മ്യാന്‍മാറിലെ കലാപ ഭൂമിയില്‍ പോലീസുകാരുടെ മുന്നില്‍ മുട്ടുകുത്തി “അവരെ വെടിവയ്ക്കരുത് എന്നെ കൊന്നോളൂ…” എന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രിയുടെ ചിത്രം മനുഷ്യത്വത്തിന്‍റെ മഹനിയ മുഖമായി മാറുന്നു. ഈ ചിത്രം ലോകമെങ്ങും വൈറലാണ്.
തൂവെള്ള സഭാവസ്ത്രവും കറുത്ത ശിരോവസ്ത്രവുമണിഞ്ഞ കന്യാസ്ത്രി നടുറോഡില്‍ മുട്ടുകുത്തി കേണപേക്ഷിച്ചപ്പോള്‍ തോക്കുചൂണ്ടി നിന്ന പോലീസുകാരുടെ കരളലിഞ്ഞു.
സധൈര്യം കരുണയ്ക്കായി യാചിച്ച അവര്‍ക്കു മുന്നില്‍ രണ്ടു പോലീസുകാര്‍ മുട്ടുകുത്തി. ഒടുവില്‍ നിലത്തുചുംബിച്ചാണ് മൂന്നു പേരും എഴുന്നേറ്റത്. പട്ടാളം തേര്‍വാഴ്ച നടത്തുന്ന മ്യാന്‍മാറിലെ കച്ചിന്‍ ജില്ലയിലെ മ്യത്ക്യാനയില്‍ തിങ്കളാഴ്ചയായിരുന്നു ഈ അപൂര്‍വ കാഴ്ച.
കത്തോലിക്കാ കന്യാസ്ത്രീയായ സിസ്റ്റര്‍ ആന്‍ റോസ്നു തവങ് ആണ് തന്‍റെ അയല്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വെടിയുണ്ടകളെ ഭയക്കാതെ പോലീസുകാരോടു കരുണയാചിച്ചത്. രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിവയ്പ് കണ്ടുകൊണ്ടാണ് നാല്‍പ്പത്തിയഞ്ചുകാരിയായ സിസ്റ്റര്‍ ആന്‍ റോസ് പോലീസിന്‍റെ അടുത്ത് ചെന്നത്.
“ഞാന്‍ അവര്‍ക്കു മുന്നില്‍ മുട്ടുകുത്തി. നാട്ടുകാരെ വെടിവയ്ക്കരുതെന്നും കുട്ടികളെ പീഡിപ്പിക്കരുതെന്നും യാചിച്ചു. അവര്‍ക്കു പകരം എന്നെ കൊന്നോളു എന്നും ഞാനവരോടു പറഞ്ഞു” – സംഭവമറിഞ്ഞെത്തിയ പത്രക്കാരോട് സിസ്റ്റര്‍ ആന്‍ റോസ് പറഞ്ഞു.
മ്യാന്‍മാറില്‍ ഫെബ്രുവരി ഒന്നിന് ഓംഗ് സാംഗ് സൂചി അടക്കമുള്ള നേതാക്കളെ തടവിലാക്കി പട്ടാളം ഭരണം പിടിച്ചതിനു ശേഷം ഇതുവരെ അറുപതോളം പേരാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ത്. 1800ലധികം ആളുകള്‍ തടവിലാണ്.