മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ എവിടെ?

റ്റി.വി.ജോര്‍ജ്
ഈ യുഗത്തിന്‍റെ അന്ത്യം, അനന്തര സംഭവങ്ങള്‍ എന്നിവ കാലാനുക്രമമായി അല്ലെങ്കിലും വിശദമായി വിശുദ്ധ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വിഷയങ്ങള്‍ വിശുദ്ധ തിരുവെഴുത്തുകളില്‍ നിന്നു വേര്‍തിരിച്ച് കാലാനുക്രമമായും വ്യവസ്ഥാനുസൃതമായും പഠനവിധേയമാക്കുന്നതിനാണ് യുഗാന്ത്യ വിജ്ഞാനീയം എന്നു പറയുന്നത്. ഇന്നത്തെ കാലഘട്ടത്തിന്‍റെ ആത്യന്തികാവശ്യമാണ് അന്ത്യകാല വിജ്ഞാനീയം സംബന്ധിച്ച പഠനം. കാരണം ജീവോല്‍പത്തിയെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും മനുഷ്യമനസ്സില്‍ ഉദിച്ചുയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് തിരുവെഴുത്തു നല്‍കുന്ന ആധികാരിക ഉത്തരമാണത്.
ദൈവമക്കളുടെ വിശുദ്ധജീവിതത്തിനും ഭാവി പ്രത്യാശയ്ക്കും പ്രേരണാജനകമായ ഒന്നായി ഈ പഠനം നിലകൊള്ളുന്നു. ഒപ്പം രക്ഷിക്കപ്പെടാത്ത ഒരുവന്‍റെ ജീവിതാന്ത്യം എന്തായിത്തീരുമെന്ന് അവരെ ബോധവല്‍ക്കരിക്കുവാനും ഈ ചിന്താധാര ഉപകരിക്കും. അന്ത്യകാല ശാസ്ത്ര പഠനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വേദപണ്ഡിതനായ സി.സി.റിറിക് ഇപ്രകാരം പറഞ്ഞിരിക്കുന്നു.

  1. വിശ്വാസികളുടെ ജീവിതത്തില്‍ ആദ്ധാത്മിക സന്തോഷം ഉളവാക്കുന്നു (2 കൊരി. 4:17).
  2. വിശുദ്ധ ജീവിതത്തിനും ശുദ്ധീകരണത്തിനും ശക്തമായ പ്രചോദനം പ്രദാനം ചെയ്യുന്നു (1 യോഹ. 1:3).
  3. വിശ്വാസികളുടെ ജീവിതത്തില്‍ വിവിധ ആവശ്യങ്ങളില്‍ സമസ്ത തിരുവെഴുത്തുകളെയുംപോലെ അത് ലാഭകരമാണ് (2 തിമൊ. 3:16, 17).
  4. മരണാനന്തര ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം സുവ്യക്തമാക്കുന്നു (2 കൊരി. 5:8).
  5. ചരിത്രത്തിന്‍റെ സത്യം അത് തെളിവാക്കുന്നു (2 പത്രോ. 1:20, 21)
  6. നിറവേറിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങള്‍ തിരുവചനത്തിന്‍റെ ദൈവവിശ്വാസ്യതയെ തെളിയിക്കുന്നു.
  7. സകലത്തെയും നിയന്ത്രിക്കുകയും ചരിത്രത്തില്‍ തന്‍റെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്ന ദൈവത്തെ ആരാധിക്കുവാന്‍ നമ്മുടെ ഹൃദയങ്ങളെ സ്വാധീനിക്കുന്നു.
