റ്റി.വി.ജോര്‍ജ്
പാതാളത്തിനു തന്നെ രണ്ടു വ്യത്യസ്ത അനുഭവങ്ങളോടുകൂടിയ രണ്ടു സ്ഥലങ്ങള്‍ ഉണ്ടെന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. ‘ബുദ്ധിമാന്‍റെ ജീവിതയാത്ര മേലോട്ടാകുന്നു’, കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകുന്നു (സദൃ. 15:14). എന്നുടുള്ള നിന്‍റെ ദയ വലിയതല്ലോ, നീ എന്നെ അധമ പാതാളത്തില്‍നിന്നും രക്ഷിച്ചിരിക്കുന്നു (സങ്കീ. 86:13). ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി (ലൂക്കോ. 16:23). കീഴേയുള്ള പാതാളം, അധമ പാതാളം, യാതനാസ്ഥലം. ഇഗ്ലീഷ് വിവര്‍ത്തനത്തില്‍ ഈ സ്ഥലത്തെ ‘ലോവെസ്റ്റ് ഹെല്‍’ എന്ന് നാമകരണം ചെയ്തിരിക്കുന്നു. ഇതില്‍നിന്നും പാതാളത്തില്‍ത്തന്നെ “അധമ പാതാളം” എന്ന ഒരു പ്രത്യേക ഇടം ഉണ്ടെന്നും കണ്ണൂനീര്‍, സങ്കടം, യാതന, നിശബ്ദത, ദണ്ഡനം എന്നിവ അവിടെ ഉണ്ടെന്നും വ്യക്തമാണ്.
അധമപാതാളം, കയീന്‍ മുതല്‍ വെള്ള സിംഹാസന ന്യായവിധി വരെയുള്ള (വെളി. 20:11-015) സകല പാപികളുടെയും ആത്മാക്കളെ ശിക്ഷാവിധിക്കായി തടങ്കലില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന സ്ഥലമാകുന്നു. യാതനാസ്ഥലത്ത് ആത്മാക്കളെ സൂക്ഷിച്ചിരിക്കുന്നത് അവര്‍ കുറ്റക്കാരായതിനാലാകുന്നു. വിസ്താര ദിവസത്തില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഈ ദുഷ്ടന്മാരെ ദൈവിക കോടതിയില്‍ ഹാജരാക്കും. അന്ന് അവരുടെ അപരാധം ഓരോരുത്തര്‍ക്കും ബോധ്യപ്പെടുത്തിയശേഷം, ദൂതന്മാര്‍ അവരെ നിത്യാഗ്നിയിലേക്കു തള്ളും. അതിനുമുമ്പായി പരേതാത്മാവിനുവേണ്ടി എത്തിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കോ പുണ്യകര്‍മ്മങ്ങള്‍ക്കോ ദണ്ഡവിമോചനം നല്‍കുവാന്‍ സാദ്ധ്യമല്ല. ലാസറിന്‍റെയും കഥ ഈ ആശയത്തിന്‍റെ പ്രസക്തിയെ ഉറപ്പിക്കുന്നു. മനുഷ്യന് രക്ഷ പ്രാപിക്കുവാനുള്ള സകല അവസരങ്ങളും മരണത്തോടുകൂടി അവസാനിക്കുന്നു. ഏതു മഹാപാപിക്കും ജീവിച്ചിരിക്കുമ്പോള്‍ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും വരുവാനുള്ള അവസരം ഉണ്ട്. രക്ഷിക്കപ്പെടാത്ത ഒരു വ്യക്തിയുടെ ഭൂമിയിലെ മാനദണ്ഡങ്ങള്‍ പാതാളത്തിലെ യാതനാസ്ഥലത്ത് മൂല്യമില്ലാത്തതാണ്. സുബോധവും വിവേകവുമുള്ളവര്‍ ഈ യാഥാര്‍ത്ഥ്യം വിസ്മരിക്കാതിരിക്കട്ടെ.
മരണാനന്തരാവസ്ഥയെക്കുറിച്ച് യേശുവിന്‍റെ ഉപദേശങ്ങളിലുള്ള അനവധി വിവരണങ്ങളില്‍ ഒന്നാണ് ധനവാന്‍റെയും ലാസറിന്‍റെയും കഥ. ഭാവിജീവിതത്തെക്കുറിച്ച് അവിടുന്ന് സംസാരിക്കുമ്പോള്‍ ധനവാന്‍ യാതനാസ്ഥലത്തും (അധമപാതാളത്തില്‍), ലാസര്‍ അബ്രഹാമിന്‍റെ മടിയിലും (പറുദീസാ) ചെന്നുചേര്‍ന്നു എന്നു പറയുന്നു. അധമപാതാളത്തില്‍ കിടന്നു യാതന അനുഭവിക്കുന്ന ധനവാന്‍ മുകളിലേക്ക് നോക്കി അബ്രഹാം പിതാവിനെയും ലാസറിനെയും കണ്ടു. മനുഷ്യന്‍റെ അമര്‍ത്ത്യതയെയും, മരണാനന്തരം വ്യക്തിഗതമായി മനുഷ്യനെ തിരിച്ചറിയുവാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യത്തെയും ഈ സംഭവകഥ ഉറപ്പിക്കുന്നു. ഷിയോളിന്‍റെ മുകളിലെ കമ്പാര്‍ട്ടുമെന്‍റിന് യെഹൂദന്മാര്‍ വിളിച്ചിരുന്ന പേരാണ് അബ്രഹാമിന്‍റെ മടി അഥവാ പറുദീസാ. യേശു അനുതപിച്ച കള്ളനു നല്‍കിയ വാഗ്ദാനം ഇന്നു നീ എന്നോടുകൂടെ പറുദീസായില്‍ ഇരിക്കും എന്നത്രേ. യേശു രാജത്വം പ്രാപിച്ചുവരുന്ന ദിവസമല്ല, മരണം സംഭവിച്ചാല്‍ ഉടന്‍തന്നെ (ഇന്നുതന്നെ) നീ എന്നോടുകൂടെ പറുദീസായില്‍ ഇരിക്കും എന്നത്രേ പറഞ്ഞത്. ഏതു വ്യക്തിയും മരിച്ചാല്‍ ഉടല്‍തന്നെ എത്തേണ്ട സ്ഥാനത്ത് എത്തിക്കഴിയും. പരേതാത്മാക്കള്‍ ഒരിക്കലും ഭൂമിയില്‍ ചുറ്റിക്കറങ്ങി നടക്കുന്നില്ല.
