അഹമ്മദാബാദ്: ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകള്‍ക്ക് വീടുകളിലും ദേവാലയങ്ങളിലും പൊതു സ്ഥലങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തുന്നതിനെതിരെ ഗുജറാത്ത് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേട്ടതിനുശേഷമേ വിധി പറയുകയുള്ളുവെന്നു വ്യക്തമാക്കി.
ഭുജിലെ സഹജാനന്ദ ഹോസ്റ്റലില്‍ ആര്‍ത്തവവിലക്ക് ലംഘിച്ച പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞവര്‍ഷം വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പൊതുപ്രവര്‍ത്തകരായ നിര്‍ജരി സിന്‍ഹയുടെയും ജര്‍ന പഠകിന്‍റെയും ഹര്‍ജിയില്‍ ജസ്റ്റീസ് ജെ.ബി. പാര്‍ഡിവാല, ജസ്റ്റീസ് ഐ.ജെ. വോറ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ഒമ്പത് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ബെഞ്ച് സര്‍ക്കാരുകളുടെ പരിഗണനക്ക് നിര്‍ദേശിച്ചത്.
വീട്ടിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ദേവാലയങ്ങളിലും ആര്‍ത്തവവിലക്ക് നിരോധിക്കണമെന്നതാണ് മുഖ്യ നിര്‍ദ്ദേശം. സ്ത്രീകള്‍ പഠിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന എല്ലായിടങ്ങളിലും നിയമം കര്‍ശനമായി നടപ്പാക്കണം. ആര്‍ത്തവ വിവേചനമില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇതിനായി പ്രചാരണത്തിന് പണം മാറ്റിവെക്കണം. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരെ ബോധവല്‍ക്കരിക്കണം- ഹൈക്കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടികള്‍ ഇപ്പോഴും ആര്‍ത്തവം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങളെക്കാള്‍ കുടുംബങ്ങളില്‍ നിന്നും മറ്റും രഹസ്യമായി പകര്‍ന്നുകിട്ടുന്ന ആചാരങ്ങളെയാണ് ആശ്രയിക്കുന്നത്. ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധരെന്ന് വിലയിരുത്താന്‍ സിഖിസം ഒഴികെയുള്ള മതങ്ങളിലെ പ്രമുഖരെ പ്രേരിപ്പിച്ചത് എന്തെന്ന് അറിയില്ല. പക്ഷെ പൊതുവായ ശുചിത്വശീലങ്ങള്‍ പാലിക്കുന്ന പക്ഷം ആര്‍ത്തവം മൂലം അശുദ്ധിയുണ്ടാകില്ല എന്നതാണ് ശാസ്ത്രീയ തത്ത്വം. രാജ്യത്ത് സ്കൂളുകളില്‍ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും ആര്‍ത്തവം സംബന്ധിച്ച അജ്ഞത കാരണമാകുന്നുണ്ട്. അറിവ് വികസിക്കുന്നതിന് അനുസരിച്ച് ഇവയില്‍ മാറ്റം വരേണ്ടതാണ്- കോടതി അഭിപ്രായപ്പെട്ടു.
അയിത്തം വിലക്കുന്ന ഭരണഘടനയുടെ 17-ാം വകുപ്പിന്‍റെ ലംഘനമായി ആര്‍ത്തവ വിവേചനത്തെയും കാണണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിവാദമുള്ള വിഷയമാകയാല്‍ എല്ലാ വശങ്ങളും കേട്ട ശേഷമേ തീര്‍പ്പിലെത്തുവെന്നും ഇപ്പോഴത്തേത് പ്രാഥമികമായ അഭിപ്രായങ്ങളായി കണ്ടാല്‍ മതിയെന്നും കോടതി പറഞ്ഞു.