വാര്‍ത്താ വെബ്സൈറ്റുകള്‍ ഉടമയുടെയും എഡിറ്റോറിയല്‍ തലവന്‍റെയും വിവരങ്ങള്‍ നല്‍കണം

ന്യൂഡല്‍ഹി: വാര്‍ത്താ വെബ്സൈറ്റുകളുടെ നടത്തിപ്പിന് ഉടമയുടെയും എഡിറ്റോറിയല്‍ തലവന്‍റെയും വിശദാംശങ്ങള്‍, ഓഫീസ് വിലാസം എന്നിവ കേന്ദ്ര സര്‍ക്കാരിന് രേഖാമൂലം സമര്‍പ്പിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം. രാജ്യത്തെ വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് പ്രവര്‍ത്തനച്ചട്ടവും അച്ചടക്ക സംഹിതയും കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി.
നിലവില്‍ വാര്‍ത്താ പോര്‍ട്ടലുകളുടെ പ്രാഥമിക വിവരങ്ങള്‍ പോലും സര്‍ക്കാരിന്‍റെ കൈവശമില്ല. മന്ത്രാലയം തയ്യാറാക്കിനല്‍കുന്ന നിര്‍ദ്ദിഷ്ട രേഖയില്‍ എല്ലാ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലുകളും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കണം. ഇതിനായി ഒരുമാസത്തെ കാലാവധിയാണ് നല്‍കുന്നതെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി.