അഗ്നിനരകം എവിടെയാണ്?

റ്റി.വി.ജോര്‍ജ്
സകല ദുഷ്ടന്മാരുടെയും പര്യവസാന സ്ഥാനമാണ് അഗ്നിനരകം. ഗ്രീക്കില്‍ നരകത്തെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന പദം ‘ഗീഹെന്ന’ എന്നാകുന്നു. അതിനോടു ബന്ധപ്പെട്ട അരാമ്യ വാക്കാണ് പുതിയനിയമത്തില്‍ 12 പ്രവശ്യം ഉപയോഗിച്ചിരിക്കുന്നത്. സമവീക്ഷണ സുവിശേഷങ്ങളില്‍ അത് പതിനൊന്നു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അവ കര്‍ത്താവ് തന്നെ പറഞ്ഞതാണ് (മത്താ. 5:22; 29,30, 18:8,9). പൊതുവേ നരകം എന്ന വാക്ക് ബൈബിളില്‍ 162 പ്രവശ്യം വരുന്നുണ്ട്.
ഗീഹെന്ന എന്ന വാക്ക് പഴയനിയമത്തില്‍ ഒരു താഴ്വരയുടെ നാമമാണ്. ഡബ്ല്യൂ. ഇ. വൈന്‍ പറയുന്നത് എബ്രായ ഗിഹിന്നോം (തോഫേത് താഴ് വര) എന്നതില്‍ നിന്നാണ് ഗിഹെന്നാ എന്ന പദം ഉണ്ടായത് എന്നാണ്. അല്പം കൂടി ചരിത്ര വശത്തേക്കു നീങ്ങിയാല്‍ ‘ഗീ ഹിന്നോം’ എന്ന പദം ‘ഹിന്നോം’ താഴ്വരയെക്കുറിക്കുന്നു എന്നു പറയാം. യെരുശലേം നഗരത്തിന് തെക്കും കിഴക്കുമായി കിടക്കുന്ന ഒരു താഴ്വരയാണ് ഹിന്നോം. ഒരു കാലത്ത് വിശ്വാസ ത്യാഗികളായ യെഹൂദന്മാര്‍ മോലേക്കു ദേവനു പുജാഗിരികള്‍ ഉണ്ടാക്കി പൂജകള്‍ അര്‍പ്പിച്ചത് ഇവിടെയായിരുന്നു (2 രാജ. 16:3; 17:7). പ്രവാചകനായ യിരെമ്യാവ് ഹിന്നോം താഴ്വരയെ യഹോവയുടെ ന്യായവിധിയുടെ സ്ഥലമായി രൂപാന്തരപ്പെടുമെന്ന് പ്രവചിച്ചു. താന്‍ ഇതിനെ ‘കുലത്താഴ്വര’ എന്നു വിളിച്ചു. (യിരെ. 7:32; 19:6). യോശിയാവിന്‍റെ കാലത്ത് ബെന്‍ഹിന്നോം താഴ്വരയെ മ്ലേച്ഛതയുടെ താഴ്വരയാക്കിമാറ്റി. അവിടെ ശവങ്ങള്‍ എറിഞ്ഞുകളയുകയും ചപ്പുകുപ്പകളോടൊപ്പം ശവങ്ങള്‍ ദഹിപ്പിക്കുകയും ചെയ്തുപോന്നു. രൂക്ഷമായ നാറ്റം വമിക്കുന്ന ഈ താഴ്വര അസ്ഥികള്‍ക്കൊണ്ടു നിറഞ്ഞുകിടന്നിരുന്നു (2 രാജ. 23:10-14). തന്മൂലം നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ അന്തിമസങ്കേതസ്ഥലത്തെ കുറിക്കുവാന്‍ പര്യാപ്തമായ ഒരു പ്രയോഗവും പ്രതീകവുമാണ് ഹിന്നോം താഴ്വര. ഈ ആശയത്തില്‍തന്നെയാണ് കര്‍ത്താവ് ഗിഹെന്നാ എന്ന പദം നിത്യാഗ്നിയുടെ ഇടമായ നരകത്തിന് ഉപയോഗിച്ചത്. കര്‍ത്താവ് പറഞ്ഞു: “നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ (ഗിഹെന്ന) പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്ന് നശിക്കുന്നത് നിനക്കു പ്രയോജനമത്രേ” (മത്തായി 5:30).
