രാഷ്ട്രീയലാഭത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് ഓര്‍ത്തഡോക്സ് സഭ വര്‍ക്കിങ്ങ് കമ്മിറ്റി

കോട്ടയം: നിയമപരിഷ്കാര കമീഷന്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച ബില്ലിന്‍റെ കരടിലെ ഉള്ളടക്കത്തെക്കുറിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭ വര്‍ക്കിങ്ങ് കമ്മിറ്റിയോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുള്ള വെല്ലുവിളിയാണ്. സുപ്രീം കോടതി വിധി ന്യായങ്ങളുടെ അന്തഃസത്തക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള ശ്രമം രാഷ്ട്രീയലാഭത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് സംശയിക്കേണ്ടി വരും. വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായ മറ്റു മാര്‍ഗങ്ങളിലൂടെയും പ്രതിരോധിക്കും. രാജ്യത്തിന്‍റെ നിയമമാകുന്ന സുപ്രീംകോടതി വിധിക്ക് എതിരെ നിയമ നിര്‍മാണം നടത്താന്‍ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുത്.
ജനാധിപത്യപരമായ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തുന്ന സര്‍ക്കാര്‍ ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനാ സംവിധാനങ്ങളെയും മാനിച്ചുകൊണ്ട് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രം കര്‍ത്തവ്യ നിര്‍വഹണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി.
സഭാ മേലധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ മെത്രാപ്പോലീത്താമാരായ ഡോ. മാത്യുസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. അലക്സാണ്ടര്‍ എബ്രഹാം, വര്‍ക്കി ജോണ്‍, ജോര്‍ജ് മത്തായി നൂറല്‍, പ്രഫ. ജേക്കബ് കുര്യന്‍ ഓണാട്ട് എന്നിവര്‍ പങ്കെടുത്തു.