സഭാതര്‍ക്കത്തില്‍ മധ്യസ്ഥരായി ആര്‍.എസ്.എസ്.

ആര്‍.എസ്.എസ്. സഹസര്‍ക്കാര്യവാഹ് മന്‍മോഹന്‍ വൈദ്യ

കൊച്ചി: നിങ്ങളുടെ നീതി ലോക നീതിയെ കവിയുന്നതാകണം എന്ന ബൈബിള്‍ പ്രബോധനം സഭാ തര്‍ക്കത്തില്‍ ഫലം കാണുമെന്ന് കരുതണ്ടന്ന് സഭാ തര്‍ക്കം സംബന്ധമായ പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നു. സഭാ തര്‍ക്കത്തില്‍ സംഘപരിവാര്‍ സംഘടനകള്‍പോലും ഇടപെട്ടുതുടങ്ങി. യാക്കോബായ – ഓര്‍ത്തഡോക്സ് സഭാപ്രതിനിധികളുമായി ആര്‍.എസ്.എസ്. സഹസര്‍ക്കാര്യവാഹ് മന്‍മോഹന്‍ വൈദ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എളമക്കരയിലെ ആര്‍.എസ്.എസ്. സംസ്ഥാന കാര്യാലയത്തിലായിരുന്നു ചര്‍ച്ച. സഭാതര്‍ക്കം പരിഹരിക്കാനാണ് ആര്‍.എസ്. എസ്. ദേശീയനേതൃത്വം ഇടപെട്ടത്.
നേരത്തേ ഇരു സഭനേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്ന നിലയിലാണ് ഇപ്പോള്‍ ഇരുവിഭാഗവുമായും ആര്‍.എസ്. എസ്. ചര്‍ച്ച നടത്തിയിരിക്കുന്നത്.
എളമക്കരയിലെ ആര്‍.എസ്.എസ്. ആസ്ഥാനത്ത് രാവിലെ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായും ഉച്ചയ്ക്കുശേഷം യാക്കോബായ പ്രതിനിധികളുമായുമാണ് ചര്‍ച്ച നടന്നത്. ഓര്‍ത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത, അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, മാനേജിങ് കമ്മിറ്റിയംഗം അഡ്വ. മാത്യൂസ് മാടത്തേത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
നാലരയോടെ യാക്കോബായ സഭാ മേത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തി. ആര്‍.എസ്.എസ്. സംസ്ഥാനനേതാക്കളായ എസ്.സേതുമാധവന്‍, എം.രാധാകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.