
കുഞ്ഞുമോന്‍ തോട്ടപ്പള്ളി
ചോദ്യം 1. യേശു മനുഷ്യാവതാരം ചെയ്തപ്പോള്‍ ദൈവം അല്ലാതായിത്തീരുകയായിരൂന്നോ?
ഉത്തരം: അല്ല. തന്‍റെ ദൈവത്വം ഒരു മനുഷ്യത്വത്തില്‍ ഒതുക്കുകയായിരുന്നു. ഒരു ശരീരത്തില്‍ സമ്പൂര്‍ണ്ണ ദൈവ ത്വവും മനുഷ്യത്വവും അതായിരുന്നു യേശുക്രിസ്തു.
ചോദ്യം 2. എങ്കില്‍ യേശു മരിച്ചപ്പോള്‍ ദൈവമേ എന്നു വിളിച്ചു പ്രാര്‍ത്ഥിച്ചതാരോടാണ് ?
ഉത്തരം: യേശു മരിച്ചപ്പോള്‍ മാത്രമല്ല ജീവിച്ചിരുന്നപ്പോള്‍ പലപ്പോഴും പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതു പിതാവായ ദൈവത്തോടാണ്. ഏകദൈവത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ 3 വ്യക്തിത്വങ്ങള്‍ ഉണ്ട്. പിതാവ് ദൈവം, പുത്രന്‍ ദൈവം, ആത്മാവ് ദൈവം. എന്നാല്‍ 3 ദൈവങ്ങളില്ല. മൂന്ന് വ്യക്തിത്വങ്ങളുള്ള ഏക ദൈവമാണ്. അതാണ് ദൈവത്തെ സംബന്ധിച്ച് ബൈബിളിലൂടെ ദൈവം തന്നെ വെളിപ്പെടുത്തിത്തന്നിരിക്കുന്നത്.
ചോദ്യം 3. പുത്രനായ ദൈവം പിതാവായ ദൈവത്തെ ദൈവമേ എന്ന് വിളിച്ച് പ്രാര്‍ത്ഥിച്ചിട്ടില്ലേ? അതു പുത്രന്‍റെയും പിതാവ് ആയതുകൊണ്ടല്ലേ? ഒരാള്‍ക്ക് പിതൃത്വവും മറ്റെയാള്‍ക്ക് പുത്രത്വവുമല്ലേ? ഉള്ളത്. അതുകൊണ്ടവര്‍ക്കെങ്ങനെ ഒരുപോലെ ദൈവത്വം ഉണ്ടായിരിക്കും?
ഉത്തരം: പുത്രന്‍ പിതാവിനെ ദൈവം എന്നു വിളിച്ചിട്ടുള്ളതുപോലെ പിതാവ് പുത്രനെയും ദൈവം എന്നു വിളിച്ചിട്ടുള്ളതായി കാണാം. പരിശുദ്ധാത്മാവ് ദൈവമാണെന്നു വ്യക്തമായ രേഖ ഉണ്ടുതാനും. ഒരേ നിലയില്‍ ദൈവത്വമുള്ള മൂന്ന് ആളത്വങ്ങളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. അവരുടെ ദൈവത്വത്തിന് വ്യത്യാസം ഉണ്ടായിരുന്നെങ്കില്‍ മൂന്ന് ദൈവങ്ങള്‍ ആകുമായിരുന്നു. ഒരേ ദൈവത്വവും ശക്തിയും ആയതുകൊണ്ടാണ് ഏക ദൈവത്തിലെ 3 ആളത്വങ്ങളായിരിക്കുന്നത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ പേരുകള്‍ നമുക്ക് മനസ്സിലാക്കാവുന്ന പദപ്രയോഗങ്ങള്‍ എന്നേയുള്ളൂ. സ്നേഹത്തോടും കരുതലിനോടും ബന്ധപ്പെട്ടപേരാണ് പിതാവ് എന്നുള്ളത്. അനുസരണത്തോടും ശുശ്രൂഷയോടും ബന്ധപ്പെട്ടപേരാണ് പുത്രന്‍ എന്നുള്ളത്. പരിശുദ്ധിയോടും അദൃശ്യാവസ്ഥയോടും