Sankeerthanam News

ശ്രേയയുടെ മരണം
വൈദികനെയും കന്യാസ്ത്രീയെയും പ്രതികളാക്കി സി.ബി.ഐ. കുറ്റപത്രം

ആലപ്പുഴ: ആലപ്പുഴ സൗത്ത് സ്വദേശി ശ്രേയാ ബഞ്ചമിന്‍റെ മരണത്തില്‍ ഫാ. മാത്തുക്കുട്ടിയെയും സിസ്റ്റര്‍ സ്നേഹ മരിയയെയും പ്രതികളാക്കി സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം നല്‍കി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള സെന്‍റ് ആന്‍റണി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രേയ. രൂപതയുടെതന്നെ കീഴിലുള്ള അക്സെപ്റ്റ് കൃപ എന്ന സംഘടന നടത്തിയ ദ്വിദിന ബോധവല്‍ക്കരണ ക്ലാസ്സില്‍ എത്തിയതായിരുന്നു ശ്രേയ. സണ്‍ഡെസ്കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 70 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കുട്ടികളെ പള്ളിയുടെ കീഴിലുള്ള ആശ്രമത്തിലെ കോട്ടേജുകളിലാണ് താമസിപ്പിച്ചിരുന്നത്. തിരച്ചിലില്‍ സമീപത്തെ കുളത്തില്‍ നിന്ന് ശ്രേയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ശ്രേയയെ ഫാ. മാത്തുക്കുട്ടി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പോലീസില്‍ നിന്ന് അന്വേഷണം സി.ബി.ഐ. യില്‍ എത്തിയത്. സി.ബി.ഐ. നടത്തിയ അന്വേഷണത്തില്‍, ശ്രേയയുടേത് കൊലപാതകമല്ലെന്നും ക്യാമ്പ് സംഘടിപ്പിച്ചവരുടെ ശ്രദ്ധക്കുറവാണ് ശ്രേയ കുളത്തില്‍ വീണു മരിക്കാനിടയാക്കിയതെന്നും കണ്ടെത്തി.
കെട്ടിടത്തില്‍നിന്ന് 15 മീറ്റര്‍ മാത്രം അകലമുണ്ടായിരുന്ന കുളത്തിന് സുരക്ഷാവേലി ഇല്ലാത്തതാണ് കുട്ടി കുളത്തില്‍ വീണ് മരണമടയാന്‍ കാരണമെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. രാത്രി ഉണര്‍ന്ന് മുറിക്കു പുറത്തെത്തിയ പെണ്‍കുട്ടി, ആശ്രമത്തിലെ പട്ടികളുടെ കുരകേട്ട് ഭയന്ന് കുളത്തിലേക്ക് കാല്‍വഴുതി വീണതാകാമെന്നാണ് സി.ബി.ഐ. നിഗമനം.
ആശ്രദ്ധ മൂലമുണ്ടാകുന്ന മരണത്തിനാണ് സി.ബി.ഐ. കുറ്റപത്രം നല്‍കിയത്.