എങ്ങനെ ജീവിതം കൂടുതല്‍ വിജയമാക്കാം?

ജിജി തോംസണ്‍
ഴയനിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ യോവാശ്, യിസ്രായേല്‍ രാജാവാകുന്നതിന്‍റെ കഥ പറയുന്നു (2 രാജാ.13). ഏലിശാ പ്രവാചകനായിരുന്നു അദ്ദേഹത്തിന്‍റെ ഗുരു. ഗുരുവിന്‍റെ മരണക്കിടക്കയ്ക്കരികില്‍ യോവാശ് ചെല്ലുന്നു. എന്നിട്ട് “യിസ്രായേലിന്‍റെ തേരും തേരാളിയുമായുള്ളോനേ” എന്നുപറഞ്ഞ് വിലപിക്കുന്നു. കരഞ്ഞുകൊണ്ടിരുന്ന യുവരാജാവിനെ നോക്കി “നിന്‍റെ അമ്പും വില്ലും കൊണ്ടുവരിക”എന്ന് ഏലിശാപ്രവാചകന്‍ പറഞ്ഞു. യോവാശ് അത് അനുസരിച്ചു. അദ്ദേഹത്തിന്‍റെ കൈയില്‍ പ്രവാചകന്‍ സ്വന്തം കൈവച്ച് അനുഗ്രഹിച്ചു. “കിഴക്കെ കിളിവാതില്‍ തുറക്കുക” എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ അത് തുറന്നു. “എയ്യുക”എന്ന് ആജ്ഞാപിച്ചപ്പോള്‍ യോവാശ് അമ്പ് എയ്തു. അപ്പോള്‍ ഏലീശാ “അത് യഹോവയുടെ ജയാസ്ത്രം; നീ അരാമ്യരെ തോല്‍പിച്ച് അവരെ അശേഷം സംഹരിക്കും”എന്നുപറഞ്ഞു. വീണ്ടും അമ്പ് എടുക്കാന്‍ അദ്ദേഹം പറഞ്ഞു. യോവാശ് എടുത്തു. നിലത്തടിയ്ക്ക് എന്ന് ആജ്ഞാപിച്ചു. യോവാശ് മൂന്നുപ്രാവശ്യം അടിച്ച് നിര്‍ത്തി. അപ്പോള്‍ ദൈവപുരുഷന്‍ അവനോട് കോപിച്ചു: “നീ അഞ്ചാറുപ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാല്‍ നിനക്ക് അരാമ്യരെ തോല്‍പിച്ച് അവരെ നിശ്ശേഷം സംഹരിക്കാമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്‍പിക്കാം എന്നുപറഞ്ഞു.”
സ്ഥിരോത്സാഹിയല്ലാത്ത ഒരു യുവരാജാവിനെയാണ് ഈ വേദഭാഗത്ത് നാം പരിചയപ്പെടുന്നത്. അമ്പ് നിലത്തടിക്കാന്‍ ഏലിശാ കല്പിച്ചപ്പോള്‍ യോവാശ് അനുസരിച്ചു. ‘നിര്‍ത്തുക’ എന്ന് അദ്ദേഹം ആജ്ഞാപിക്കുന്നതുവരെ അവന്‍ അത് തുടരേണ്ടിയിരുന്നു. അതിനു പകരം അടിച്ചിട്ട് നിര്‍ത്തിക്കളഞ്ഞു. അതാണ് ദൈവപുരുഷനെ കോപിപ്പിച്ചത്. നല്ല അനുസരണ ഉണ്ടായിരുന്നുവെങ്കിലും സ്ഥിരോത്സാഹം രാജാവിന് ഉണ്ടായിരുന്നില്ല. പരീക്ഷകള്‍ എഴുതാന്‍ തയ്യാറാവുന്നവര്‍ ഇതുപോലെയാണ്. നല്ല അച്ചടക്കത്തോടെ പഠിക്കും. ആദ്യപരീക്ഷയില്‍ തോറ്റാല്‍ വേണ്ടെന്നുവെക്കും. ‘ഓ, ഇതൊക്കെ മതി’ എന്ന ചിന്ത. അതുപോരാ, പരീക്ഷയില്‍ ജയിക്കുന്നതുവരെ കിണഞ്ഞു പരിശ്രമിച്ചേ മതിയാവൂ. അപ്പോഴാണ് വിജയം മന്ദഹസിക്കുന്നത്.
