ഏറ്റവും വിലപ്പെട്ടത് നീയല്ലേ…

ശലിനി കെ.ആര്‍
കുട്ടിയെ സ്കൂളിലാക്കി, ജോലിസ്ഥലത്ത് എത്തുന്നതിനായി നിങ്ങള്‍ തിടുക്കം കൂട്ടുമ്പോഴാവും ഏതെങ്കിലും ഷോപ്പിന്‍റെ മുന്‍പില്‍ നിന്ന്, എന്തിനെങ്കിലുമായി നിങ്ങളുടെ കുട്ടി വാശി പിടിയ്ക്കുക. അല്ലെങ്കില്‍, മറ്റ് എന്തെങ്കിലും അത്യാവശ്യത്തിനായി നിങ്ങള്‍ തിരക്കിട്ട് ഇറങ്ങുമ്പോഴാവും നിസാര കാര്യത്തിന്‍റെ പേരില്‍ അവന്‍ ശാഠ്യം പിടിച്ച് കരഞ്ഞു തുടങ്ങുക. ‘ഈ കുട്ടി മാത്രമെന്താ ഇങ്ങനെ’ എന്നു നിങ്ങള്‍ പരിതപിച്ചിട്ടുണ്ടാവും.
അല്‍പം മുതിര്‍ന്ന് കഴിഞ്ഞാലോ, മുന്‍പ് സ്കൂളില്‍ നിന്ന് എത്തിയാലുടന്‍ എന്നെ പിടിച്ചിരുത്തി എല്ലാ വിശേഷങ്ങളും പറഞ്ഞിരുന്ന കുട്ടിയാ, ഇപ്പോള്‍ സുഹൃത്തുക്കള്‍ മാത്രം മതി എന്നായി. വീട്ടില്‍ എത്തിയാല്‍ ഫോണുമായി ഒരു ഇരിപ്പാണ്. ഇവര്‍ക്ക് എന്താ ഇത്രമാത്രം സംസാരിയ്ക്കാനുള്ളത്? ദാ, ഈ പുതിയ ഡ്രസ്സ് കണ്ടില്ലേ, എന്തൊരു കോലമാണിത്? ഇങ്ങനെ കുറ്റങ്ങളുടെ ഒരു പട്ടിക തന്നെ നിരത്തും മാതാപിതാക്കള്‍.
എപ്പോഴും ഇങ്ങനെയാണ്, ഇവര്‍ ഭൂതക്കണ്ണാടിയിലൂടെ എന്നെ നോക്കിക്കൊണ്ടിരിക്കും. എപ്പോഴും കുറ്റപ്പെടുത്തലുകള്‍ മാത്രം. ചിലപ്പോള്‍ വല്ലാതെ സങ്കടം വരും. ഇങ്ങനെ കണ്ണു നനയ്ക്കുന്ന കുട്ടികളും ധാരാളം.
നമ്മളിതിനെ സൗകര്യപൂര്‍വ്വം തലമുറകളുടെ വിടവ് (ഴലിലൃമശേീി ഴമു) എന്നു വിളിച്ച് നിസ്സംഗരാവും. ഇതൊക്കെ എന്നും ഇങ്ങനെയൊക്കെയല്ലേ എന്നഭാവം. പക്ഷേ, ഒരു അല്‍പം കരുതല്‍ ഈ ഭിന്നതകള്‍ ഒഴിവാക്കുമല്ലോ എന്ന് ചിന്തിയ്ക്കാത്തതെന്തേ?
