തിരക്കുപിടിച്ച ജീവിത യാത്രയില്‍ നഷ്ടപ്പെട്ടുപോയ ചിലതൊക്കെ നമുക്കുണ്ടാകാം. മുന്‍പിലെത്താനും പിടിച്ചടക്കാനും ഒക്കെയുള്ള ഓട്ടത്തിനിടയില്‍ ജീവിതത്തിന്‍റെ മൂല്യവത്തായ സ്വഭാവങ്ങള്‍ പലതും ചോര്‍ന്നുപോയത് നാം അറിഞ്ഞില്ലന്നുവരാം. എന്നാല്‍ ആ നഷ്ടപ്പെട്ട നന്മകള്‍ വീണ്ടെടുക്കുമ്പോഴാണ് ജീവിതം സാര്‍ത്ഥമാകുന്നത്.
എന്‍റേത് എന്‍റേത് എന്ന് പറഞ്ഞ് നമ്മള്‍ തട്ടിയെടുത്ത പലതും മറ്റൊരാളുടേതാകാം. അവരുടെ നൊമ്പര നിശ്വാസങ്ങള്‍ നമുക്ക് ശാപമായി മാറില്ലന്ന് ആരറിഞ്ഞു? സഹോദരന്‍റെ കാവല്‍ക്കാരനാകേണ്ട നാം സഹോദരനെ നിര്‍ദാക്ഷിണ്യം കൊന്നുകളയുമ്പോള്‍ ദൈവകോപത്തിന്‍റെ അഗ്നിയിലേക്കാണ് നാം വഴുതി വീഴുന്നതെന്ന കാര്യം മറക്കാതിരിക്കുക. നമ്മുടെ ഒരു വാക്കോ, നോട്ടമോ, പ്രവൃത്തിയോ മറ്റൊരാള്‍ക്ക് നൊമ്പരമാകാതെ ജാഗ്രത പാലിക്കാം.
-വി.എസ്സ്.