
ന്യൂഡല്‍ഹി: സര്‍ക്കാരിനോട് ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി ഒഴിവാക്കിയതിനെ വിമര്‍ശിച്ച മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കെതിരേ നടപടി വേണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ഹര്‍ജി നല്‍കിയ രജത് ശര്‍മ, ഡോ. നേഹ് ശ്രീവാസ്തവ എന്നിവര്‍ക്ക് ജസ്റ്റീസ് എസ് കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് അരലക്ഷം രൂപ പിഴയും ചുമത്തി.
ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാന്‍ താന്‍ ചൈനയുടെ സഹായം തേടുമെന്ന് പ്രസ്താവന നടത്തിയ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരേ നടപടി വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കശ്മീരിനെ ചൈനയ്ക്കും പാക്കിസ്ഥാനും കൈമാറാന്‍ ശ്രമിച്ച അദ്ദേഹത്തിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 -എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിയില്‍ ആരോപിക്കുന്ന കാര്യങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ പരാതിക്കാര്‍ക്ക് അരലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.
2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം വകുപ്പ് റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് ഫാറൂഖ് അബ്ദുള്ള ഉള്‍പ്പെടെ കശ്മീരിലെ വിവിധ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു.