Sankeerthanam News

കന്യാസ്ത്രികളെ ആക്രമിച്ച സംഭവം:
പീയൂഷ് ഗോയല്‍ അട്ടിമറിച്ചത് അമിത്ഷായുടെ ഉറപ്പ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചു എന്ന ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്‍റെ വാദം അമിത്ഷാ നല്‍കിയ ഉറപ്പ് അട്ടിമറിച്ചു എന്നതിന്‍റെ തെളിവായി വിലയിരുത്തപ്പെടുന്നു. കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പൊന്‍കുന്നത്തുവച്ച് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു സംഭവമേ നടന്നിട്ടില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന സംഭവത്തില്‍ നിഷ്പക്ഷ ആന്വേഷണം നടക്കുമെന്ന പ്രതീക്ഷയാണ് ഇല്ലാതാക്കുന്നത്.
കന്യാസ്ത്രീകള്‍ക്കെതിരേ ഉണ്ടായ അക്രമസംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണു കഴിഞ്ഞ ദിവസം ത്സാന്‍സി റെയില്‍വേ പോലീസ് ഡി.എസ്.പി നയീം ഖാന്‍ മന്‍സൂരി പറഞ്ഞത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.
കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന്, അത്തരം ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത്. കന്യാസ്ത്രീകള്‍ക്കെതിരേ ആരാണ് പോലീസില്‍ പരാതി നല്‍കിയത് എന്ന ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കാന്‍ തയാറായില്ല. എന്നാല്‍, കന്യാസ്ത്രീകള്‍ക്കെതിരേ പരാതി നല്‍കിയ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് സംഘടന മീഡിയ കോ ഓര്‍ഡിനേറ്റര്‍ ദിക്ഷാന്ത് സൂര്യവംശി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വ്യക്തിപരമായാണ് ഇടപെട്ടതെന്നും സംഘടനാപരമായല്ലെന്നും പറഞ്ഞ സൂര്യവംശി മതപരിവര്‍ത്തനം ആരോപിച്ചാണ് തങ്ങള്‍ പരാതി നല്‍കിയതെന്നും പറഞ്ഞിരുന്നു. ഋഷികേശില്‍ നിന്നു പഠനക്യാമ്പ് കഴിഞ്ഞു മടങ്ങിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കു നേരേ അധിക്ഷേപവും ഭീഷണിയും മുഴക്കിയത്.
കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രി അമിത്ഷാ, ഉചിതമായ നടപടിയെടുക്കുമെന്നു കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയപ്പോള്‍ ഉറപ്പു നല്‍കിയത്.