നിങ്ങളുടെ കുട്ടി ബൗദ്ധികമായും അനുഭവങ്ങളുടെ കാര്യത്തിലും ഒന്നും നിങ്ങളുടെ നിലവാരത്തിലല്ല. അവര്‍ വാശി പിടിയ്ക്കുമ്പോള്‍ നിങ്ങള്‍ അവരുമായി ഒരു മത്സരത്തില്‍ ഏര്‍പ്പെടുകയാണോ പതിവ്-ആരാണ് ജയിക്കുക എന്ന കാര്യത്തില്‍? കുട്ടികള്‍ കാതുകളെക്കാള്‍ കണ്ണുകളെ വിശ്വസിക്കുന്നവരാണ്. കുട്ടിയുടെ നിര്‍ബന്ധബുദ്ധിക്കു മുന്‍പില്‍ നിങ്ങള്‍ വിട്ടുവീഴ്ചാ മനോഭാവം പ്രകടിപ്പിക്കുക. ക്രമേണ നിങ്ങളുടെ കുട്ടിയും അത് അനുവര്‍ത്തിച്ചു തുടങ്ങും.
‘എന്‍റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് നീയല്ലേ’ എന്ന ഓര്‍മ്മപ്പെടുത്തലുണ്ടാവണം അവരോടുള്ള ഓരോ സമീപനത്തിലും. കുട്ടികളോടുള്ള പെരുമാറ്റത്തില്‍ സത്യസന്ധത പുലര്‍ത്തുക. കൊച്ചു കൊച്ചു തെറ്റുകളുടെ പേരില്‍ അവരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരുടെ സ്വഭാവത്തിലെ നല്ല അംശങ്ങളെ അഭിനന്ദിക്കാന്‍ മനസ് കാണിക്കൂ. അവരുടെ ശാഠ്യങ്ങളും, ദുര്‍വാശികളുമൊക്കെ അകലുന്നതു കാണാം.
ചില അമ്മമാര്‍ക്ക് എപ്പോഴും പരാതികളാണ്. കുട്ടി എപ്പോഴും എന്നെ പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നു, ആളുകളോട് ഇടപെടാനറിയില്ല, അങ്ങനെയങ്ങനെ… ഇവയൊക്കെ യാഥാര്‍ത്ഥ്യങ്ങളാവാം. പക്ഷേ ഒരു പൊതു സദസില്‍ വച്ചുള്ള കുറ്റപ്പെടുത്തല്‍ ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. ഇത് അവരില്‍ അപകര്‍ഷതാ ബോധം സൃഷ്ടിക്കുകയേയുള്ളൂ. സ്വന്തം കഴിവുകളില്‍ ബോധ്യം ജനിപ്പിച്ച് അവരില്‍ ആത്മവിശ്വാസം ഉണര്‍ത്തുകയാണ് അനിവാര്യം.
നിങ്ങളുടെ കുട്ടിയുടെ കുറ്റങ്ങളെയും കുറവുകളെയും കൂടി സ്നേഹിക്കുമ്പോഴാണ് ആ സ്നേഹം പൂര്‍ണ്ണമാവുക. തെറ്റുകള്‍ക്ക് പരിഹാരം ശിക്ഷാമാര്‍ഗങ്ങളല്ല. താന്‍ ചെയ്തത് തെറ്റാണെന്ന് അവനെ/ അവളെ ബോധ്യപ്പെടുത്തുക.
അല്‍പം കൂടി മുതിര്‍ന്നു കഴിയുമ്പോഴാണ് കുട്ടികള്‍ തങ്ങളില്‍ നിന്ന് അകലുന്നുവെന്നും സുഹൃത്തുക്കള്‍ മാത്രമാണ് അവരുടെ വിശാല ലോകത്തിലെന്നും മാതാപിതാക്കള്‍ പരിഭവിച്ചു തുടങ്ങുക. ഒപ്പം, കുട്ടികളുടെ പുതിയ അഭിരുചികള്‍, ഇഷ്ടങ്ങള്‍, ശീലങ്ങള്‍ എന്നിവയൊന്നും മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും വരാം. കുട്ടികളാവട്ടെ, തങ്ങളെ ആരും മനസിലാക്കുന്നില്ലെന്നും സ്നേഹിക്കുന്നില്ലെന്നും പരാതികള്‍ നിരത്തും.
