ഷാജന്‍ പാറക്കടവില്‍
രാഷ്ട്രപിതാവ് ഗാന്ധിജിയുടെ എഴുപത്തി മൂന്നാം രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മ നാം പുതുക്കിയത് രണ്ട് ദിനം മുന്‍പ്. വൈദേശികാധിപത്യത്തില്‍ നിന്നുള്ള മോചനത്തിന് അഹിംസയെന്ന സമരായുധമാണ് മാര്‍ഗ്ഗമെന്നു ഓരോ ഭാരതിയനെയും പഠിപ്പിച്ച സഹനത്തിന്‍റെ ആള്‍ രൂപമായിരുന്നു ഗാന്ധിജി. അഹിംസയുടെയും സഹനത്തിന്‍റെയും സന്ദേശവുമായി മൂന്നര പതിറ്റാണ്ടായി എണ്ണായിരത്തില്‍ അധികം വേദികളില്‍ ഗാന്ധി ആയി ജീവിക്കുന്ന ഒരു എഴുപത്തിമൂന്നുകാരന്‍ ആലപ്പുഴയിലുണ്ട്. ചാത്തനാട് വൈ.എം.സി.എയുടെ അടുത്തുള്ള സബര്‍മതി വീട്ടില്‍ ജോര്‍ജ് പോള്‍ ഗാന്ധിയെപ്പോലെ ജീവിക്കുകയാണ്, ആളുകളില്‍ കൗതുകമുണര്‍ത്തി.
ഗാന്ധിയും, ഗാന്ധിസവും ജോര്‍ജ് പോളിന് ജീവിതമാണ്, ജീവിതമാര്‍ഗമാണ് ഒപ്പം ജീവിതസന്ദേശമാണ്. കൃത്യമായി പറഞ്ഞാല്‍ 36 വര്‍ഷങ്ങള്‍ക്കു മുമ്പ് 1985 ല്‍ ആലപ്പുഴ സ്കൂട്ടേഴ്സ് കേരളയില്‍ ജീവനക്കാരനായിരിക്കെ ഒരു പ്രശ്ചന്നവേഷ മത്സരത്തിന് പങ്കെടുക്കുന്നതിനു കെട്ടിയ വേഷം പിന്നീട് അഴിച്ചുവെക്കേണ്ടിവന്നില്ല. അത് ഇന്നൊരു ജീവിതമായി. നേരില്‍ കാണാത്ത ഒരു മഹാനുഭാവന്‍റെ ജീവിതം പകര്‍ന്നാട്ടം നടത്താന്‍ താന്‍ ഒരുപാട് വായിച്ചു. കണ്ടും കേട്ടും നന്നായി അറിഞ്ഞു. കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി നടപ്പിലും, ഇരിപ്പിലും ജോര്‍ജ് ഗാന്ധിയാണ്. പ്രത്യേകം തയ്യാറാക്കിയ തുകല്‍ ചെരുപ്പും ഗാന്ധി കണ്ണടയും ഊന്നു വടിയും ഖദര്‍മുണ്ടുടുത്തു മേല്‍മുണ്ട് പുതച്ചു എളിയില്‍ നീളമുള്ള വാച്ചും തൂക്കി ജോര്‍ജ് എന്ന ഗാന്ധി ആളുകള്‍ക്ക് കൗതുക കാഴ്ചയായി മാറുന്നു.
2017 ആഗസ്റ്റ് 17 ന് ആത്മീയ യാത്ര ടെലിവിഷന്‍റെ ഇന്‍ഡിപെന്‍ഡന്‍സ് ഡേ പ്രോഗ്രാം ഷൂട്ട് ചെയ്യുന്നതിന് പ്രശസ്ത വേഗവരകാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജിയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ആണ് ഞാന്‍ ആദ്യമായി ജോര്‍ജ്ഗാന്ധിയെ കാണുന്നത്. വേഗവരയില്‍ ഓരോ സ്വാതന്ത്ര്യ സമര സേനാനികള്‍ തെളിഞ്ഞു മറഞ്ഞു. ഓരോ ഷോട്ടും പകര്‍ത്തുവാന്‍ ക്യാമറാമാന് നിര്‍ദേശം നല്‍കി ഞാന്‍ നില്‍ക്കുമ്പോള്‍ അവസാനം ജിതേഷ് ജി 1969 എന്ന ജന്മവര്‍ഷം വെച്ച് ഗാന്ധജിയെ വരച്ചു അത് ബോര്‍ഡില്‍ നിന്ന് മായുമ്പോള്‍ അവിടെ സാക്ഷാല്‍ ഗാന്ധിജി പ്രത്യക്ഷപ്പെടുന്നു. ഗാന്ധിജിയുടെ ഭാവ ചലനങ്ങളുമായി നെറ്റിയിലെ ചുളിവുകള്‍ പോലും മാറാതെ ഒരാള്‍ പ്രത്യക്ഷപ്പെട്ടു, സാക്ഷാല്‍ ജോര്‍ജ് പോള്‍ എന്ന ഗാന്ധി.
ഷൂട്ടിന് ശേഷം ക്രൂ എല്ലാവരും കൂടി ഫോട്ടോ എടുത്തു കഴിഞ്ഞു ഞങ്ങള്‍ ഒരു പാട് സംസാരിച്ചു. തികഞ്ഞ ദൈവ വിശ്വാസിയായ അദ്ദേഹത്തിന്‍റെ പക്ഷം ഗാന്ധിജി യേശുക്രിസ്തുവിന്‍റെ അനുയായി ആണെന്നാണ്. സഹനവും, അഹിംസയും, സഹോദരസ്നേഹവും, സ്വന്തം ജനത്തിന് വേണ്ടിയുള്ള ജീവിത സമര്‍പ്പണവും എല്ലാം ക്രിസ്തുവില്‍ നിന്നാണ് ഗാന്ധിജി പഠിച്ചത്. പാപമില്ലാത്ത നന്മയുടെ ഇരിപ്പിടമായി ഈ ഭൂമി മാറണമെന്നും, ലളിത ജീവിതത്തിനു ഉദാഹരണമായി, ഒരു ചെകിട്ടത്തു അടികൊണ്ടാല്‍ മറു ചെകിടുകൂടി കാണിച്ചു കൊടുക്കണമെന്നും ഒക്കെ ഗാന്ധിജി പഠിപ്പിച്ചത് ക്രിസ്തുവില്‍ നിന്നാണ്. ഞാന്‍ ആ മാര്‍ഗം പിന്തുടര്‍ന്ന് ജീവിക്കാന്‍ ശ്രമിക്കുന്നു, ജോര്‍ജ് ഗാന്ധി പറഞ്ഞു.