മോദി സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ മുഖപത്രം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും നിശിതമായി വിമര്‍ശിച്ച് സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വാരികയുടെ പുതിയ ലക്കത്തില്‍ ‘ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: ഇന്ത്യയിലെ ക്രിസ്ത്യന്‍ മിഷന് നല്‍കുന്ന സൂചനകള്‍’ എന്ന തലക്കെട്ടില്‍ ഫാ. എം.കെ. ജോര്‍ജ് എഴുതിയ ലേഖനത്തില്‍ ബി.ജെ.പി.യോട് ആഭിമുഖ്യം പുലര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പു നല്‍കുന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ തുടങ്ങിയവര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്കകമാണ് ‘സത്യദീപ’ ത്തിലെ വിമര്‍ശനം എന്നത് ശ്രദ്ധേയം.
മോദിയും ഹിന്ദു മേധാവിത്വ ബി.ജെ.പി.യും ഭരണഘടനയുടെ സ്വതന്ത്രമൂല്യങ്ങളെയും പ്രമാണങ്ങളെയും കാറ്റില്‍ പറത്തിയാതായി ലേഖനം കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങളെ നിരന്തരം ഭീതിയിലാഴ്ത്തി ഭൂരിപക്ഷ മതവിഭാഗത്തിന് സവിശേഷ അധികാര അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാലാണ് മോദിയുടെ വിജയം. സൗകര്യപുര്‍വം നിഷ്പക്ഷത പാലിക്കുന്ന ദിനങ്ങളുടെ കാലം കഴിഞ്ഞുവെന്നും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തമായ നിലപാട് എടുക്കണം എന്നും ലേഖനം ആഹ്വാനം ചെയ്യുന്നു.
മോദി സര്‍ക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ധീരത കാണിക്കുന്ന ഏതൊരാളും കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ പോകാനുള്ള സാധ്യത തിരിച്ചറിയണം. ഭരണകക്ഷിയെ അനുകൂലിക്കുന്ന വലതുപക്ഷ ചിന്താഗതിക്കാര്‍ക്ക് സ്റ്റാന്‍ സ്വാമിയെ കുറ്റപ്പെടുത്താന്‍ കാരണങ്ങള്‍ ഉണ്ടാകും. ഇതുസംബന്ധിച്ച ആശയക്കുഴപ്പം സഭകള്‍ക്കുള്ളില്‍ പിളര്‍പ്പിന് വഴിവെക്കും. നിരീക്ഷണത്തിന് വിധേയമാക്കിയും പിളര്‍പ്പുണ്ടാക്കിയും നിലപാടെടുക്കാന്‍ രാഷ്ട്രീയ മേലധികാരികള്‍ നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ നമ്മുടെ ശുശ്രൂഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കപ്പെടുമെന്നും പീഡിപ്പിക്കപ്പെടുമെന്നും പ്രതീക്ഷിക്കണം.
വിശ്വസ്തരായ ദീര്‍ഘകാല സഹകാരികള്‍ പോലും നമ്മെ ഒറ്റുകൊടുക്കാനിടയുണ്ട്. നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തന വേദികള്‍ ഓരോന്നായി അടച്ചുപൂട്ടുന്നു. നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ നമ്മുടെ ശുശ്രൂഷകരുടെ നിയന്ത്രണംവരെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് നാം എത്രമാത്രം അറിവുള്ളവരാണെന്ന് ഫാ. ജോര്‍ജ് ചോദിക്കുന്നു. ഭരണകക്ഷിയിലെ പല നേതാക്കന്മാര്‍ക്കും വിദ്യാഭ്യാസം നല്‍കിയത് നമ്മുടെ സ്ഥാപനങ്ങളാണ്. സുഹൃദ്ബന്ധം പുലര്‍ത്തുമ്പോഴും നമ്മുടെ ഉദ്യമങ്ങളെ തകര്‍ക്കുംവിധം നിയമനിര്‍മ്മാണം നടത്താന്‍ അവര്‍ക്ക് ഒരു മനസാക്ഷികുത്തും ഇല്ലന്നും ലേഖനം ചൂണ്ടികാട്ടുന്നു.