തിന്മയുടെ സൗന്ദര്യം;
കോവിഡ്കാല രചനകള്‍

ചാള്‍സ് ബോദ്ലേയര്‍
ഷേക്സ്പിയര്‍

പി.എസ്. ചെറിയാന്‍
ഫ്രഞ്ച് കവി ചാള്‍സ് ബോദ്ലേയറുടെ (1821- 1867) ഇരുനൂറാം ജന്മവാര്‍ഷികമായിരുന്നു 2021 ഏപ്രില്‍ 9 ന്. 1821ല്‍ ഫ്രാന്‍സിലെ പാരീസില്‍ ജനിച്ച ബോദ്ലേയര്‍ വിശ്വപ്രസിദ്ധ കവിയും കലാനിരൂപകനും ദാര്‍ശനികനുമായിരുന്നു. ‘തിന്മയുടെ പൂക്കള്‍’ ആണ് പ്രസിദ്ധ കൃതി.
പ്രതിഭാശാലി ആയിരുന്നെങ്കിലും വിക്ടര്‍ ഹ്യൂഗോയെപ്പോലെയോ എഡ്ഗാര്‍ അലന്‍ പോയെപ്പോലെയോ ജീവിതത്തിന്‍റെ ലാവണ്യം ഉള്‍ക്കൊ ള്ളാന്‍ കഴിയാതെ തിന്മയുടെ സൗന്ദര്യം ആവിഷ്കരിക്കാനാണ് ബോദ്ലേയര്‍ ശ്രമിച്ചത്.
പ്രകോപനപരവും പരിഹാസ്യവുമായ രചനകള്‍ പാരീസില്‍ നിരോധിക്കപ്പെടുകയുമുണ്ടായി. Always be a poet, even in prose’ എന്ന രചനയുടെ കാവ്യാത്മാവ് സ്വീകരിച്ച കവി പക്ഷേ, തിരസ്കാരത്തിന്‍റെയും ഏകാന്തതയുടെയും വിഷാദം പേറിയാണു ജീവിച്ചത്. 24-ാം വയസ്സില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. അതില്‍നിന്നു രക്ഷപെട്ട അദ്ദേഹം 22 വര്‍ഷംകൂടെ ജീവിച്ചു. അച്ചടക്കമില്ലാത്ത ജീവിതക്രമം നിരാശയിലേക്കും രോഗത്തിലേക്കും നയിച്ചു. തളര്‍വാതം പിടിപെട്ട് 1867 ല്‍ മരിച്ചു.
കുടുംബത്തില്‍ തിരസ്കരിക്കപ്പെട്ടും പ്രവാസിയായി അലഞ്ഞും ജീവിതാഭിനിവേശങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത മനുഷ്യബന്ധങ്ങളിലൂടെ സ്വന്തം ഗൃഹാതുരത്വം ആവിഷ്കരിക്കാനാണ് ബോ ദ്ലേയര്‍ ശ്രമിച്ചത്. മനപ്പൂര്‍വ്വം പരാജയപ്പെട്ട വ്യക്തിയായിട്ടാണ് സാര്‍ത് ബോദ്ലേയറെ വിശേഷിപ്പിക്കുന്നത്. മറ്റൊരു വ്യക്തിത്വത്തിനുവേണ്ടിയുള്ള ശ്രമത്തില്‍ അസ്തിത്വപരമായ തീരുമാനമായിരുന്നു അത്. ബോദ്ലേയറിന്‍റെ അന്വേഷണങ്ങള്‍ ക്രിസ്തീയതയില്‍ എ ത്താതെ പാകമാകാത്ത വിശ്വാസത്തില്‍ ശേഷിച്ചു. അതുകൊ ണ്ട് നന്മയെയും തിന്മയെയും പറ്റി ബോധ്യമുണ്ടായിട്ടും തിന്മയുടെ സൗന്ദര്യവല്‍ക്കരണത്തിനാണ് ബോദ്ലേയര്‍ ഊന്നല്‍ കൊടുത്തത്.
മഹാമാരിയുടെ
സാഹിത്യവഴികള്‍

