ക്ലേശങ്ങളേ, സ്വാഗതം!

ചിത്രത്തിന് യുവര്‍സ്റ്റോറിഡോട്ട്കോമിനോട് കടപ്പാട്

ഒന്നിനു പിറകെ ഒന്നായി കഷ്ടവും നഷ്ടവും ഉണ്ടാകുമ്പോള്‍ ജീവിതത്തോട് മടുപ്പു തോന്നുക സ്വാഭാവികമാണ്. സഹിക്കാനാവാത്ത പരീക്ഷണങ്ങളിലൂടെ ജീവി തം തള്ളി നീക്കുമ്പോള്‍ ഒരിക്കലെങ്കിലും നാം പറഞ്ഞുപോകും “ഇതെല്ലാം എന്നാണാവോ ഒന്നു തീരുക” എന്ന്. ദൈവഭക്തരും നീതിമാന്‍മാരുമായ ആളുകള്‍ക്ക് ഭീകരമായ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്. ദൈവനിഷേധികളും ക്രൂരന്‍ മാരുമായ വ്യക്തികള്‍ സമ്പല്‍ സമൃദ്ധമായ ജീവിത സാഹചര്യങ്ങള്‍ അനുഭവിക്കാറുണ്ട്. ദൈവവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ ‘ഐശ്യര്യവും’ വളര്‍ച്ചയും നമ്മെ അതിശയിപ്പിക്കാം. എന്നാല്‍ ക്ഷണപ്രഭാ ചഞ്ചല മായ ജീവിതത്തിന്‍റെ അര്‍ത്ഥം അറിയാതുള്ള യാത്രകള്‍ പരാജയത്തിലേക്കുള്ള പടുകുഴികളാണെന്ന് മറക്കരുത്.
ദൈവത്തെ അറിഞ്ഞ്, മനുഷ്യര്‍ക്കും ദൈവത്തിനും കൊള്ളാവുന്നവരായി ജീവിക്കുന്നവര്‍ക്ക് എപ്പോഴും നന്മ മാത്രമേ ഉണ്ടാകൂ എന്ന ചിന്താഗതിയോട് യോജിക്കാനാവുന്നില്ല. ക്രിസ്തീയ ജീവിതം എല്ലാ ശാപങ്ങളും നീങ്ങിയതും, അനുഗ്രഹത്തിന്‍റെ പൂമെത്തയിലുള്ള ഉറക്കം പ്രദാനം ചെയ്യുന്നതുമാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. ക്രിസ്തു നമ്മുടെ ശാപവും പാപവും എല്ലാം നീക്കുവാന്‍ കാല്‍വറിയില്‍ ബലിയായി തീര്‍ന്നതില്‍ അഭിമാനിക്കുന്നവരാണ് നാം. പൂര്‍വ്വികരുടെ പാപഭാരം പിന്‍തലമുറയിലേക്ക് നീളുമെന്നു വിശ്വസിക്കുന്നവരുണ്ട്. അപ്പോള്‍ തന്നെ നാം രക്ഷിക്കപ്പെടുമ്പോള്‍ എല്ലാ ശാപവും നീങ്ങുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്ന വിവാദമാണിത്.
