മറക്കരുത്, നിഖ്യാവിശ്വാസപ്രമാണത്തെതും വിശുദ്ധ അത്താനാസ്യോസിനെയും

ഈജിപ്തിലെ അലക്സാന്ത്രിയന്‍ സഭയുടെ മെത്രാനായിരുന്നു സഭാപിതാവായ വിശുദ്ധ അത്താനാസ്യോസ് (ഏ.ഡി. 296-373). അലക്സാന്ത്രിയയിലെ 20-ാമതു പാത്രിയര്‍ക്കീസായിരുന്നു. മെയ് 2ന് പരമ്പരാഗത സഭകള്‍ അദ്ദേഹത്തിന്‍റെ മരണം അനുസ്മരിക്കുന്നു.
ഏ.ഡി. 319 ല്‍ ഡീക്കനായി സഭാ സേവനം ആരംഭിച്ചു. അലക്സാന്ത്രിയായിലെ മെത്രാനായിരുന്ന അലക്സാണ്ടറുടെ ദൈവശാസ്ത്ര ഉപദേശകന്‍ എന്ന നിലയില്‍ നിഖ്യാ സുന്നഹദോസില്‍ പങ്കെടുത്തു. അറിയൂസിന്‍റെ വേദ വിപരീതങ്ങള്‍ക്കെതിരെ നിഖ്യാസുന്നഹദോസില്‍ ശക്തമായ നിലപാടു സ്വീകരിച്ചു. ഏ.ഡി. 367ല്‍ എഴുതിയ ഈസ്റ്റര്‍ സന്ദേശത്തില്‍ പുതിയ നിയമത്തിലെ 27 പുസ്തകങ്ങള്‍ ആധികാരികമെന്ന് സൂചിപ്പിച്ചു. കാനോനിക ഗ്രന്ഥങ്ങളുടെ നിരവധി പട്ടിക അക്കാലത്തിനുമുമ്പേ ഉണ്ടായിരുന്നു. 27 ഗ്രന്ഥങ്ങള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത് വിശുദ്ധ അത്താനാസ്യോസാണ്. ഏ.ഡി. 393 ലെ ഹിപ്പോസുന്നഹദോസും ഇതുതന്നെ സ്വീകരിച്ചു. ഏ.ഡി. 397 ലെ കാര്‍ത്തേജ് കൗണ്‍സില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ശരിവച്ചുകൊണ്ട് 27 പുസ്തകങ്ങള്‍ കാനോനികമായി അംഗീകരിച്ചു.
നിഖ്യാവിശ്വാസപ്രമാണത്തിന്‍റെ രൂപീകരണത്തില്‍ വിശുദ്ധ അത്താനാസ്യോസ് അതുല്യമായ പങ്കുവഹിച്ചു. പുത്രന്‍ സൃഷ്ടിയാണെന്നും പിതാവിനോടു സമനല്ലെന്നും വാദിച്ച ആര്യനിസത്തിനെതിരെ പിതാവും പുത്രനും സമസ്വഭാവമുള്ളവരെന്ന് വിശുദ്ധ അത്താനാസ്യോസ് തെളിയിച്ചു. ഇതു സൂചിപ്പിക്കുന്ന ദൈവശാസ്ത്രപദമാണ് ‘ഹോമോഊസിയോസ്.’ ക്രിസ്തുവിന്‍റെ വ്യക്തിത്വവും ദൈവത്വവും ജ്ഞാനവാദികളും ആര്യനിസവും വികലമായി ചിത്രീകരിച്ചപ്പോള്‍ ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെ സമഗ്രത കൃത്യമായി രേഖപ്പെടിത്തിയ നിഖ്യാവിശ്വാസപ്രമാണം കാലത്തിന്‍റെ ആവശ്യമായിരുന്നു.
സത്യവിശ്വാസത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട വിശുദ്ധ അത്താനാസ്യോസിന് ആര്യപക്ഷക്കാരില്‍നിന്നും വലിയ എതിര്‍പ്പുനേരിടേണ്ടിവന്നു. ആര്യന്‍ പക്ഷവാദികളായ ചക്രവര്‍ത്തിമാര്‍ അത്താനാസ്യോസിനെ പലതവണ നാടുകടത്തി. കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടതുമൂലം ഈജിപ്തിലെ മണലാരണ്യത്തിലേക്കുപോയി താപസനായി ജീവിച്ചു. തിരിച്ചുവന്ന അദ്ദേഹത്തെ ജൂലിയന്‍ ചക്രവര്‍ത്തി ദൈവവിരോധി എന്നാരോപിച്ച് വീണ്ടും മരുഭൂമിയിലേക്കു വിട്ടു. ജൂലിയന്‍റെ മരണശേഷം (ഏ.ഡി. 363) മടങ്ങി വന്ന അദ്ദേഹം ഏ.ഡി. 373 മെയ് 2-ാം തീയതി കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. 4-ാം നൂറ്റാണ്ടിലെ മഹാനായ ദൈവശാസ്ത്രജ്ഞനായിരുന്നു വിശുദ്ധ അത്താനാസ്യോസ്.