കപടഭക്തിക്കാരായ പരീശന്മാരും ശാസ്ത്രിമാരും തങ്ങളുടെ മതത്തില്‍ ആളുകളെ ചേര്‍ത്തിട്ട് അവരെ ഇരട്ടി നരകയോഗ്യര്‍ ആക്കുന്നതിനെ യേശു ശാസിക്കുന്നു (മത്താ. 23: 14,15). അയോഗ്യമായ നാവ് കത്തിക്കുന്ന തിന്മയുടെ തീയ് നരകത്തിന്‍റേതാണെന്ന് യാക്കോബ് കുറിച്ചുവെച്ചു (യാക്കോ. 3:6). തേജസ്സിന്‍റെ സിംഹാസനത്തിങ്കല്‍ അംഗീകരിക്കപ്പെടാത്ത വിജാതീയര്‍ ‘പിശാചിനും’ അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകും എന്ന് കര്‍ത്താവ് പറഞ്ഞു (മത്താ 25:41,46). ദുരുപദേഷ്ടാക്കന്മാരുടെ അന്ത്യം ‘അന്ധതമസ്സ്’ ഉള്ളിടമായ നിത്യാഗ്നിയിലായിരിക്കും (2 പത്രോ. 2:17; യൂദാ. 13). സാത്താന്യ ത്രിത്വത്തിന്‍റെ പര്യവസാനം ഗന്ധകതീപ്പോയ്കയാകുന്നു (വെളി. 20:10 ). അന്തിമമായി ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനേയും തീപ്പൊയ്കയില്‍ (ഗിഹെന്ന) തള്ളിയിടും (വെളി. 20:15). ഇതിന് രണ്ടാം മരണം എന്ന് വിളിക്കുന്നു.
അഗ്നി നരകത്തിന് വിവിധ പേരുകളും വിശേഷണങ്ങളും തിരുവെഴുത്തില്‍ നല്‍കിയിട്ടുണ്ട്. കെടാത്ത തീയ് (മത്താ.3:12; മര്‍ക്കോ. 9:43,48 ). തീച്ചൂള (13:42,29), ഏറ്റവും പുറത്തുള്ള ഇരുട്ട് (മത്താ. 8:12, 22:13), നിത്യാഗ്നി (മത്താ.25:41), തീപ്പൊയ്ക (വെളി. 20:15), തീയും ഗന്ധകവും കത്തുന്ന പൊയ്ക(വെളി.21:8), രണ്ടാമത്തെ മരണം (വെളി. 21:8), ഗന്ധകം കത്തുന്ന തീപ്പൊയ്ക (വെളിപാട് 19:20; 20:10).
തീപ്പൊയ്ക ഒരു യാഥാര്‍ത്ഥ്യമാണ്. അത് നിത്യമാണ്, കാരണം തിരുവെഴുത്ത് അതിന് നിത്യാഗ്നി (മത്തായി 25:41). നിത്യദണ്ഡനം (മത്താ. 25:46), നിത്യനാശം (2 തെസ്സ. 1:10) എന്നു പേര്‍ വിളിച്ചിരിക്കുന്നു. അവരുടെ ദണ്ഡനത്തിന്‍റെ പുക എന്നേക്കും പൊങ്ങും (വെളി. 14: 11). “അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം അനുഭവിക്കേണ്ടി വരും” (വെളി. 20:10). അര്‍ത്ഥാല്‍ നരകയാതനയും നിത്യമാണെന്നത്രേ ഈ വേദസൂക്തങ്ങള്‍ സമര്‍ത്ഥിക്കുന്നത്. അറുതി കാണാത്ത ഒരു നിത്യത മുഴുവന്‍ നിത്യമായ നരകത്തില്‍ സാത്താനും അവന്‍റെ ദൂതന്മാരും സകല ദുഷ്ടന്മാരും നിത്യദണ്ഡനം അനുഭവിക്കും.