ബന്ധപ്പെട്ട പേരാണ് പരിശുദ്ധാത്മാവ് എന്നുള്ളത്. മനുഷ്യരക്ഷയ്ക്കായി മനുഷ്യപുത്രനായി ജനിക്കുവാന്‍ ക്രിസ്തു തയ്യാറായതുകൊണ്ടാണ് ദൈവപുത്രന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. യേശുക്രിസ്തുവിന് ജാതന്‍, ഏകജാതന്‍, ആദിജാതന്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഉണ്ട്. പുറപ്പെട്ടു പോന്നവന്‍ എന്ന അര്‍ത്ഥമാണ് ജാതന്‍ എന്നതിനുള്ളത്. ഏകജാതന്‍ എന്നുള്ളത് സ്നേഹാധിക്യത്തിന്‍റെ പാത്രം എന്ന അര്‍ത്ഥത്തിലും ആദ്യജാതന്‍ എന്നുള്ളത് യിസ്രായേലിലെ ആദ്യ ജാതന്മാര്‍ക്ക് പൗരോഹിത്യം, രാജത്വം, പ്രഭുത്വം, ഇരട്ടിസ്വത്ത്, വിശേഷവസ്ത്രം തുടങ്ങിയ പദവികള്‍ ഉള്ളതുപോലെ പദവിയെയും അധികാരത്തെയും കാണിക്കുന്ന അര്‍ത്ഥത്തിലുമാണുപയോഗിച്ചിരിക്കുന്നത്.
ചോദ്യം 4. ക്രിസ്തു ഭൂമിയിലായിരുന്നപ്പോള്‍ വളര്‍ന്നു, വിശന്നു, ദാഹിച്ചു, ക്ഷീണിച്ചു, കരഞ്ഞു, ഉറങ്ങി, പ്രാര്‍ത്ഥിച്ചു, കഴിച്ചു. ഇതെങ്ങനെ തന്‍റെ ദൈവത്വത്തോടു പൊരുത്തപ്പെടും?
ഉത്തരം: ദൈവമായിരുന്ന ക്രിസ്തു തന്‍റെ ദൈവത്വം ഒരു മനുഷ്യത്വത്തില്‍ ഒതുക്കിക്കൊണ്ടാണ് ജാതനായത്. മനുഷ്യത്വത്തിലാണ് ക്രിസ്തു വളര്‍ന്നതും, കഴിച്ചതും, ദാഹിച്ചതും, വിശന്നതും, കരഞ്ഞതും, പ്രാര്‍ത്ഥിച്ചതും എല്ലാം. എന്നാല്‍ ദൈവത്വം വെളിപ്പെടുത്തിയ ഘട്ടങ്ങളില്‍ വെള്ളത്തെ വീഞ്ഞാക്കി, രോഗികള്‍ക്കും ക്ഷീണിതര്‍ക്കും സൗഖ്യം നല്‍കി, വിശന്നവര്‍ക്ക് അപ്പം നല്‍കി, കാറ്റിനെയും കടലിനെയും നിയന്ത്രിച്ചു, വെള്ളത്തിന്‍ മീതെ നടന്നു, ഭൂതങ്ങളെ വാക്കിനാല്‍ പുറത്താക്കി. അധികാരത്തോടെ ഉപദേശിച്ചു, ശാസിച്ചു, പാപികള്‍ക്ക് പാപമോചനം നല്‍കി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തന്‍റെ സര്‍വ്വജ്ഞാനവും സര്‍വ്വശക്തിയും ദൈവത്തിനുമാത്രമുള്ള എല്ലാ ഗുണവിശേഷങ്ങളും വെളിപ്പെടുത്തി മരിച്ചവരെ ഉയിര്‍പ്പിച്ചു. താന്‍ തന്നെ മരിച്ചിട്ട് ഉ യിര്‍ത്തെഴുന്നേറ്റു. ക്രിസ്തു സമ്പൂ ര്‍ണ്ണ ദൈവവും സമ്പൂര്‍ണ്ണ മനുഷ്യനുമായിരുന്നു. മനുഷ്യന്‍ മാത്രം ആയിരുന്നില്ല. ദൈവവും ആയിരുന്നു. ദൈവം മാത്രം ആയിരുന്നില്ല, മനുഷ്യനും ആയിരുന്നു.
