ഫാദര്‍ സ്റ്റാന്‍ സാമിയോട് അനുകമ്പകാട്ടണം

മുംബയില്‍ ജസ്യൂട്ട് പുരോഹിതര്‍ ഫാദര്‍ സ്റ്റാന്‍ സാമിയുടെ മോചനം ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധം. ഫോട്ടോയ്ക്ക് ടൈംസ് ഓഫ് ഇന്ത്യയോട് കടപ്പാട്

ത്മീയ നേതാക്കളുടെയും രാഷ്ട്രീയനേതാക്കളുടെയും കൂടിക്കാഴ്ചകള്‍ വലിയ വാര്‍ത്തകളാണല്ലോ ഇപ്പോള്‍. സംസ്ഥാന തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയതിനാല്‍ ഈ കാഴ്ചകള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കര്‍ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയ സഭാ രാഷ്ട്രീയ രംഗത്ത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടത് ഈ കാരണത്താലാണ്. തടവില്‍ കഴിയുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനകാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കര്‍ദിനാള്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ഇടപെടില്ലന്ന സന്ദേശമാണ് അവര്‍ക്ക് ലഭിച്ചതെന്നറിയുന്നു. ദേശീയ അന്വേഷണ ഏജന്‍സികളുടെ കാര്യങ്ങളില്‍ സര്‍ക്കാരിനു നേരിട്ട് ഇടപെടുന്നതിനുള്ള പരിമിതിയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞുവത്രെ. പ്രശ്നത്തെക്കുറിച്ചു ബോധ്യമുണ്ടെന്നും വയോധികനായ വൈദികനോട് അനുകമ്പയുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സാമി ദീര്‍ഘ വര്‍ഷങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്ന് ശബ്ദമുയര്‍ത്തുന്ന ആളാണ്. തമിഴ്നാട്ടുകാരനായ അദ്ദേഹം 1990ലാണ് പ്രേഷിത പ്രവര്‍ത്തനത്തിനായി ജാര്‍ഖണ്ഡിലെത്തിയത്. എം.എ. സോഷ്യോളജി ബിരുദധാരിയായ അദ്ദേഹത്തെ ആദിവാസികളുടെയും ദളിതരുടെയും മൃഗതുല്ല്യമായ ജീവിതം ഏറെ സങ്കടപ്പെടുത്തി. ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ക്കോപ്പം അദ്ദേഹം നിലയുറപ്പിച്ചു. അവര്‍ രൂപംനല്‍കിയ ജോഹര്‍ എന്ന സംഘടനയുടെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു.
ജാര്‍ഖണ്ഡിലെ കുന്തി ജില്ലയിലെ ആദിവാസികള്‍ സര്‍ക്കാരിനെതിരെ വിപ്ലവപ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് 2018ല്‍ ഗവണ്‍മെന്‍റ് പട്ടാളത്തെയിറക്കി. ആദിവാസികളെ പട്ടാളം അതിക്രൂരമായി അടിച്ചമര്‍ത്തി. ഭരണകൂടത്തിന്‍റെ ഈ ക്രൂരത സ്റ്റാന്‍ സാമി ഫേസ്ബുക്ക് പേജിലൂടെ അപലപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ആദ്യ കേസുണ്ടാകുന്നത്. പിന്നീട് നടന്നകാര്യങ്ങള്‍ അദ്ദേഹത്തെ അറിയാവുന്നവരെയെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു. മഹാരാഷ്ട്രയിലെ ഭീമ-കൊറഗാവ് പ്രക്ഷോപത്തിന് പിന്നില്‍ ഫാദര്‍ സ്റ്റാന്‍ സാമിക്ക് ബന്ധമുണ്ടന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 8ന് അദ്ദേഹത്തെ ജയിലിലടച്ചു. എണ്‍പത്തിമൂന്നുകാരനായ ഫാദര്‍ സ്റ്റാന്‍ സാമി ഇപ്പോഴും ജയിലില്‍തന്നെയാണ്. അദ്ദേഹത്തിന്‍റെ ജയില്‍ജീവിതം നീളുമെന്ന സൂചനതന്നെയാണ് കര്‍ദ്ദിനാളന്‍മാര്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷവും ലഭിക്കുന്നത്. വയോധികനായ ഫാദര്‍ സ്റ്റാന്‍ സാമിയോട് അനുകമ്പകാട്ടാന്‍ ഭരണകൂടം തയ്യാറാകണം. ജയിലിന്‍റെ യാതനകള്‍ അനുഭവിച്ച് തീരേണ്ടതല്ല ഈ പുരോഹിതന്‍റെ ജീവിതം. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ അദ്ദേഹത്തോടൊപ്പം നില്‍ക്കണ്ട ബാദ്ധ്യത നമുക്കുണ്ട്. സഭയുടെ സാമൂഹ്യ ദൗത്യം മറക്കാതിരിക്കാം.
ആദിവാസികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനേയും ഫാദര്‍ സ്റ്റാന്‍ സാമിയുടെ പ്രവര്‍ത്തനങ്ങളെയും ആരെല്ലാമാണ് ഭയക്കുന്നത് എന്നതും എന്താണ് അതിന്‍റെ കാരണമെന്നതും പ്രസക്തമായ ചോദ്യമാണ്. അവയുടെ ഉത്തരം അത്രമേല്‍ സുഖകരമാകണമെന്നില്ല. എങ്കിലും നീതി നിഷേധിക്കപ്പെടുന്നിടത്ത് ക്രിസ്തുവിന്‍റെ മുഖമായി മാറേണ്ടത് ഓരോ ക്രിസ്തു വിശ്വാസിയുടെയും കടമയാണ്. ഈ കടമ നിര്‍വഹിച്ചതിനാലാണ് ഫാദര്‍ സ്റ്റാന്‍ സാമി ക്രിസ്തുവിന്‍റെ മുഖമാകുന്നത്.

  • വിജോയ് സ്കറിയ പെരുമ്പെട്ടി