ഡിജിറ്റല്‍ വിവാഹം അനുവദിക്കാനാവില്ലന്ന് ഹൈക്കോടതി

കൊച്ചി: സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് ഭേദഗതി ചെയ്യാതെ നോട്ടീസ് കാലാവധിയില്‍ ഇളവോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ വിവാഹമോ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പാലക്കാട് ജില്ലയിലെ യുവതി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് പി.വി. ആശയുടെ ഉത്തരവ്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് ഹര്‍ജിക്കാരി രജിസ്ട്രാര്‍ക്ക് ഫെബ്രുവരി നാലിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നോട്ടീസ് കാലപരിധിയായ 30 ദിവസം തീരുംമുമ്പ് ഹര്‍ജിക്കാരിക്ക് വടക്കന്‍ അയര്‍ലന്‍ഡിലെ ക്വീന്‍സ് സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു പ്രവേശനത്തിനെത്തണം. അതിനാല്‍ നോട്ടീസ് കാലാവധിയില്‍ ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ നോട്ടീസ് കാലാവധി തീരുമ്പോഴേക്ക് വരന്‍ മാത്രമേ സ്ഥലത്തുണ്ടാവൂ. ആ സാഹചര്യത്തില്‍ തന്‍റെ ഡിജിറ്റല്‍ രീതിയിലൂടെയുള്ള സാന്നിദ്ധ്യം അംഗീകരിച്ച് വിവാഹം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, സ്പേഷ്യല്‍ മാര്യേജ് നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി വാക്കുകളിലൂടെ നിര്‍വചിക്കപ്പെട്ടതാണെന്നും വ്യാഖ്യാനത്തിലൂടെ നോട്ടീസ് കാലാവധിയിലോ നേരിട്ടോ ഒപ്പുവെക്കണമെന്ന വ്യവസ്ഥയിലോ ഇളവ് സാധ്യമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വധുവരന്മാരുടെയും സാക്ഷികളുടയും ഒപ്പ് രജിസ്ട്രാര്‍ വിവാഹ രജിസ്റ്ററില്‍ വാങ്ങണമെന്നാണ് നിയമം. ഇതില്‍ മാറ്റം വരാതെ ഇത്തരം കാര്യങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.