കോട്ടയം: സഭാ പ്രബോധനങ്ങള്‍ക്കും സഭാ നേതൃത്വത്തിനുമെതിരെ നിലപാടുകള്‍ സ്വീകരിക്കുന്ന സഭാംഗങ്ങളെ തിരുത്താനും ആവശ്യമെങ്കില്‍ ശിക്ഷാനടപടി സ്വീകരിക്കാനും അതത് രൂപതാധ്യക്ഷന്മാരെ സീറോ മലബാര്‍ സഭാസിനഡ് ചുമതലപ്പെടുത്തി.
ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലര്‍ മാര്‍ച്ച് ഏഴിനു പള്ളികളില്‍ വായിക്കും. സമീപകാലത്തു സീറോമലബാര്‍ സഭയിലെ ചില വൈദികരും സമര്‍പ്പിതരും അല്‍മായനേതാക്കളും സഭയുടെ അച്ചടക്കത്തെയും കൂട്ടായ്മയെയും വെല്ലുവിളിക്കുന്നതരത്തില്‍ പരസ്യ നിലപാടുകളെടുക്കുന്നതായി സിനഡ് വിലയിരുത്തി. ആഭ്യന്തരവേദികളില്‍ ചര്‍ച്ചചെയ്തു പരിഹരിക്കേണ്ട വിഷയങ്ങള്‍ പൊതുവേദികളില്‍ വിവാദമാക്കുന്നതിലൂടെ സഭയ്ക്കുണ്ടാവുന്ന മുറിവു വലുതാണ്.
മൗലികവാദങ്ങള്‍ സമൂഹത്തിന്‍റെ ഭദ്രതയ്ക്കും സമുദായ സൗഹൃദത്തിനും ഹാനികരമാണ്. ഇതര മതങ്ങളുമായുള്ള ബന്ധം, ആരാധനാക്രമം, സഭയിലെ കരിസ്മാറ്റിക് നവീകരണം തുടങ്ങിയ മേഖലകളില്‍ മൗലിക വാദപരവും വിഭാഗീയത ഉളവാക്കുന്നതുമായ ചില നിലപാടുകള്‍ മുളയെടുക്കുന്നുണ്ട്. ഇവ സമൂഹത്തിലും സഭയിലും ഏറെ വിവാദങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണമാകുന്നു. സഭയുടെ നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇത്തരം നിലപാടുകള്‍ വരുത്തുന്ന അപകടങ്ങള്‍ ദൂരവ്യാപകമാണെന്ന് സര്‍ക്കുലര്‍ പറയുന്നു.