പെന്തെക്കോസ്തുകാരെ പ്രത്യേക ജനവിഭാഗമായി അംഗീകരിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

റാന്നി: ഡബ്ലൂ. എം. ഇ. ദേശിയ ചെയര്‍മാന്‍ പാസ്റ്റര്‍ ഒ.എം. രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച പെന്തെക്കോസ്തു സംഘം തങ്ങളെ പ്രത്യേക ജനവിഭാഗമായി അംഗീകരിച്ച് ഗവണ്‍മെന്‍റ് രേഖകളില്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് അംഗങ്ങളുള്ള പെന്തെക്കോസ്തു സഭകള്‍ക്ക് മറ്റു സഭകള്‍ക്കു നല്‍കുന്ന എല്ലാ പരിഗണനയും അവകാശങ്ങളും നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. പെന്തെക്കോസ്തിനെ പ്രത്യേക ജനവിഭാഗമായി ഗവണ്‍മെന്‍റ് അംഗീകരിക്കാത്തതിനാല്‍ ഗവണ്‍മെന്‍റ് തലത്തിലും പ്രാദേശിക ഭരണകൂടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ ഇടങ്ങളിലും പെന്തെക്കോസ്തു സഭാംഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ബോധിപ്പിച്ചു.
പെന്തെക്കോസ്തരില്‍ തൊണ്ണൂറുശതമാനവും നിര്‍ധനരാണ്. ഇവര്‍ വലിയ പള്ളികള്‍ ഉപയോഗിക്കുന്നവരല്ല. മൂന്ന് സെന്‍റു മുതലുള്ള ചെറിയ പ്ലോട്ടുകളില്‍ പ്രാര്‍ത്ഥനാലയം പണിത് ആരാധിക്കുന്നവരാണ് ഭൂരിപക്ഷം. എന്നാല്‍ അവ നിര്‍മ്മിക്കുന്നതിനും ആരാധന നടത്തുന്നതിനുമുള്ള ലൈസന്‍സ് ഇപ്പോള്‍ പ്രാദേശിക ഭരണകൂടം നല്‍കുന്നില്ല. പ്രാര്‍ത്ഥനാലയങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തി ആരാധനാവകാശം സംരക്ഷിക്കണമെന്നും സംഘം മുഖ്യമന്ത്രിയോടഭ്യര്‍ത്ഥിച്ചു. സമീപനാളുകളില്‍ പെന്തെക്കോസ്തു സെമിത്തേരികളുടെ സമീപം ചില ആളുകള്‍ വീടുകള്‍ വച്ച് ശവസംസ്കാരം തടസ്സപ്പെടുത്താനായി മനപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇത്തരം പ്രശനങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും പെന്തെക്കോസ്തര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
പാസ്റ്റര്‍ എം.പി. ജോര്‍ജുകുട്ടി, ജോണ്‍സണ്‍ കെ. ശാമുവേല്‍, കെ.സി. സണ്ണിക്കുട്ടി, ജോസ് ബേബി, എം.കെ. സുരേഷ്, സതീഷ് തങ്കച്ചന്‍, ജെറിന്‍ രാജുകുട്ടി, സജീവ് രാജന്‍ എന്നിവര്‍ റാന്നി എം.എല്‍.എ. രാജു ഏബ്രഹാമിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ടത്.