
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍, പൗരത്വനിയമഭേദഗതി തുടങ്ങിയ കേന്ദ്രനിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമുണ്ടോയെന്ന വിഷയം സുപ്രീംകോടതി പരിശോധിക്കും, പഞ്ചാബ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ക്കെതിരേ സാംതാ ആന്ദോളന്‍ സമിതി ഫയല്‍ചെയ്ത പെതുതാത്പര്യഹര്‍ജി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്.
കേന്ദ്രനിയമങ്ങള്‍ക്കെതിരേ സംസ്ഥാന നിയമസഭകള്‍ പ്രമേയം കൊണ്ടുവന്നത് രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ രണ്ടു സഭകളും പാസാക്കുകയും രാഷട്രപതി ഒപ്പുവെച്ച് നിയമമായി വിജ്ഞാപനം ചെയ്യുകയും ചെയ്ത പൗരത്വ നിയമ ഭേദഗതിക്കെതിരേയാണ് നാലു സംസ്ഥാനങ്ങള്‍ പ്രമേയം കൊണ്ടുവന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും പശ്ചിമബംഗാള്‍ പ്രമേയം കൊണ്ടുവന്നു. പ്രാഥമികമായി സംസ്ഥാനങ്ങളുടെ ആശങ്കാവിഷയമല്ലാത്തതും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നതുമായ പ്രശ്നത്തില്‍ പ്രമേയം അവതരിപ്പിക്കാനാവില്ല. ഇത്തരം പ്രമേയങ്ങള്‍ ഏകപക്ഷീയവും നിയമവിരുദ്ധവും നിയമപരമായി നിലനില്‍പ്പില്ലാത്തതുമാണ്.
നിയമസഭകള്‍ക്ക് കേന്ദ്രനിയമത്തിനുമേല്‍ അധികാരമില്ലെന്ന കാര്യം സ്പീക്കര്‍ കണക്കിലെടുത്തില്ല. പൗരത്വ നിയമഭേദഗതിക്കെതിരേ ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ തീര്‍പ്പാവാതെ നില്‍ക്കുന്ന കാര്യവും സ്പീക്കര്‍മാര്‍ പരിഗണിച്ചില്ല. നിയമസഭയില്‍ സ്പീക്കര്‍ സ്വീകരിക്കുന്ന നടപടികള്‍ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
.