ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മലയാളികള്‍ ഉള്‍പ്പെടുയുള്ള കന്യാസ്ത്രീ സംഘത്തെ ട്രെയിനില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടന യായ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് ത്സാന്‍സി റെയില്‍ വേ പോലീസ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ച് എ.ബി.വി.പി പ്രവര്‍ ത്തകര്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍, താന്‍ നേരിട്ടു സ്ഥലത്തെത്തി അന്വേഷണം നടത്തിയെന്നും കന്യാസ്ത്രീകള്‍ക്ക് എതിരേ ഉന്നയിച്ച പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തിയതായും ത്സാന്‍സി റെയി ല്‍വേ പോലീസ് ഡിഎസ്പി നയീം ഖാന്‍ മന്‍സൂരി പറഞ്ഞു.
കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന സന്യാസാര്‍ഥിനികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍, ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് ഈ രണ്ടു യുവതികളും 2003 ല്‍ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവര്‍ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവര്‍ത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തുവെന്നു ഡിഎസ്പി പറഞ്ഞു. സംഭവത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരേ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡിഎസ്പി വ്യക്തമാക്കി.
കന്യാസ്ത്രീകളായ ലിബിയ തോമസും ഹേമലതയും ഡല്‍ഹി വികാസ്പുരിയില്‍നിന്നുള്ളവരായിരുന്നു. ശ്വേത, ബി തരംഗ് എന്നീ സന്യാസാര്‍ത്ഥികള്‍ ഒഡീഷ സ്വദേശിനികളുമായിരുന്നു. ഇവരെ വീടുകളില്‍ എത്തിക്കാനാണ് മറ്റു രണ്ടു കന്യാസ്ത്രീകളും ഒപ്പം പോയത്. ഋഷികേശിലെ പഠന ക്യാമ്പില്‍ പങ്കെടുത്ത ശേഷം ഹരിദ്വാറില്‍ നിന്നു പുരിയിലേക്കു പോകുന്ന ഉത്കല്‍ എക്സ്പ്രസില്‍ മടങ്ങുകയായിരുന്നു എബിവിപി പ്രവര്‍ത്തകര്‍.
കന്യാസ്ത്രീകള്‍ അടക്കം നാലുപേര്‍ ഡല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നാണ് ഇതേ ട്രെയിനിന്‍റെ 3-എസി കോച്ചില്‍ കയറിയത്. ത്സാന്‍സിയിലെ ബജ് രംഗ്ദള്‍ പ്രവര്‍ത്തകനായ അജയ് ശേഖര്‍ തിവാരിയും എബിവിപി പ്രവര്‍ത്തകര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
യുവതികളെ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി കൊണ്ടു പോകുന്നു എന്നാരോപിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്. ആക്രോശങ്ങളും ഭീഷണികളും മുഴക്കി ഇവര്‍ സംഘം ചേര്‍ന്ന് കന്യാസ്ത്രീ സംഘത്തെ യുപിയിലെ ത്സാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ട്രെയിനില്‍ നിന്ന് ഇറങ്ങിയ കന്യാസ്ത്രീ സംഘത്തിന് ചുറ്റും നിന്ന് എബിവിപി പ്രവര്‍ത്തകര്‍ കൂക്കി വിളിക്കുകയും ഭീഷണികള്‍ മുഴക്കുകയും ചെയ്തു.
ഒടുവില്‍ ആര്‍പിഎഫും റെയില്‍വേ പോലീസും എത്തി ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവര്‍ക്ക് യാത്ര തുടരാനായത്.