
കുഞ്ഞുമോന്‍ തോട്ടപ്പള്ളി
ചോദ്യം. 1 തന്‍റെ അടുക്കല്‍ വന്ന ഒരാളോട് ക്രിസ്തു അയാള്‍ വസ്തുവക വിറ്റ് ദരിദ്രര്‍ക്ക് കൊടുത്താലെ സ്വര്‍ഗ്ഗത്തില്‍ പോകുകയുള്ളു എന്ന് പറഞ്ഞില്ലെ? അതു കൊണ്ട് ഇന്നത്തെ പണക്കാരായ ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ സാദ്ധ്യത ഇല്ലെന്നല്ലെ മനസ്സിലാക്കേണ്ടത്?
ഉത്തരം യെഹൂദന്മാരുടെ 10 കല്‍പനകളാകുന്ന ന്യായപ്രമാണം ആചരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ കഴിയും എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു അയാള്‍. അയാള്‍ ക്രിസ്തുവിന്‍റെ ദൈവത്വം വിശ്വസിച്ചിരുന്നില്ല. ക്രിസ്തു എന്തുത്തരം പറയും എന്നറിയുവാന്‍ ക്രിസ്തുവിനെ പരീക്ഷിക്കുവാനാണ് അയാള്‍ വന്നത്. അതായത് ന്യായപ്രമാണാചരണത്തിന് എതിരായിട്ടാണ് ക്രിസ്തു സംസാരിക്കുന്നതെങ്കില്‍ ക്രിസ്തു ഒരു പ്രവാചകനല്ല എന്ന് വിധിക്കുക. അതായിരുന്നു അയാളുടെ ആഗമനോദ്ദേശം. അയാളുടെ മനോഭാവം ഗ്രഹിച്ച ക്രിസ്തു മറുപടിപറഞ്ഞു: നീ കല്‍പന ആചരിക്കുക. അയാള്‍ക്കു തൃപ്തിയായി. ഞാന്‍ എല്ലാം ആചരിക്കുന്നുണ്ടെന്നു പറഞ്ഞ അയാളോട് നീ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ പോകുംഎന്ന് ക്രിസ്തു പറയും എന്നയാള്‍ ധരിച്ചു. ആ കപടഭക്തിക്കാരനെ ആത്മീയമായ അതിപ്രധാനമായ ഒരു സത്യം ഗ്രഹിപ്പിക്കുവാനാണ് ആദ്യം ക്രിസ്തു അവന്‍റെ ചിന്താഗതിക്കനുകൂലമായി കല്‍പന ആചരിക്കുവാന്‍ പറഞ്ഞത്. അത് സത്യമായ വഴിയുമാണ്. അതില്‍ വ്യാജമില്ല. ആരെങ്കിലും ന്യായപ്രമാണമാകുന്ന 10 കല്‍പനകള്‍ അതിന്‍റെ അര്‍ത്ഥത്തിലും, ഉദ്ദേശത്തിലും അനുസരിക്കുന്ന പക്ഷം അവന്‍ സ്വര്‍ഗ്ഗത്തിലെത്തുകയും ചെയ്യും. എന്നാല്‍ ലോകചരിത്രത്തിലാര്‍ക്കും ന്യായപ്രമാണം പൂര്‍ണ്ണമായി അനുസരിക്കാനോ അതിന്‍റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗത്തിലെത്തുവാനോ കഴിഞ്ഞിട്ടില്ല. ന്യായപ്രമാണത്താല്‍ പാപം എന്തൊക്കെയാണെന്നും അതിന്‍റെ ഗൗരവം എത്രയാണെന്നും പ്രമാണങ്ങള്‍ പാലിക്കാന്‍ കഴിയാത്തവിധം മനുഷ്യന്‍ എത്ര പാപിയാണെന്നും ബോധ്യമാക്കാനെ കഴിഞ്ഞിട്ടുള്ളു. ഒരു രക്ഷിതാവ് ആവശ്യമാണെന്ന ബോധം യെഹൂദന്മാര്‍ക്കു