ശക്തമായ സംശയം തെളിവിനുപകരമല്ലന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എത്ര ശക്തമായ സംശയമാണെങ്കിലും അത് തെളിവിനു പകരമാവില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. കുറ്റം സംശയാതീതമായി തെളിയും വരെ പ്രതി നിഷ്കളങ്കനാണെന്ന് സങ്കല്‍പ്പിക്കണമെന്നും ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് പറഞ്ഞു. ഹോംഗാര്‍ഡിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ട ഒഡീഷ ഹൈക്കോടതിവിധി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സംശയം എത്രതന്നെ ബലമുള്ളതാണെങ്കിലും തെളിവിനു പകരമാവില്ലെന്ന് ഒട്ടേറെ വിധികളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഒഡീഷയിലെ ചന്ദാബാലി പോലിസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷന്‍ ഡ്യൂട്ടിയിലിരുന്ന ബിജയ് കുമാര്‍ താബുവിനെ ബനാബിഹാരി മൊഹാപത്ര, മകന്‍ ലുജ തുടങ്ങിയവര്‍ വിഷം നല്‍കിയശേഷം ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ഭാര്യ ഗീതാജ്ഞലി താബുവിന്‍റെ പരാതി.
ഷോക്കടിപ്പിച്ചാണ് മരണമെന്നു മാത്രമേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളുവെന്നും കൊലപാതകമാണെന്നതിനു തെളിവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പ്രതികളില്‍ ഒരാളുടെ വീട്ടിലാണ് ബിജയ് കുമാര്‍ മരിച്ചുകിടന്നത് എന്നതുകൊണ്ടുമാത്രം അവരാണ് കൊല നടത്തിയതെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.