നൂറോളം പേരെ അനാഥരായി സംസ്കരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരിതര വൃദ്ധസദനങ്ങളില്‍ മക്കളും അടുത്ത ബന്ധുക്കളും ഉപേക്ഷിച്ച പ്രായമായവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഉറ്റബന്ധുക്കള്‍ ഉണ്ടായിട്ടും ഏറ്റെടുക്കാതെ 95 പേരെ സംസ്കരിച്ചത് പൊതു ശ്മശാനത്തിലായിരുന്നു. സംസ്ഥാനത്തെ വൃദ്ധമന്ദിരങ്ങളില്‍ എത്തുന്ന പ്രായമായവരില്‍ 40 ശതമാനത്തിലധികം പേര്‍ക്കും കൂടെ നിര്‍ത്താന്‍ മാത്രം കെല്‍പ്പും സൗകര്യങ്ങളുമുള്ള അടുത്തബന്ധുക്കള്‍ ഉണ്ടെന്നറിയുന്നു.
സര്‍ക്കാര്‍, സര്‍ക്കാരിതര വൃദ്ധമന്ദിരങ്ങളില്‍ 20000-ത്തോളം പേരാണുള്ളത്. അതില്‍ 8000 പേരും മക്കള്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ ഉള്ളവരാണ്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം അനുശാസിക്കുന്ന 2007 -ലെ നിയമപ്രകാരം ഇവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇവര്‍ക്ക് വീടുകളിലേക്കുതന്നെ തിരിച്ചുപോകാമായിരുന്നു.
സ്വത്തുക്കള്‍ പൂര്‍ണ്ണമായും വീതം വെച്ചതുകൊണ്ടോ മറ്റു കുടുംബപ്രശ്നങ്ങള്‍ കൊണ്ടോ ആണ് പലര്‍ക്കും വീട് വിട്ടിറങ്ങേണ്ടിവരുന്നത്. മക്കളുള്ളവരില്‍ 60 ശതമാനം പേര്‍ക്കും സ്വന്തമായി സ്വത്തില്ല. അതില്‍ തന്നെ പലരും മക്കള്‍ക്ക് സ്വത്ത് മുഴുവനും വീതം വെച്ചു കൊടുത്തവരാണ്.
വൃദ്ധമന്ദിരത്തില്‍ എത്തിയവരെ തിരിച്ച് വീടുകളിലേക്കെത്തിക്കാനോ അര്‍ഹിക്കുന്ന ജീവനാംശം വാങ്ങിക്കൊടുക്കാനോ ഉള്ള ശ്രമങ്ങളും വേണ്ടത്ര നടക്കുന്നില്ല. തങ്ങള്‍ വീടുകളില്‍ നിന്ന് പുറന്തള്ളപ്പെട്ടവരാണെന്ന പരാതി പലപ്പോഴും പ്രായമായവര്‍ പറയാറില്ല. വൃദ്ധമന്ദിരങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ വീടുകളിലെയും ബന്ധുക്കളുടെയും സ്ഥിതി അവിടെ സന്ദര്‍ശിച്ച്, പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിയമം ഉണ്ടെങ്കിലും അത് വേണ്ടത്ര നടക്കുന്നില്ലെന്നാണ് ആക്ഷേപം. അതോടൊപ്പം തിരിച്ചയച്ചവരുടെ ജീവിതത്തെക്കുറിച്ചും അന്വേഷിക്കുന്നില്ല. കേരളത്തില്‍ ഇരുപത് സര്‍ക്കാര്‍ വൃദ്ധസദനങ്ങളും സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 600 വൃദ്ധസദനങ്ങളുമുണ്ട്.

2007 – ലെ വയോജന നിയമപ്രകാരം ഏതെങ്കിലും വൃദ്ധമാതാവിനെയോ പിതാവിനെയോ താത്കാലികമായി സംരക്ഷണകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ അവരെക്കുറിച്ചുള്ള വിവരം നേരിട്ട് ചെന്ന് മനസ്സിലാക്കി ജില്ലാ സാമൂഹിക നീതിവകുപ്പ് പ്രൊബേഷന്‍ ഓഫീസര്‍ക്ക് വൃദ്ധസദനം സൂപ്രണ്ട് കൈമാറണം. തുടര്‍ന്ന് കളക്ടര്‍ക്കും നല്‍കണം. അതനുസരിച്ച് പുനരധിവാസം സാധ്യമാക്കുകയും വേണം.