നാം ഓരോരുത്തരും ജനിക്കുന്നത് പ്രതിഭാശാലികളായിട്ടാണ്. പക്ഷേ, നാം നമ്മുടെ പ്രതിഭ തിരിച്ചറിയുന്നില്ല. യിരമിയ പ്രവാചകനുണ്ടായ വെളിപാട് ശ്രദ്ധിക്കുക. അദ്ദേഹം അമ്മയുടെ ഉദരത്തില്‍ നിന്ന് ജനിക്കുന്നതിനു മുമ്പേ യഹോവ അവനെ കാണുകയും ദേശങ്ങള്‍ക്കുള്ള പ്രവാചകനായി അവനെ നിയമിക്കുകയും ചെയ്തിരുന്നു (യിര. 1:15). ‘അമ്മയുടെ ഉദരത്തില്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ തന്നെ അവന്‍ എന്നെ കണ്ടു’ എന്ന് ദാവീദ് 138-ാം സങ്കീര്‍ത്തനത്തില്‍ പറയുന്നു. യിരമിയ പ്രവാചകനെപ്പോലെ ദാവീദും പ്രതിഭാശാലിയായിട്ടാണ് ജനിച്ചത്. നമ്മളും ഇതുപോലെതന്നെ. പക്ഷേ, നാം അത് തിരിച്ചറിയുന്നില്ല; അഥവാ അറിഞ്ഞാല്‍ തന്നെ അത് വികസിപ്പിക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ല. ഫലമോ? പ്രതിഭാശാലിയായി ജനിക്കുന്ന ഓരോരുത്തരും വെറും ഇടത്തരക്കാരായി ജീവിതം അവസാനിപ്പിക്കുന്നു. ജീവിതത്തില്‍ വിജയത്തിന്‍റെ കൊടുമുടിയില്‍ എത്തുന്നവരും, ഇടത്തരക്കാരായി ജീവിതം അവസാനിപ്പിക്കുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ്? ആദ്യത്തെക്കൂട്ടര്‍ തങ്ങളുടെ പരിമിതിയെ സംബന്ധിച്ച് ബോധവാന്മാരാണെങ്കിലും അത് മറികടക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ കര്‍മ്മനിരതരാകുന്നു. രണ്ടാമത്തെ കൂട്ടര്‍ പരിമിതികളുടെ മുമ്പില്‍ മുട്ടുമടക്കുന്നു.
കേന്ദ്രബിന്ദു നിങ്ങളാണ്. അതിനു ചുറ്റുമുള്ളത് നിങ്ങളുടെ ഇപ്പോഴുള്ള സൗകര്യ മേഖലയാണ്. ഇത് നിങ്ങള്‍ക്ക് ചിരപരിചിതമായ മേഖല; നിങ്ങളുടെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങളും ദുഷിച്ച പ്രവണതകളുമെല്ലാം അടങ്ങുന്ന പരിചിത മേഖല. ഇവിടെ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ വിരാജിക്കാം. എന്നാല്‍ ഇതിനപ്പുറത്തുള്ള മേഖല-അസൗകര്യ മേഖല-യിലേക്കു കടക്കണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. ഉദാഹരണത്തിന് നിത്യവും രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുക; അര മണിക്കൂര്‍ പ്രാര്‍ത്ഥിക്കുക; ഒരു മണിക്കൂര്‍ യോഗ/വ്യായാമം നടത്തുക; പുകവലി/മദ്യപാനം നിര്‍ത്തുക; സ്വപ്നംകണ്ട്നടക്കുന്ന പദ്ധതികള്‍ തുടങ്ങുക- ഇതെല്ലാം ‘അസൗകര്യമേഖല’യില്‍ ഉള്‍പ്പെടുന്നു. ഇതൊക്കെ ചെയ്യണമെങ്കില്‍ അച്ചടക്കം വേണം. സ്ഥിരപ്രയത്നം വേണം. യോവാശിനെപ്പോലെ ഒരുപ്രാവശ്യം വില്ലുകുലച്ചിട്ട് നിലത്തിട്ടാല്‍ പോരാ; നൂറുമീറ്റര്‍ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഒരു അത്ലറ്റിനെ പോലെ കര്‍ശനമായ അച്ചടക്കത്തോടെ അത്യന്ത പരിശ്രമം നടത്തണം. അങ്ങനെ അക്ഷീണ പ്രയത്നം നടത്തുമ്പോള്‍ സൗകര്യമേഖല ക്രമേണ വലുതാകുകയും അസൗകര്യമേഖല അപ്രത്യക്ഷമാകുകയും ചെയ്യും. അപ്പോള്‍ പുതിയപുതിയ പരിമിതികള്‍ ഉണ്ടാവും. അവയെല്ലാം മറികടക്കണം. അപ്പോള്‍ അസൗകര്യങ്ങള്‍ കൂടും. ഇതെല്ലാം കുറച്ചുകൊണ്ടുവരുന്നത് ശ്രമകരമായ ഒരു ജോലിയാണ്. (ചിത്രം 2 നോക്കുക) ഇവിടെ വിജയിക്കണമെങ്കില്‍ കൂടുതല്‍ പ്രതിബദ്ധത ഉണ്ടായേ തീരൂ.
