പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമാക്കാന്‍ ബസ് സ്റ്റോപ്പില്‍ ഉള്‍പ്പെടെ അധ്യാപകര്‍ക്ക് ചുമതല നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മലപ്പുറം മാറഞ്ചേരി, വന്നേരി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ജില്ലാവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.ഇ), ഹയര്‍സെക്കന്‍ഡറി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി.), വി.എച്ച്. എസ്. ഇ അസി. ഡയറക്ടര്‍ (എ.ഡി) എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകള്‍ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തണം. പത്ത്, പ്ലസ് ടു കുട്ടികള്‍ക്ക് സ്കുള്‍ തുറക്കുന്ന ഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും ആരോഗ്യവകുപ്പും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് ക്ലാസ് മുറികളിലും സ്കൂള്‍ കോമ്പൗണ്ടിലും സാമൂഹിക അകലം പാലിക്കുന്ന വിദ്യാര്‍ത്ഥികള്‍ പലയിടത്തും ബസ് സ്റ്റോപ്പുകളില്‍ കൂട്ടം കൂടി നില്‍ക്കുന്നെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂള്‍ പരിസരത്തെ ബസ് സ്റ്റോപ്പുകളില്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കുന്നത്. സ്കുളുകളില്‍ നിന്ന് കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കുന്നത് സംബന്ധിച്ച പ്രതിദിന റിപ്പോര്‍ട്ട് ശേഖരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലകളില്‍ സ്കൂളുകളിലെ സാഹചര്യം വിലയിരുത്തുന്നതിന് യോഗം വിളിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. ഓരോ ജില്ലയിലും ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗം ഡി.ഡി.ഇയും പ്രിന്‍സിപ്പല്‍മാരുടെ യോഗം ആര്‍.ഡി.ഡി.യും വി.എച്ച്. എസ്.ഇ. പ്രിന്‍സിപ്പല്‍മാരുടെ യോഗം എ.ഡി.മാരും വിളിച്ച് ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണം എന്നാണ് നിര്‍ദ്ദേശം.