117-ാം വയസില്‍ കോവിഡിനെ അതിജീവിച്ച് കന്യാസ്ത്രീ

യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ സിസ്റ്റര്‍ ആന്‍ഡ്രെ കോവിഡിനെ അതിജീവിച്ചു. 117 -ാം ജന്മദിനത്തിന് തൊട്ടു മുമ്പാണ് സിസ്റ്റര്‍ രോഗമുക്തയായത്.
തെക്കന്‍ ഫ്രാന്‍സിലെ ടുളോണില്‍ സെന്‍റ് കാതറീന്‍ ലേബര്‍ റിട്ടയര്‍മെന്‍റ് ഹോമിലാണ് സിസ്റ്റര്‍ ആന്‍ഡ്രെ താമസിക്കുന്നത്. അന്ധയായ ഇവര്‍ക്ക് വീല്‍ചെയറിന്‍റെ സഹായവും വേണം.
ജനുവരി 16ന് കോവിഡ് പോസിറ്റീവായി. പക്ഷേ, രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന സിസ്റ്റര്‍ അനായാസമായി രോഗത്തെ നേരിട്ടു. രോഗം ഉണ്ടായിരുന്നു എന്നുപോലും താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
1904 ഫെബ്രുവരി 11നു ജനിച്ച സിസ്റ്റര്‍ ആന്‍ഡ്രെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ്.