നല്‍കിയത് ന്യായപ്രമാണമാണ്. കര്‍ത്താവിന്‍റെ അടുക്കലെത്തിയ പ്രസ്തുത യഹൂദനും കല്‍പന ശരിയായി ആചരിക്കുന്നില്ലെന്നും അത് ശരിയായി ആചരിക്കുവാന്‍ കഴിയാത്തവിധം അവന്‍ ബലഹീനനും പാപിയും ആണെന്നും അവനെ ബോദ്ധ്യപ്പെടുത്തുവാന്‍ കര്‍ത്താവു രണ്ടാമതു പറഞ്ഞു; നിന്‍റെ വസ്തുവക വിറ്റു ദരിദ്രര്‍ക്കുകൊടുക്കുക. 10 കല്‍പനകളില്‍ ആദ്യത്തെ രണ്ടുപോലും അവന്‍ അനുസരിക്കുന്നില്ലന്നവനെ ബോദ്ധ്യപ്പെടുത്തുവാന്‍ ഈ ഒരൊറ്റ പരീക്ഷണം മാത്രം മതിയാകുമായിരുന്നു. ആദ്യത്തെ രണ്ടു കല്പനകള്‍ ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്ക എന്നും കൂട്ടുകാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നുമാണ്. അവന്‍ യേശു പറഞ്ഞപ്പോള്‍ വസ്തുവക വില്‍ക്കുവാന്‍ തയ്യാറായിരുന്നുവെങ്കില്‍ വസ്തുവകകളെക്കാള്‍ ദൈവത്തെ സ്നേഹിക്കുന്നവനെന്നു പറയാമായിരുന്നു. വസ്തുവക ദരിദ്രര്‍ക്കു കൊടുക്കുക എന്ന് കല്‍പിച്ചപ്പോള്‍ അതു ചെയ്തിരുന്നെങ്കില്‍ കൂട്ടുകാരനെ തന്നെപ്പോലെ സ്നേഹിക്കുന്നവനാണെന്നു പറയാമായിരുന്നു. ആദ്യത്തെതും പ്രധാനപ്പെട്ടതുമായ ഈ രണ്ടു കല്‍പനകളുടെ കാര്യത്തില്‍ തന്നെ അവന്‍റെ പരാജയം സമ്മതിച്ചുകൊണ്ട് അവന്‍ യേശുവിനോട് വിട പറഞ്ഞു. അതുകൊണ്ട് വസ്തുവക വിറ്റ് ദരിദ്രര്‍ക്കു കൊടുത്താല്‍ സ്വര്‍ഗ്ഗരാജ്യം ലഭിക്കും എന്ന അര്‍ത്ഥത്തിലാണ് ക്രിസ്തു പറഞ്ഞത് എന്ന് ധരിക്കരുത്. ന്യായപ്രമാണം ആചരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകാമെന്നും താന്‍ ന്യായപ്രമാണം ആചരിക്കുന്നില്ലെന്നും ന്യായപ്രമാണം പൂര്‍ണ്ണമായി ആചരിക്കുവാന്‍ നിവൃത്തി ഇല്ലാത്തവനാണെന്നും അവനെ ബോദ്ധ്യപ്പെടുത്തുവാനാണ് ക്രിസ്തു ഇതു പറഞ്ഞത്.
ചോദ്യം 2: യേശു ആ യഹൂദനോട് പറഞ്ഞ വാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ വസ്തുവക വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുകയാണെന്നിരിക്കട്ടെ. ക്രിസ്തു പറഞ്ഞ വാക്കിന്‍റെ അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗരാജ്യം ലഭിക്കും എന്ന് വിശ്വസിച്ചുകൊണ്ടിരുന്ന അവന്‍ നരകത്തിലാണ് പോകുന്നതെങ്കില്‍ അവന് ക്രിസ്തു വിനോട് ന്യായവാദം ചെയ്യാന്‍ കഴിയുകയില്ലെ?
