വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വീട്ടില്‍ ശാസ്ത്ര ലാബ്

കോട്ടയം: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ലാബുകള്‍ സമഗ്രശിക്ഷാ കേരള ഒരുക്കുന്നു. വീട്ടിലിരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന ലാബ് അറ്റ് ഹോം പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന് സഹായകമായ പ്രാഥമിക ഉപകരണങ്ങളാണ് കുട്ടികളുടെ വീടുകളില്‍ സജ്ജീകരിക്കുക. പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി നവമാധ്യമങ്ങള്‍ വഴി പുരോഗതി വിലയിരുത്തും. കോവിഡ് വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ പഠനവിടവുകള്‍ പരിഹരിക്കാനാണ് അധ്യാപക പരിശീലനവും ലാബ് അറ്റ് ഹോം പദ്ധതിയും ആവിഷ്കരിച്ചത്. കുട്ടികളുടെ വീടുകളില്‍ സ്ഥാപിക്കുന്ന ലാബുകള്‍ വിദ്യാഭ്യാസ രംഗത്ത് വലിയ ഉണര്‍വുണ്ടാക്കുമെന്ന് സമഗ്ര ശിക്ഷാ കേരള ജില്ലാ കോ-ഓഡിനേറ്റര്‍ ടി.പി വേണുഗോപാലന്‍ പറഞ്ഞു.
ഒന്ന് മുതല്‍ എഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഗണിതശാസ്ത്ര ലാബ് നല്‍കുന്നത്. 30 രൂപയുടെ ഗണിതോപകരണങ്ങളും പ്രവര്‍ത്തന രേഖയും വീഡിയോകളും വിദ്യാലയം വഴി ലഭിക്കും. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് വീട്ടിലും പരിസരത്തുമുള്ള വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് വിപുലമായ ഗണിത ലാബ് ഉണ്ടക്കണം. സംഖ്യാ കാരംബോര്‍ഡ്, തീപ്പെട്ടിത്തീവണ്ടി, സങ്കലപ്പാലം, വ്യാഖ്യാനപത്രം, സംഖ്യാപോക്കറ്റ് തുടങ്ങി ഒട്ടേറെ കളികളിലൂടെ കുട്ടികള്‍ക്ക് കണക്കിനോടുള്ള ഭയം മാറ്റും. മഞ്ചാടിക്കുരു, മുത്ത്, കാര്‍ഡ്ബോര്‍ഡ്, വര്‍ണക്കടലാസ്, ഒഴിഞ്ഞ തീപ്പെട്ടി എന്നിവയിലൂടെ കണക്കിനെ നല്ല സുഹൃത്താക്കി മാറ്റുകയാണ് ലക്ഷ്യം.
അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് ശാസ്ത്ര ലാബും സാമൂഹ്യ ശാസ്ത്ര ലാബും ഒരുക്കുക. ശാസ്ത്ര ലാബിന് 40രൂപയും സാമൂഹ്യ ശാസ്ത്ര ലാബിന് ഭൂപടങ്ങളും ലഭ്യമാക്കും. ശില്‍പശാല നടത്തിയാണ് ലാബ് ഉപകരണങ്ങള്‍ തയ്യാറാക്കുക. അടുത്ത ആഴ്ചയോടെ വീടുകളില്‍ ലാബ് ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും. ഇതിനുള്ള പരിശീലനം ബി.ആര്‍.സി.കളില്‍ നടക്കുകയാണ്.