പ്രവാസികള്‍ ജാഗ്രതൈ! പുതിയ കെ.വൈ.സി. നിയമം

കൊച്ചി: ഇടപാടുകാര്‍ക്കു തിരിച്ചറിയല്‍ രേഖകള്‍ അറിയാനുള്ള കെ.വൈ.സി. (നോ യുവര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് തലവേദനയാകുന്നതായി പരാതി. ഇന്ത്യന്‍ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്ചല്‍ ഫണ്ടുകളിലും ഡെപ്പോസിറ്റ് സ്കീമുകളിലുമടക്കം നിക്ഷേപം നടത്തുന്നതിനും പുതിയ കെ.വൈ.സി. സംവിധാനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടത്രെ.
പുതിയ നിയമപ്രകാരം, രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് പ്രവാസികള്‍ അടക്കമുള്ള എല്ലാ നിക്ഷേപകരും തങ്ങളുടെ സ്ഥിര മേല്‍വിലാസം തെളിയിക്കുതിനുള്ള ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കണം. കള്ളപ്പണവും ബിനാമി ഇടപാടുകളും തടയുന്നതിനും അതുവഴി കണക്കില്‍പ്പെടാത്ത പണമൊഴുക്ക് നിയന്ത്രിക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പഴയ സംവിധാനം അനുസരിച്ച് ഓഹരി വ്യാപാരത്തിനും അലോട്ട്മെന്‍റിനും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിനുമെല്ലാം ബാങ്ക് സ്റ്റേറ്റ്മെന്‍റ്, പാസ്പോര്‍ട്ട് കോപ്പി, പാന്‍കാര്‍ഡ് കോപ്പി എന്നിവ ഐ.ഡി. പ്രൂഫായി സ്വീകരിച്ചിരുന്നു. എന്നാല്‍, പുതിയ നിബന്ധന അനുസരിച്ച് ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ ലെറ്റര്‍, പുതിയ ടെലിഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍, ഗ്യാസ് ബില്‍ തുടങ്ങിയവ മാത്രമാണ് മേല്‍വിലാസം തെളിയിക്കുവാനുള്ള ഔദ്യോഗിക രേഖകളായി കണക്കാക്കുന്നത്. മാത്രമല്ല, ആതിഥേയ രാജ്യങ്ങളില്‍ നിന്നുള്ള ടെലിഫോണ്‍, വൈദ്യുതി, ഗ്യാസ് ബില്ലുകളോ ബാങ്ക് സ്റ്റേറ്റ്മെന്‍റുകളോ മാത്രമേ നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കാനും കഴിയുകയുള്ളു. പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി ചില ബാങ്കുകളും നിക്ഷേപ കേന്ദ്രങ്ങളും ഇത്തരത്തില്‍ നിക്ഷേപകരുടെ അപേക്ഷകള്‍ നിരസിക്കുന്നതായാണ് വിവരം.