തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഈ അധ്യയനവര്‍ഷം ചില തസ്തികകളില്‍ മാത്രം നിയമനാംഗീകാരം. പ്രഥമാധ്യാപകര്‍, അനധ്യാപകര്‍ എന്നീ തസ്തികകളില്‍ നിയമനം അനുവദിച്ചും അധ്യാപക തസ്തികകളില്‍ നിയമനം തടഞ്ഞും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാത്തതിനാല്‍ ഈ അധ്യയനവര്‍ഷം തസ്തിക നിര്‍ണയം നടത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ 2019- 20 വര്‍ഷത്തെ തസ്തിക നിര്‍ണയം തന്നെ ഈ വര്‍ഷത്തേക്കുകൂടി ബാധകമാക്കിയാണ് ഉത്തരവിറക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ തസ്തികകള്‍ അനുവദിക്കുമ്പോള്‍ തന്നെ, വിരമിക്കല്‍ മൂലമുള്ള ഒഴിവുകളിലേക്ക് അധ്യാപക നിയമനം നടത്താന്‍ അനുവാദമില്ല.
നോണ്‍ വെക്കേഷന്‍ തസ്തികകള്‍ എന്ന നിലയ്ക്കാണ് പ്രഥമാധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം അനുവദിച്ചത്. സ്കൂള്‍ തിറക്കുമ്പോള്‍ മാത്രം നിയമനം നടത്തുന്ന അധ്യാപക തസ്തികകള്‍ നികത്താന്‍ അനുമതി നല്‍കാത്തത് സ്കൂള്‍ തുറക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ്.
എന്നാല്‍, സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണ്‍ലാന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സ്കൂളില്‍തന്നെ പഠനം ആരംഭിക്കുകയും ചെയ്തു. ഫലത്തില്‍ അധ്യാപകരുടെ ജോലിഭാരം വര്‍ധിക്കുകയാണ് ചെയ്യുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍ക്കാര്‍ സ്കൂളുകളില്‍ പിഎസ് സി വഴിയുള്ള നിയമനങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എയ്ഡഡ് സ്കൂളുകളിലും നിയമനം നടത്തണമെന്ന് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രമോഷനും സ്ഥലംമാറ്റവും അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.