ജീവിതവിജയം സുനിശ്ചിതമാക്കാന്‍ ‘സൗകര്യമേഖല’യില്‍ നിന്നും പുറത്തുകടന്നേ തീരൂ. അസൗകര്യ മേഖലയിലേക്കു പ്രവേശിക്കുമ്പോഴാണ് നാം ലക്ഷ്യപ്രാപ്തി നേടുന്നത്. കൂടുതല്‍ ലക്ഷ്യബോധം; കൂടുതല്‍ അച്ചടക്കം; കൂടുതല്‍ സ്ഥിരോത്സാഹം; കൂടുതല്‍ പ്രതിബദ്ധത-ജീവിതവിജയത്തിന് ഇവയാണ് വഴികാട്ടുന്നത്.
ജീവിതവിജയത്തിന് നാം പാലിക്കേണ്ട പ്രധാനപ്പെട്ട ചില നിബന്ധനകളുണ്ട്.
ജീവിതലക്ഷ്യം കണ്ടുപിടിക്കുക
എന്താണ് എന്‍റെ ജീവിതലക്ഷ്യം? ഈ ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടെത്തുമ്പോഴാണ് വാസ്തവത്തില്‍ നമ്മുടെ ജീവിതം ആരംഭിക്കുന്നത്. വലിയ സ്ഥാപനങ്ങള്‍ അവയുടെ ‘മിഷന്‍ സ്റ്റേറ്റ്മെന്‍റ്’ പ്രഖ്യാപിക്കും. എന്താണ് ഈ കമ്പനിയുടെ/സ്ഥാപനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം എന്ന് എല്ലാവരെയും ഓര്‍മ്മിപ്പിക്കാന്‍ ഇത് സഹായകമാവും. ഇതുപോലെ നമ്മള്‍ ഓരോരുത്തരും നമ്മുടെ ‘മിഷന്‍ സ്റ്റേറ്റ്മെന്‍റ്’ ഉണ്ടാക്കണം. എനിക്ക് ഒരു മന്ത്രിയാവണം; അല്ലെങ്കില്‍ ഡോക്ടറാവണം; എന്‍ജിനീയറാവണം എന്നൊക്കെ പറഞ്ഞാല്‍ മിഷന്‍ സ്റ്റേറ്റ്മെന്‍റ് ആവില്ല. മറ്റുള്ളവരുടെ ജീവിതത്തെ സ്പര്‍ശിച്ച്, അവരെ സഹായിച്ച്, അവരുടെ നന്മകള്‍ പുറത്തുകൊണ്ടുവന്ന്, അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതാണ് എന്‍റെ ജീവിതലക്ഷ്യം എന്നു പറഞ്ഞാല്‍ അത് ഒരു മിഷന്‍ സ്റ്റേറ്റ്മെന്‍റ് ആയി. ക്രൈസ്തവരായ ഓരോരുത്തരും യത്നിക്കേണ്ടത് നല്ലൊരു ക്രിസ്ത്യാനി ആകാന്‍ വേണ്ടിയാവണം. ക്രിസ്തുവിന്‍റെ നല്ല പരസ്യപ്പലക ആവണം.
ആഗ്രഹങ്ങള്‍ ആവേശത്തോടെ പിന്‍തുടരുക
“എനിക്ക് അതിയായ ഒരു ആഗ്രഹമുണ്ട്. ചെറുപ്പത്തിലേ തുടങ്ങിയതാണ്. നല്ലൊരു ഫാഷന്‍ ഡിസൈനര്‍ ആവണം.” ഇങ്ങനെയൊരു ആഗ്രഹം നിങ്ങള്‍ വച്ചുപുലര്‍ത്തുന്നുവെന്ന് വിചാരിക്കുക. ആഗ്രഹിച്ചാല്‍ മാത്രം പോരല്ലോ. അത് യാഥാര്‍ത്ഥ്യമാകാന്‍ അക്ഷീണ പ്രയത്നം കൂടിയേ തീരൂ. ഫാഷന്‍ ഡിസൈനിങ്ങിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും, ആ രംഗത്തുള്ള പ്രവണതകള്‍ മനസിലാക്കുകയും അതിനു വേണ്ട ചേരുവകള്‍ എന്തൊക്കെയെന്ന് കണ്ടുപിടിക്കുകയും ഫാഷന്‍ രംഗത്തെ ഏറ്റവും മികച്ച കോളജുകള്‍ എവിടെ എന്ന് ആരായുകയും, സിലബസ് മനസിലാക്കുകയും പഠനക്രമങ്ങള്‍ കൃത്യതയോടെ പാലിക്കുകയും വേണം. ആഗ്രഹങ്ങള്‍ പൂര്‍ണ്ണമാകുന്നത് അവയെ വികാരാവേശത്തോടെ പിന്‍തുടരുമ്പോഴാണ്.