ഉത്തരം: ഇല്ല. ഒന്നാമത് യേശു സകല മനുഷ്യരോടും കല്‍പ്പിച്ചത് വസ്തുവക വിറ്റ് ദരിദ്രര്‍ക്കു കൊടുത്താല്‍ സ്വര്‍ഗ്ഗരാജ്യം കിട്ടും എന്നായിരുന്നില്ല. തന്നെ പരീക്ഷിക്കാന്‍ വന്ന ഒരാളോടു മാത്രമെ അങ്ങനെ പറഞ്ഞിട്ടുള്ളു. ഒരു പക്ഷെ എല്ലാ കല്‍പനകളുടെ കാര്യത്തിലും അവന്‍ ലംഘനക്കാരന്‍ ആയിരുന്നിരിക്കാം. എന്നാല്‍ ആദ്യത്തെ രണ്ടു കല്‍പനകളുടെ കാര്യത്തില്‍ തന്നെ അവന്‍ അടിയറപറയും എന്നറിയാമായിരുന്നതുകൊണ്ടാണ് ക്രിസ്തു ആ രണ്ടു കല്‍പനയുടെ കാര്യം മാത്രം അവനോടു പറഞ്ഞത്.
വേറൊരാളുടെ കാര്യത്തില്‍ അടുത്ത രണ്ടു കല്‍പനകളായിരിക്കാം. അതിനടുത്ത ആളുകളുടെ കാര്യത്തില്‍ വേറെ കല്‍പനകളാകാം ലംഘിച്ചിരിക്കുന്നത്. നമ്മുടെ ഓരോ ആളുകളുടെയും കാര്യത്തിലുള്ള കുറവുകള്‍ എന്താണെന്നു സര്‍വ്വജ്ഞാനിയായ ദൈവമായ ക്രിസ്തുവിനാണ് അറിയാമായിരിക്കുന്നത്. ന്യായപ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ നാം ക്രിസ്തുവിനെ സമീപിച്ചാല്‍ ഏത് കുറവാണ് നമുക്കുള്ളതെന്ന് ക്രിസ്തു പറയും. ഏതായാലും ഒരു കാര്യം സത്യമാണ്; ന്യായപ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റക്കാരല്ലാത്ത ഒറ്റ മനുഷ്യന്‍പോലും ഭൂമിയില്‍ ഇല്ല. ന്യായപ്രമാണത്തിലെ ഒന്നില്‍ തെറ്റിയാല്‍ സകല തിനും കുറ്റക്കാരനാണെന്നുള്ള പ്രമാണപ്രകാരം ശിക്ഷായോഗ്യരായ പാപികളാണ് നാം. അതുകൊണ്ട് എല്ലാറ്റിലും കുറ്റക്കാരായ സ്ഥിതിക്ക് വസ്തുവക വിറ്റു ദരിദ്രര്‍ക്ക് കൊടുത്തു എന്നുള്ളത്, കര്‍ത്താവിനോടു വാദിച്ച് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ മതിയായ ന്യായമല്ല.
ചോദ്യം 3: വസ്തുവകകള്‍ ആത്മീയ ജീവിതത്തിനോ ദൈവ പ്രസാദത്തിനോ തടസ്സമല്ല എന്ന് മനസ്സിലായി. എന്നാല്‍ ഒരു ദൈവവിശ്വാസിയ്ക്ക് ഈ ലോകത്തിലെ എല്ലാ സുഖങ്ങളും അനുഭവിക്കുവാന്‍ അവകാശമുണ്ടോ?
ഉത്തരം: ന്യായമായ മാര്‍ഗ്ഗത്തിലൂടെ വസ്തുവകകള്‍ സമ്പാദിക്കുന്നതിനൊന്നും ദൈവം എതിരല്ലാത്തതുപോലെ ദൈവവിശ്വാസികള്‍ക്കും അനുഭവിക്കുവാന്‍ ദൈവം അനുവദിച്ചിട്ടുള്ള പല സുഖസൗകര്യങ്ങളും ഉണ്ട്. എന്നാല്‍ പാപമായ ഒന്നും ആസ്വദിക്കുവാന്‍ വിശ്വാസിക്കവകാശമില്ല.