പാസ്റ്റര്‍ സാം ജോര്‍ജ് പി.എസ്. ശ്രീധരന്‍പിള്ളയെ കണ്ടു

സ്വന്തം ലേഖകന്‍
കുമ്പനാട്: ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് മിസോറാം ഗവര്‍ണര്‍ പി.എസ്സ്. ശ്രീധരന്‍ പിള്ളയുമായി മാര്‍ച്ച് 15ന് കൂടിക്കാഴ്ച നടത്തി. ഐ.പി.സി. ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ റ്റി. വല്‍സന്‍ ഏബ്രഹാമിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള കത്ത് ഐ.പി.സി. ജനറല്‍ കൗണ്‍സിലിന് നല്‍കിയതിന്‍റെ തലേന്നാളാണ് പി.എസ്സ്.ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്. പാസ്റ്റര്‍ റ്റി. വല്‍സന്‍ ഏബ്രഹാമിന്‍റെ പ്രവര്‍ത്തന രീതിയോടുള്ള വിയോജിപ്പ് പരസ്യമായി വെളിവാക്കുന്ന കത്തില്‍ പാസ്റ്റര്‍ റ്റി. വല്‍സന്‍ ഏബ്രഹാമിനെതിരേ ഗൗരവമേറിയ ആരോപണങ്ങളാണ് സഭയുടെ പ്രധാന ഭാരവാഹിയായ പാസ്റ്റര്‍ സാം ജോര്‍ജ് ഉന്നയിച്ചിട്ടുള്ളത്.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റായിരുന്ന പി.എസ്സ്. ശ്രീധരന്‍ പിള്ള സഭയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നആളാണ്. ഇദ്ദേഹം ചില നാളുകളായി മിസോറാം സ്റ്റേറ്റ് ഗവര്‍ണറാണ്. പി.എസ്സ്. ശ്രീധരന്‍ പിള്ളയുടെ വെണ്‍മണി കല്യാത്രയിലുള്ള വീട്ടിലെത്തിയാണ് പാസ്റ്റര്‍ സാം ജോര്‍ജ് കൂടിക്കാഴ്ച നടത്തിയത്. സഭാസംബന്ധമായ കാര്യങ്ങളാണോ വ്യക്തിപരമായ കാര്യങ്ങളാണോ കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിട്ടതെന്ന് അറിവായിട്ടില്ല. ഐ.പി.സി.യുടെ ജനറല്‍ സെക്രട്ടറി മിസോറാം ഗവര്‍ണറെ കണ്ടതിന്‍റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വ്യക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പ്രത്യേകിച്ച്, ജനറല്‍ പ്രസിഡന്‍റിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള കത്ത് നല്‍കിയതിന്‍റെ തലേന്നാള്‍ നടത്തിയ കൂടിക്കാഴ്ച ധാരാളം സംശയങ്ങളുയര്‍ത്തുന്നുണ്ട്.