യേശു മരണാനന്തരം ആ നിശ്ചിത സമയത്തേക്കുപോയ പറുദീസാ ഏതാണ്? എഫേസ്യലേഖനത്തില്‍ അതിന്‍റെ ഉത്തരം പൗലോസ് നല്‍കുന്നു (എഫെ. 4:9-11; പത്രോ. 3:19). യേശുവിന്‍റെ ശരീരം കല്ലറയില്‍ വിശ്രമിക്കുമ്പോള്‍, ആത്മാവ് പൂര്‍വ്വപിതാക്കന്മാര്‍ വിശ്രമിക്കുന്നിടമായ പറുദീസായില്‍ പോയിരുന്നു. ‘എന്‍റെ പ്രാണനെ അവന്‍ പാതാളത്തില്‍ വിട്ടുകളഞ്ഞില്ല’ എന്ന വേദസൂക്തം ഈ സത്യത്തെ വെളിവാക്കുന്നു. ദേഹരഹിതമായ യേശുവിന്‍റെ ആത്മാവ് പറുദീസയില്‍ ചെയ്ത ശുശ്രൂഷയാണ് പത്രോസ് പറയുന്നത് (1 പത്രോ. 3:18,19).
‘തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു’ എന്ന പ്രസ്താവന തെറ്റിദ്ധാരണ ഉളവാക്കുന്നുണ്ട്. ‘പ്രസംഗിച്ചു’ എന്നതിന് ഗ്രീക്കില്‍ കെറുസ്സോ എന്ന പദമാണുള്ളത്. വിളമ്പരം ചെയ്തു എന്ന അര്‍ത്ഥമാണിതിനുള്ളത്. യേശു ക്രൂശില്‍ നിവര്‍ത്തിച്ച വീണ്ടെടുപ്പിന്‍ വേലയെക്കുറിച്ച് പറുദീസായില്‍ വിളമ്പരം ചെയ്തു. ഷിയോളിന്‍റെ രണ്ടാംഭാഗത്തു കിടന്ന ആത്മാക്കളും (ദൂതന്മാര്‍ അല്ല) വിളമ്പര ശബ്ദം ശ്രവിച്ചു. അതിനാല്‍ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായി എന്ന് പത്രോസ് പറയുന്നില്ല.
ക്രിസ്തു മരിച്ചവരില്‍ നിന്ന് ആദ്യഫലമായി മൂന്നാംനാള്‍ ഉത്ഥാനം ചെയ്തു (വേല്യ. 23:9-14; 1 കൊരി. 15:20). തദവസരം തന്നോടുകൂടെ പറുദീസായില്‍ ഉണ്ടായിരുന്ന ബദ്ധന്മാരെയും വിടുവിച്ച് ഉയരത്തില്‍ കൊണ്ടുപോയി എന്ന് പൗലോസ് രേഖപ്പെടുത്തിയിരിക്കുന്നു(എഫേ. 4:8-10). ഈ പ്രവൃത്തി രണ്ടു കാര്യങ്ങളെ സ്ഥിതീകരിക്കുന്നു. ഒന്ന്: മേലില്‍ ക്രിസ്തുവില്‍ മരിക്കുന്ന മൃതന്മാര്‍ക്ക് ഒരു ശാരീരിക പുനരുത്ഥാനം ഉണ്ട്. രണ്ട്: വിശുദ്ധന്മാര്‍ മരിച്ചാല്‍ അവരുടെ ആത്മാവ് സ്വര്‍ഗ്ഗീയ പറുദീസയിലേക്കു പോകും. കാരണം ഒരു പറ്റം ആദ്യ ഫലങ്ങള്‍ അവിടെ എത്തിക്കഴിഞ്ഞു. പഴയനിയമ വിശുദ്ധന്മാരുടെ ആത്മാക്കള്‍ അധോലോക പറുദീസയില്‍നിന്നും വിമുക്തരായിരുന്നതിനാല്‍ ഇന്ന് പറുദീസാ ശൂന്യമായിരിക്കുന്നു. ഇതില്‍ നിന്നും ഒരു നിത്യ സത്യം ചൂണ്ടിക്കാണിക്കട്ടെ. ഇന്ന് ശരീരം വിട്ടു പിരിയുന്ന സകല വിശുദ്ധന്മാരുടെയും ആത്മാക്കള്‍ പാതാളത്തിലേക്കല്ല, “വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ” സ്വര്‍ഗ്ഗീയ പറുദീസയില്‍ അത്രേ വിശ്രമിക്കുന്നത്. അവര്‍ സ്വസ്ഥരായി ദുഃഖവും വേദനയും കണ്ണുനീരും ഇല്ലാത്ത നാട്ടില്‍ വിശ്രമിക്കുന്നു. ദൈവസാന്നിദ്ധ്യം വിട്ട്, ഭാവിയില്‍ കാഹളം ധ്വനിക്കുന്നതുവരെയും അവര്‍ പുറത്തുവരുന്നില്ല; ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നുമില്ല.