കോവിഡിന്‍റെ കാലത്ത് ആശങ്കകള്‍ ഏറുമ്പോള്‍ ശക്തമായ ചില രചനകള്‍ ഉണ്ടായിരിക്കുന്നു. ‘ലെറ്റ് അസ് ഡ്രീം’ , ‘ക്രൈസ്റ്റ് ഇന്‍ ദ സ്റ്റോം’ , എന്നീ രണ്ടു കൃതികള്‍ ഫ്രാന്‍സിസ് മാര്‍ പാപ്പയുടേതാണ്. മനുഷ്യാവകാശലംഘനങ്ങളെയും സാമ്പത്തിക അസന്തുലിതാവസ്ഥയെയും വിമര്‍ ശിക്കുന്ന മാര്‍പാപ്പ മഹാമാരിയിലും കോവിഡാനന്തര കാലത്തും സമാധാനപരമായി ജീവിക്കുവാന്‍ കരുത്തുപകരുന്ന പ്രത്യാശയുടെ സന്ദേശം പങ്കുവയ്ക്കുന്നു.
പാശ്ചാത്യലോകത്ത് ജോണ്‍സി ലിന്നോക്സിന്‍റെ ‘Where is God in a Coronavirus World?”; ജോണ്‍പൈപ്പറിന്‍റെ”Coronavirus and Christ;’;’ ആഗ്ലിക്കന്‍ റിട്ട. ബിഷപ്പ് എന്‍.ടി. വ്റൈറ്റിന്‍റെ ‘God and the Pandemic;’ റേച്ചല്‍ ജോണ്‍സിന്‍റെ ‘Five things to pray in a Global Crisis’-;; വാള്‍ട്ടര്‍ ബ്രൂഗ്മാന്‍റെ ‘Virus as a Summons to faith’;’; സാമുവല്‍ റോഡ്റിഗെസ് എഴുതിയ ‘From survive to thrive’ എന്നിവ കോവിഡ് കാലത്തെ ശ്രദ്ധേയ രചനകളാണ്.
കോവിഡ് ദൈവശിക്ഷയോ? കോവിഡ് ദുരന്തത്തില്‍ ദൈവം എവിടെയാണ്? മതത്തിനും ദൈവത്തിനും ഇനി പ്രസക്തി ഇല്ലേ? വിശ്വാസം അര്‍ത്ഥശൂന്യമാണോ? ഇത്യാദി ചോദ്യങ്ങള്‍ക്ക് അര്‍ഥവത്തായ മറുപടി നല്‍കി ആശയപരമായ പ്രതിരോധം തീര്‍ക്കാന്‍ ഈ പുസ്തകങ്ങള്‍ക്കു കഴിയുന്നുണ്ട്.
മഹാമാരിയുടെ കാലം ആധുനിക തലമുറയ്ക്ക് പരിചിതമല്ല. എന്നാല്‍ ചരിത്രം അടയാളപ്പെടുത്തുന്ന നിരവധി ദുരന്തങ്ങളുണ്ട്. അവയൊക്കെ മനുഷ്യന്‍ അതിജീവിച്ചു. ആ അതിജീവനത്തിന്‍റെ കഥ, ആല്‍ബര്‍ട്ട് കമ്യുവിന്‍റെ ‘The plegue” എന്ന നോവലിലും ഗബ്രിയേല്‍ ഗ്രാസിയ മാര്‍ക്വസിന്‍റെ ‘Love in the time of cholera’ എന്ന കൃതിയിലും ഷുസേസാരമാഗോയുടെ ‘Blindness’ ലും മേരിഷെല്ലിയുടെ ‘The Last man’ ലും എഡ്ഗാര്‍ അലന്‍ പോയുടെ ‘The Mosque of the Red Death” എന്ന കൃതിയിലുമൊക്കെ കണ്ടെത്താം. പെങ് ഷെപ്പേര്‍ഡിന്‍റെ ‘”The book of M’ എന്ന കൃതിയും ഓര്‍മ്മകള്‍ നഷ്ടമാകുന്ന രോഗബാധിതരുടെ കഥ പറയുന്നുണ്ട്. നിരാശയല്ല അതിജീവനത്തിനുള്ള ജാഗ്രതയും കരുത്തുമാണ് മഹാവ്യാധിയുടെ കാലത്ത് നമുക്കാവശ്യമെന്ന് ഈ കൃതികള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ലോകപുസ്തകദിനം
ഏപ്രില്‍ 23 ലോക പുസ്തക ദിനമാണ്. വിശ്വസാഹിത്യകാരന്‍ ഷേക്സ്പിയറുടെ ചരമദിനമാണത്. 1995ലാണ് യുനെസ്കോ വായന പ്രോത്സാഹിപ്പിക്കുവാനും പകര്‍പ്പവകാശം സംരക്ഷിക്കപ്പെടുവാനും ഈ ദിനം ലോകപുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്.
നവമാധ്യമങ്ങളുടെ വരവ് ഡിജിറ്റല്‍ യുഗത്തിലേക്ക് മനുഷ്യനെ നയിച്ചപ്പോഴും പത്രങ്ങളും പുസ്തകങ്ങളും പ്രചാ രം നേടുന്നു. കോവിഡ്കാലത്ത് പുസ്തക രചനയും പുസ്തകവായനയും കുറഞ്ഞിട്ടില്ല. വിപണനമാന്ദ്യം സംഭവിച്ചിട്ടുണ്ടെങ്കിലും വായിക്കുന്നവര്‍ കൂടുതലായിട്ടുണ്ട്.
അച്ചടിവ്യവസായം 2019 ല്‍ ഇന്ത്യയില്‍ 296 ബില്യന്‍ രൂപയുടേതായിരുന്നു. 2022ല്‍ അത് 370 ബില്യനാകും എന്നാണ് വളര്‍ച്ചാനിരക്കു സൂചിപ്പിക്കുന്നത്. എന്നാല്‍ പുതിയ തലമുറയിലെ അഭ്യസ്തവിദ്യര്‍പോലും വായനയില്‍ വിമുഖതയുള്ളവരാണ്. പത്രവും പാഠപുസ്തകവുംപോലും വായിക്കാതെ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കണ്ണും നട്ടിരിക്കുന്നു. സോഷ്യല്‍മീഡിയയിലെ ദൃശ്യവിസ്മയങ്ങളാണ് പുസ്തകങ്ങളെക്കാള്‍ പ്രീയം.
ഒരു പുതിയ വായനാ സംസ്കാരത്തിന് നാം ശ്രമിക്കേണ്ടതുണ്ട്. വായനയിലൂടെ ലഭിക്കുന്ന ഭാഷാ ജ്ഞാനവും മൂല്യബോധവും വ്യക്തിത്വത്തെ ക്രിയാത്മകമാക്കും. ആധുനിക വിനിമയ മാര്‍ഗങ്ങളെ ഉള്‍ ക്കൊണ്ടും വായനയെ പ്രോ ത്സാഹിപ്പിച്ചും ഒരു ജീവിത ക്രമം രൂപപ്പെടണം. പുസ്തകദിനാചരണത്തിലൂടെ അതാണ് ലക്ഷ്യമിടുന്നതും.