    യുഗാന്ത്യ വിജ്ഞാനീയത്തിനു രണ്ടു ശാഖകളുണ്ട്. വൈയക്തിക യുഗാന്ത്യ വിജ്ഞാനീയവും ( Personal or individual Eschatology), സാമാന്യ യുഗാന്ത്യ വിജ്ഞാനീയവും ( General Eschatology ), മരണം, ആത്മാവിന്‍റെ അമര്‍ത്ത്യത, മരണത്തിനും പുനരുത്ഥാനത്തിനും ഇടയ്ക്കുള്ള ആത്മാവിന്‍റെ അവസ്ഥ, മരിച്ചവരുടെ ഇടയില്‍നിന്നുള്ള പുനരുത്ഥാനം എന്നിവയാണ് വൈയക്തിക യുഗാന്ത്യ വിജ്ഞാനീയം ഉള്‍ക്കൊള്ളുന്നത്. ക്രിസ്തുവിന്‍റെ പുനരാഗമനം, പുനരുത്ഥാനങ്ങള്‍, ന്യായവിധികള്‍, സഹസ്രാബ്ദവാഴ്ച, നിത്യരാജത്വം തുടങ്ങിയവയാണ് സാമാന്യയുഗാന്ത്യ വിജ്ഞാനീയത്തില്‍. ആധുനിക ഭാഷാന്തരങ്ങള്‍ ലോകാവസാനത്തിനു പകരം യുഗസമാപ്തി, യുഗാന്ത്യം എന്നീ പ്രയോഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ സഹസ്രാബ്ദ വാഴ്ച, പുതുവാനഭൂമി അഥവാ നിത്യരാജത്വം എന്നീ വിഷയങ്ങള്‍ ഒഴിച്ച് ബാക്കി വിഷയങ്ങളുടെ ഒരു സംക്ഷിപ്ത പഠനമാണ് ഈ ലേഖനം. പ്രസ്തുത വിഷയങ്ങളുടെ പഠനം നമ്മെ ” പ്രാര്‍ത്ഥനയ്ക്കു സുബോധമുള്ളവരും നിര്‍മ്മമദരും ആയിരിപ്പാന്‍” സഹായിക്കട്ടെ( 1 പത്രോ. 4:7).
    മരണവും ആത്മാവിന്‍റെ അമര്‍ത്ത്യതയും
    പുരാതന ഭക്തന്മാരില്‍ ഒരുവനായ ഇയ്യോബ് ചോദിച്ചു: ” മനുഷ്യന്‍ പ്രാണനെവിട്ടാല്‍ പിന്നെ അവന്‍ എവിടെ” ? څچമനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ? (ഇയ്യോബ് 14:10, 14). ഇത് ഇയ്യോബിന്‍റെ മാത്രം ചോദ്യം അല്ല. ഭാവിയെക്കുറിച്ച് ചിന്തയുള്ള എല്ലാവരില്‍നിന്നും ഉയരുന്ന ചോദ്യമാകുന്നു. പ്രസ്തുത ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാന്‍ ജീവശാസ്ത്രജ്ഞന്മാരും, മന:ശാസ്ത്രജ്ഞന്മാരും, മതചിന്തകന്മാരും തങ്ങളാല്‍ ആവോളം പരിശ്രമിക്കുന്നുണ്ട്. പക്ഷേ അവരെല്ലാം ഒരു സങ്കല്‍പ ലോകത്തില്‍ മാത്രം കാലൂന്നി നില്‍ക്കുകയാണ്. ഭൗതികവാദികളുടെ നിഗമനത്തില്‍ എല്ലാം മരണത്തോടുകൂടെ അവസാനിക്കുന്നു. മരണാനന്തര കാര്യങ്ങളെക്കുറിച്ച് അജ്ഞതയോ അവ്യക്തതയോ ആണ് ഭൗതികസിദ്ധാന്തങ്ങള്‍ക്ക് എല്ലാം ഉള്ളത്.