ലക്ഷ്യം കുറിക്കുക
ലക്ഷ്യബോധമുണ്ടായാല്‍ മാത്രം പോരല്ലോ. ഇത്ര സമയം കൊണ്ട് ഇന്നതൊക്കെ ഞാന്‍ നേടും എന്ന് മനസില്‍ പറഞ്ഞാല്‍ പിന്നെ വേണ്ടത് അത് സഫലമാക്കാനുള്ള പ്രായോഗിക ശ്രമങ്ങളാണ്. ഉല്‍പാദന രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഡെഡ്ലൈനില്‍ വിശ്വസിക്കുന്നു. കൃത്യസമയത്ത് ഉല്‍പാദനം നടത്തിയില്ലെങ്കില്‍ പിന്നെ എന്ത് പ്രയോജനം? നമുക്കും വേണം ഇതുപോലെ കുറെ ഡെഡ്ലൈന്‍സ്. സമയബന്ധിതമായി ലക്ഷ്യങ്ങള്‍ കുറിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമായി.
മനസിനെ പാകപ്പെടുത്തുക
ജീവിതത്തിന്‍റെ ഗുണമേന്മ നമ്മുടെ ചിന്തകളുടെ ഗുണത്തെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ മനസിനെ പാകപ്പെടുത്തി, ചിന്തകളെ ശരിയായ ദിശകളിലേക്കു തിരിച്ചുവിടണം. നിഷേധാത്മക ചിന്തകളെ ഒന്നൊന്നായി പറിച്ചുകളയണം. പകുതി നിറഞ്ഞ ഒരു ഗ്ലാസ് നോക്കിയിട്ട് പകുതി ഇല്ലെന്നോ, പകുതി ഉണ്ടെന്നോ പറയാം. രണ്ടും വസ്തുതാപരമാണ്. എന്നാല്‍ പകുതി ഇല്ല എന്നുപറയുന്നത് നിഷേധാത്മകമാണ്. ഒരുവനെ നോക്കി ഇവന്‍ ഒരു കുടിയനാണ് എന്ന് പറയുന്നുവെന്ന് കരുതുക. അയാള്‍ ഒരുപക്ഷേ മുഴുക്കുടിയനായിരിക്കാം. പറഞ്ഞത് ശരിയുമാവാം. എങ്കിലും ആ കുടിയനും ചില നല്ലഗുണങ്ങള്‍ ഉണ്ടാകാതെ വരുമോ? അയാളിലെ നല്ലഗുണങ്ങള്‍ നോക്കിയിട്ട് ‘ഇവന്‍ നല്ല കരുണയുള്ളവനാണ്’ എന്നു പറയാന്‍ (കുടിയനാണെങ്കില്‍ പോലും) കഴിയുമോ? നമ്മില്‍ ആരാണ് കുറ്റമില്ലാത്തവര്‍? എല്ലാവരിലും ഉണ്ടാവില്ലേ കുറ്റങ്ങളും കുറവുകളും? ഒരിക്കലും ഒരു ദോഷൈകദൃക്കാവരുത്.
നല്ല കൂട്ടുകാരെ കണ്ടെത്തുക
ഒരാളുടെ സൃഹൃത്തുക്കളെ കണ്ടാല്‍ അയാളുടെ സ്വഭാവം ഏകദേശം നിര്‍ണ്ണയിക്കാനാകും. ‘ഒരേ തൂവലുള്ള പക്ഷികള്‍ ഒരുമിച്ച്’ എന്നു കേട്ടിട്ടില്ലേ? ക്രിയാത്മകമായി ചിന്തിക്കുന്ന കൂട്ടുകാരെ കണ്ടെത്തുന്നതും, ചീത്ത കൂട്ടുകെട്ടില്‍ നിന്ന് ഒഴിവാകുന്നതും ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്.
ആത്മവിശ്വാസമുള്ളവനായിരിക്കുക
ആത്മവിശ്വാസമുള്ളവനാകുക എന്നു പറഞ്ഞാല്‍ ദൈവവിശ്വാസമുള്ളവനാകുക എന്നാണ് അര്‍ത്ഥം. നല്ലൊരു ഈശ്വരവിശ്വാസിക്കേ ആത്മവിശ്വാസമുള്ളവനാകാന്‍ കഴിയൂ. ആത്മവിശ്വാസമില്ലാത്തവനാണ് നാസ്തികന്‍. ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ നാം എന്തിന്, ആരെ ഭയപ്പെടണം? സ്വന്തം കഴിവില്‍ മതിപ്പില്ലെങ്കില്‍ പിന്നെ എങ്ങനെ കാര്യം നേടും? ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും; സംശയം വേണ്ട.