നിങ്ങളുടെ കുട്ടി വളരുകയാണ്. അവര്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടുകളും ശീലങ്ങളും ഉണ്ടാവും. പഴമയെ മനസില്‍ താലോലിക്കുന്നു എന്നതിന്‍റെ പേരില്‍ നിങ്ങള്‍ അവയെ കണ്ണടച്ച് എതിര്‍ക്കേണ്ടതില്ല. അവര്‍ നിങ്ങളുടെ ശീലങ്ങള്‍ മാത്രം പിന്‍ തുടരണം എന്ന് ശഠിക്കുന്നതെന്തിന്?
എന്തിനും ഏതിനും അവരെ കുറ്റപ്പെടുത്തും മുന്‍പ്, ഓര്‍ത്തു നോക്കൂ, നിങ്ങളും ബാല്യത്തില്‍ ഇങ്ങനെയൊക്കെ ആയിരുന്നില്ലേ? അവരുടെ തീരുമാനങ്ങള്‍ മികച്ചതാവുമ്പോള്‍, പുതിയ ഡ്രസ് ഇണങ്ങിയതാണെന്ന് തോന്നുമ്പോള്‍ അവരെ അഭനന്ദിച്ചു കൂടേ? നിങ്ങളില്‍ നിന്ന് ഒരു നല്ല വാക്ക് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്, തീര്‍ച്ച.
നിങ്ങളുടെ കുട്ടിയുടെ ഏത് ഭാവവ്യത്യാസങ്ങളും നിങ്ങള്‍ അറിയാറുണ്ടോ? തിരക്കുകളുടെ പേരില്‍ അവയൊക്കെ അവഗണിക്കുകയാണോ പതിവ്? കുട്ടികള്‍ക്കുമുണ്ട് അവരുടേതായ പ്രശ്നങ്ങള്‍. അവരെ സംബന്ധിച്ചിടത്തോളം അവയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്. ഇവര്‍ കുട്ടികളല്ലേ, ഇവരീ പറയുന്ന മാതിരിയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ല എന്നു പറഞ്ഞ് അവഗണിക്കാതിരിക്കുക. ഒരു പക്ഷേ, അവര്‍ മറ്റ് ആശ്വാസ കേന്ദ്രങ്ങള്‍ തേടിയെന്നിരിക്കും. അവരുടെ പ്രശ്നങ്ങള്‍ക്കും കൊച്ചു കൊച്ചു സങ്കടങ്ങള്‍ക്കുമൊക്കെ നിങ്ങളുടെ ജീവിതത്തില്‍ സ്ഥാനം നല്‍കുക. മാതാപിതാക്കളോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം, അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം നല്‍കും.
ഇവര്‍ക്കെന്തിനാ ഇത്രയധികം സുഹൃത്തുക്കള്‍ എന്ന അസഹിഷ്ണുതയ്ക്കു പകരം അതില്‍ അഭിമാനിക്കുക. അവരുടെ സുഹൃത്തുക്കളെപ്പറ്റി നിങ്ങളും അറിഞ്ഞിരിക്കണമെന്നു മാത്രം.
ബാലന്‍ നടക്കേണ്ട വഴിയില്‍ അവനെ അഭ്യസിപ്പിക്കുക; വൃദ്ധനായാലും അത് വിട്ടുമാറില്ലെന്ന് കാര്യം മറക്കരുത്.
നിങ്ങളുടെ കുട്ടിയുടെ സ്വഭാവത്തിലെ നല്ല അംശങ്ങള്‍ക്കാവട്ടെ പ്രാധാന്യം. നിങ്ങളുടെ കുട്ടി ഏത് കാര്യത്തില്‍ സമര്‍ത്ഥനായിരിക്കുന്നുവോ, മികവ് തെളിയിക്കുന്നുവോ, അതിലാകട്ടെ നിങ്ങളുടെ ചിന്തകള്‍. അവന്‍/ അവള്‍ ഒരു വരദാനമാണ്, ഉത്തരവാദിത്വമല്ല.