സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ഈ അധ്യയന വര്‍ഷം 10,12 ക്ലാസ്സുകളില്‍ പുതിയ യൂണിഫോം നിര്‍ബന്ധമാക്കരുതെന്നു ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. ഏതെങ്കിലും കുട്ടിക്ക് നിലവിലുള്ള യൂണീഫോം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ മറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രഥമാധ്യാപകന്‍ അനുവാദം നല്‍കണം. ഇക്കാര്യം പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് കമ്മീഷന്‍ അംഗം ഫിലിപ്പ് പരക്കാട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്ന് അധ്യയനം ജനുവരിയില്‍ മാത്രം ആരംഭിച്ചതിനാല്‍ യൂണീഫോമിന്‍റെ ആവശ്യകത ഉണ്ടായിരുന്നില്ല. എന്നാല്‍, 10,12 ക്ലാസ്സുകള്‍ ആരംഭിച്ചതോടെ രക്ഷിതാക്കളുടെ അനുമതിയോടെ കുട്ടികള്‍ക്ക് ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഈ സന്ദര്‍ഭത്തില്‍ സ്കൂളിന്‍റെ അച്ചടക്ക നടപടിയുടെയും സുരക്ഷയുടെയും ഭാഗമായി നിലവില്‍ ഉപയോഗപ്രദമായ യൂണിഫോം ഉള്ള കുട്ടികള്‍ക്ക് അത് ധരിച്ച് വരാവുന്നതാണ്.
എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കളോട് രണ്ടു മാസത്തെ ഉപയോഗത്തിനായി പുതിയ യൂണിഫോം തയ്പിച്ച് കുട്ടികളെ സ്കൂളുകളില്‍ അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ഉചിതമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇത്തരം സാഹചര്യം ഉണ്ടായാല്‍ രക്ഷിതാവ് സ്കൂള്‍ ഹെഡ്മാസ്റ്ററിനോ പ്രിന്‍സിപ്പലിനോ അപേക്ഷ നല്‍കുകയും അതുപ്രകാരം കുട്ടിയെ യൂണിഫോം ഒഴിവാക്കി മറ്റ് വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അനുവദിക്കുകയും ചെയ്യണം.