ദൈവമക്കള്‍ക്ക് അസുഖകരമായ ജീവിതാനുഭവങ്ങള്‍ ഉണ്ടാകില്ലന്ന പ്രചരണം സാത്താന്‍റെ കെണിയാണെന്നു പറയാതിരിക്കാന്‍ തരമില്ല. ക്ലേശരഹിതമായ ജീവിത സാഹചര്യം വാഗ്ദാനം ചെയ്തുള്ള “രക്ഷിക്കപ്പെടുത്തല്‍” ക്രിസ്ത്യാനിത്വത്തിനു ശാപമാണ്. ക്രിസ്തുവിന്‍റെ നല്ല ഭടനായി നീയും എന്നോടു കൂടി കഷ്ടം സഹിക്കാനാണ്. പൗലൊസ് തിമൊഥിയോസിനോടാവശ്യപ്പെടുന്നത്. ഒരുവന്‍ തന്‍റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നത്താന്‍ ത്യജിച്ച് ക്രൂശെടുത്ത് തന്നെ അനുഗമിക്കാനാണ് കര്‍ത്താവ് ആഹ്വാനം ചെയ്തത്. കലവറ കൂടാതുള്ള അനുഗ്രഹങ്ങളുടെ കവിഞ്ഞൊഴുക്കാണ് ക്രിസ്തീയ ജീവിതമെന്നു തെറ്റിദ്ധരിപ്പിച്ച് സുവിശേഷ യോഗങ്ങളില്‍ പ്രസംഗിക്കുന്നവര്‍ ക്രിസ്ത്യാനിത്വത്തിന് പുതുഭാഷ്യം ചമയ്ക്കുകയാണ്. ഒരു പക്ഷേ ഇത്തരമാളുകളുടെ യോഗങ്ങള്‍ക്ക് വന്‍ ജനാവലി ഉണ്ടാകാം. സമൃദ്ധമായ ജീവിതത്തിന്‍റെ മൂഢ സ്വര്‍ഗ്ഗത്തില്‍ എത്തുന്ന ഈ ശുദ്ധാത്മാക്കള്‍ വഞ്ചിക്കപ്പെടുകയാണ്.
സുഖവും ദു:ഖവും ഒരുപോലെ ഇഴചേര്‍ന്നതാണ് മനുഷ്യ ജീവിതം. നാണയത്തിന്‍റെ ഇരുവശങ്ങള്‍ പോലാണ് സുഖവും ദു:ഖവും. ഒന്നില്ലാത് മറ്റൊന്നില്ല. നമ്മുടെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ സുഖത്തെക്കാള്‍ ഏറെ പങ്കുവഹിക്കുന്നത് ദു:ഖമാണ്. മഹാന്‍മാരായ ഏതൊരാളിന്‍റെയും ജീവിത കഥകളില്‍ സുഖത്തെക്കാള്‍ കൂടുതല്‍ വളര്‍ന്നു നില്‍ക്കുന്നത് ദു:ഖഭാവമാണ്. പ്രശസ്തമായ നേട്ടങ്ങളുടെ എല്ലാം പിന്നില്‍ ക്ലേശപൂര്‍ണ്ണമായ ഒരു പൂര്‍വ്വ ചരിത്രം ഒളിച്ചിരിപ്പുണ്ടാകാം.
വേദനാപൂര്‍ണ്ണമായ ജീവിത കഥകള്‍ ഓര്‍മ്മിക്കാന്‍ പോലും പലര്‍ക്കും ഇഷ്ടമില്ല. ഒരു തരം ഭയപ്പാടോടാണ് പലരും ദു:ഖസ്മൃതികള്‍ അയവിറക്കുന്നത്. എന്നാല്‍ വിജയത്തിന്‍റെ മൂശയായി അവ നമ്മുടെ ജീവിതത്തില്‍ ദൈവം അനുവദിച്ചതാണെന്ന് തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്‍റെ പുതുമാനങ്ങള്‍ നാം കണ്ടെത്തുന്നത്.
നാം സഹിച്ച ക്ലേശങ്ങള്‍ക്കും, മാനസികനൊമ്പരങ്ങള്‍ക്കുമെല്ലാം നന്മയുടെ നിറഞ്ഞൊഴുക്ക് ഉണ്ടാകും. എന്നാല്‍ തിന്മയുടെ ഇരുണ്ട വഴിത്താരകളില്‍ എല്ലാം സഹിക്കാനുള്ള മനസൊരുക്കമാണ് ആവശ്യം. ദൈവവുമായി നല്ല ബന്ധമുള്ളപ്പോള്‍ തന്നെ ക്ലേശകരമായ ജീവിത സാഹചര്യങ്ങള്‍ നേരിടേണ്ടി വരാം. അവയിലൊന്നും പതറാത്, എല്ലാം നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്ന ദൈവകരങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയാണ് വേണ്ടത്. ദൈവം അനുവദിക്കുന്ന ക്ലേശകരമായ ജീവിതം പിറുപിറുപ്പു കൂടാതെ സ്വീകരിക്കാന്‍ തയ്യാറാകുമ്പോഴാണ് നമ്മിലെ ദൈവിക സ്വഭാവം പുഷ്ടിപ്പെടുന്നത്.