രണ്ടാം മരണമാകുന്ന നിത്യനരകത്തില്‍ അഞ്ചുവിധ ദണ്ഡനോപാധികളാല്‍ നിത്യം അതിലെ നിവാസികള്‍ ദണ്ഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. 1) അഗ്നി-ഒരിക്കലും അണഞ്ഞുപോകാത്ത തീതന്നെ (മത്താ. 25:41). 2) ഗന്ധകം-രൂക്ഷമായ ഗന്ധം ഉളവാക്കുന്ന വസ്തു. ഇത് അഗ്നിക്ക് ഇന്ധനം കൂട്ടുന്നു (വെളി. 19:20; സങ്കീ.11:6). 3) പുഴു-ഒരിക്കലും ചത്തുപോകുന്നില്ല (യെശ. 14:11; മര്‍ക്കോ. 9:44). 4) എന്നേക്കും ഉയര്‍ന്നുകൊണ്ടിരിക്കുന്ന പുക (വെളി. 14:11). 5) കൂരിരുട്ട് (മത്താ. 8:12; 25:30).
അവിടെ ദൈവത്തിന്‍റെ കോപത്തിന്‍റെ തീ ജ്വലിച്ച് പാതാളത്തിന്‍റെ ആഴത്തോളം കത്തും. (ആവര്‍ത്തനം 32:22; ) അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. (മത്താ. 25:30). ഈ നിത്യമായ അഗ്നിപൊയ്ക ഏതെങ്കിലും ഒന്നിന്‍റെ അടയാളമോ, താല്‍ക്കാലികമായ ഒരു ജയില്‍ മുറിയോ അല്ല, അക്ഷരികവും നിത്യവും യാഥാര്‍ത്ഥ്യവുമായ സ്ഥലമാണ്. സര്‍വ്വജ്ഞാനിയായ ദൈവത്തിന്‍റെ നിത്യതയുടെ കാര്യപരിപാടിയില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ഈ നിത്യ ദണ്ഡനത്തിന്‍റെ സ്ഥലം തിരഞ്ഞെടുക്കുകയോ, അത് ജീവിതത്തില്‍നിന്നും എന്നേക്കും ഒഴിഞ്ഞുമാറിപ്പോകുവാന്‍ ദൈവം ഒരുക്കിയിരിക്കുന്ന രക്ഷാമാര്‍ഗ്ഗം തിരഞ്ഞെടുക്കുകയോ ചെയ്യുവാനുള്ള സ്വാതന്ത്ര്യം മനുഷ്യനിലത്രേ നിക്ഷിപ്തമായിരിക്കുന്നത്.
കര്‍ത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു: ‘ഇടുക്കുവാതിലിലൂടെ അകത്തുകടപ്പിന്‍; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ക്കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവും ഉള്ളത്. അതുകണ്ടെത്തുന്നവര്‍ ചുരുക്കമത്രേ (മത്താ. 7:13,14). ഒരു നിമിഷം ചിന്തിക്കുക! നിങ്ങള്‍ ഇതില്‍ ഏതു വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്?

അബുദാബിയില്‍ സൂപ്പര്‍വൈസര്‍
ഓര്‍ത്തഡോക്സ് സഭാ പശ്ചാത്തലത്തില്‍ നിന്നും പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവാവ്. 35 വയസ്. അബുദാബിയില്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി. പുനര്‍ വിവാഹം. ഇപ്പോള്‍ ലീവില്‍ നാട്ടിലുണ്ട്. സഭാവ്യത്യാസമില്ലാതെ അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. 9605986352