നാടാര്‍ സംവരണാനുകൂല്യം ബാധകമായിരിക്കും.
2021 ഫെബ്രുവരി ആറിനു മുമ്പ് പ്രസിദ്ധപ്പെടുത്തിയതോ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതോ ആയ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ നിലവില്‍ ഏതു ഘട്ടത്തിലായാലും ഈ സംവരണാനുകൂല്യം ലഭിക്കില്ല. 2021 ഫെബ്രുവരി ആറിലെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ ഉത്തരവ് പ്രകാരമാണ് എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിലുള്ള നാടാര്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണാനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഫലത്തില്‍ 2021 ഫെബ്രുവരി ആറിനു ശേഷം പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ക്കായിരിക്കും സംവരണം ബാധകമാകുക.
ഹിന്ദു നാടാര്‍, എസ.്ഐ.യു.സി നാടാര്‍ എന്നീ വിഭാഗങ്ങള്‍ക്കു മാത്രമായിരുന്നു നാളിതുവരെ സംവരണം ഉണ്ടായിരുന്നത്.