    യവനദാര്‍ശികനായ പൈതഗോറസിന്‍റെ കാലംമുതല്‍ പുനര്‍ജനനം എന്ന ചിന്താപദ്ധതി രൂപംകൊള്ളുകയും കാലാന്തരത്തില്‍ പല മതങ്ങളുടെയും അടിസ്ഥാന പ്രമാണമായി അത് മാറുകയും ചെയ്തു. മരണാനന്തരമുള്ള ദേഹാന്തര പ്രാപ്തിയാണ്( ഏതെങ്കിലും ജീവികളുടെ ) പുനര്‍ജനനവിശ്വാസം. ഏതെങ്കിലും ഒരു ഉപദേശം സത്യം എന്നു സ്വീകരിപ്പാന്‍ അതിനു ശ്രുതി, യുക്തി, അനുഭവം എന്നീ മൂന്നു കാര്യങ്ങള്‍ വേണം. ഇവ മൂന്നും ജന്മാന്തരോപദേശത്തെ സ്വീകാര്യയോഗ്യമാണെന്ന് സമര്‍ത്ഥിക്കുന്നില്ല.
    ഭാരതീയ ചിന്ത അനുസരിച്ച് പഞ്ചഭൂതങ്ങളുടെ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) സംയോജനം മൂലമാണ് ശരീരം ഉണ്ടാകുന്നത്. മരണത്തില്‍ ശരീരം നശിക്കുകയും പഞ്ചഭൂതങ്ങള്‍ വേര്‍പെട്ടു അതാതു ഭൂതങ്ങളില്‍ ലയിച്ചു ചേരുകയും ചെയ്യും. എന്നാല്‍ ആത്മാവ് അനേകം ജന്മാന്തരങ്ങളിലൂടെ കടന്ന് സായൂജ്യം അടയുന്നു. ഹിന്ദുമതം ഇപ്രകാരം വിശ്വസിക്കുന്നു എങ്കിലും ഋഗ്വേദത്തില്‍ ഒരിടത്ത് മരണത്തെക്കുറിച്ച് പാപത്തിന്‍റെ ശിക്ഷയായി അത് സംഭവിക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് ചിന്തനീയമാണ് (ഋഗ്വേദം 10, 87, 17).
    മുഹമ്മദ് നബിയുടെ വീക്ഷണത്തില്‍ എല്ലാ മനുഷ്യാത്മാക്കളും മരണം ആസ്വദിക്കും. എന്നാല്‍ ന്യായവിധി ദിനത്തിലാണ് അവരുടെ ഭാവി നിര്‍ണയിക്കപ്പെടുന്നത്. മനുഷ്യന്‍റെ നന്മപ്രവൃത്തികളുടെ (സക്കാത്ത്) തൂക്കവും, തിന്മയുടെ തൂക്കവും അനുസരിച്ച് ഒന്നുകില്‍ പറുദീസയിലേക്കും അല്ലെങ്കില്‍ അഗ്നിയിലേക്കും അവര്‍ പ്രവേശിക്കും. അതിനാല്‍ സക്കാത്ത് രഹസ്യമായും പരസ്യമായും ചെയ്യേണ്ടതാകുന്നു (സുറാ. 2:274, 275; 3:185).കര്‍മ്മ മാര്‍ഗത്തിലൂടെ ലഭ്യമാകുന്ന പറുദീസാ വാസത്തെയാണ് ഈ ചിന്താഗതി പിന്‍താങ്ങുന്നത്. വിശുദ്ധ വേദ പുസ്തകം ഒരിക്കലും ഈ ഉപദേശത്തിന് ഊന്നല്‍ കൊടുക്കുന്നില്ല. മനുഷ്യന്‍റെ ആത്മരക്ഷ കര്‍മ്മമാര്‍ഗത്താല്‍ സ്വായത്തമാക്കാവുന്ന ഒന്നല്ല. അത് ക്രിസ്തുവിന്‍റെ ക്രൂശിലെ പ്രായശ്ചിത്തയാഗത്തിലുള്ള വിശ്വാസത്തില്‍ മാത്രം ഉറപ്പിക്കപ്പെട്ട ഒന്നാകുന്നു. (തുടരും)