സഭാ തര്‍ക്കത്തില്‍ കരട് ബില്ല്; ഭൂരിപക്ഷം നോക്കി ഉടമസ്ഥാവകാശം

കോട്ടയം: മലങ്കരസഭാ തര്‍ക്കത്തില്‍ പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ റഫറണ്ടം അടക്കമുള്ള വ്യവസ്ഥകളുമായി സംസ്ഥാന നിയമപരിഷ്കരണ കമീഷന്‍റെ കരട് ബില്ല്. ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കമുണ്ടായാല്‍ ഭൂരിപക്ഷം നിര്‍ണയിച്ച് ദേവാലയങ്ങളുടെ ഉടമസ്ഥാവകാശം കൈമാറണമെന്നാണ് കരട് ബില്ലിലെ പ്രധാന നിര്‍ദേശം. അനുബന്ധ സ്വത്തുക്കള്‍ക്കും ഇത് ബാധകമായിരിക്കും. ഭൂരിപക്ഷം നിശ്ചയിക്കാന്‍ റഫറണ്ടം നടത്തണമെന്നും ജസ്റ്റീസ് കെ.ടി. തോമസിന്‍റെ അധ്യക്ഷതയില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ‘മലങ്കര സഭയിലെ ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കപരിഹാര ബിലി’ന്‍റെ കരടില്‍ വ്യക്തമാക്കുന്നു.
റഫറണ്ടം നടത്താന്‍ സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ അതോറിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കണം. ഇതില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ ഓരോ അംഗങ്ങള്‍ ഉണ്ടാകണം. സഭകള്‍ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ലെങ്കില്‍ സര്‍ക്കാരിന് നേരിട്ട് നിയമിക്കാം. അതോറിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും ബാധകമായിരിക്കും. ഉടമസ്ഥാവകാശം സംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ പള്ളിയില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന് കാണിച്ച് സഭാവിശ്വാസികള്‍ക്ക് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നല്‍കാം. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം റഫറണ്ടത്തിനായി പരാതി അതോറിറ്റിക്ക് കൈമാറണം.
റഫറണ്ടം കഴിയുന്നതുവരെ പള്ളികളില്‍നിന്ന് ആരെയും ഒഴിപ്പിക്കരുത്. തലയെണ്ണി ഭൂരിപക്ഷത്തെ നിശ്ചയിച്ചാലും എതിര്‍വിഭാഗത്തിന് പള്ളിയില്‍ തുടരുന്നതിന് തടസ്സം സൃഷ്ടിക്കാന്‍ പാടില്ല. പുതിയ പള്ളി നിര്‍മ്മിച്ച് ഇവര്‍ക്ക് അവിടേക്കു മാറാം. ഇങ്ങനെയുണ്ടാകുന്ന സാഹചര്യത്തില്‍ പുറത്തുപോകുന്നവര്‍ക്ക് പളളി നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം ഭൂരിപക്ഷവിഭാഗം നല്‍കണമെന്നും ബില്ലിലെ വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു.
2017ലെ സുപ്രീംകോടതി വിധിയനുസരിച്ച് 1934 ലെ സഭാഭരണഘടന പ്രകാരമാണ് പള്ളികളില്‍ ഭരണം നടക്കേണ്ടത്. എന്നാല്‍, സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടാത്ത രേഖ ആയതിനാല്‍ അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബില്ല് ചൂണ്ടിക്കാട്ടുന്നു. വിശ്വാസികള്‍ നല്‍കുന്ന പണവും സംഭാവനകളും കൊണ്ടാണ് പള്ളികളുടെ ആസ്തികളും സ്ഥലവും വാങ്ങിയത്. 2017 ലെ സുപ്രീംകോടതി വിധി ഗുരുതര ക്രമസമാധാന പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുകയാണെന്നും ബില്ലില്‍ പറയുന്നു.
സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് കരട് ബില്ലെന്ന് ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു. ബില്ലില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. നിയമപരിഷ്കരണ കമീഷന്‍ സ്വന്തം നിലയിലാണ് ബില്ല് തയാറാക്കിയതെന്ന് പറഞ്ഞ അദ്ദേഹം നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ കോടതിവിധി മറികടക്കാന്‍ കഴിയുവെന്ന് കോടതി വിധിയിലുണ്ടെന്നും വ്യക്തമാക്കി.
നേരത്തേ നിയമപരിഷ്കരണ കമീഷന്‍ നല്‍കിയ കരട് ബില്ലിന്‍റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ സെമിത്തേരി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. തര്‍ക്ക പരിഹാരത്തിന് കരട് ബില്ലിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഇനി ഓര്‍ഡിനന്‍സ് ഇറക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല.