റ്റി.വി.ജോര്‍ജ്
പുനരുത്ഥാനം എന്ന അത്ഭുത പ്രതിഭാസം പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു നിത്യയാഥാര്‍ത്ഥ്യമാണെന്നു വസന്തകാലം നമ്മെ പഠിപ്പിക്കുന്നു. ശീതകാലത്ത് ഇലകൊഴിഞ്ഞു നിര്‍ജീവമായി കാണപ്പെട്ട വൃക്ഷങ്ങള്‍ വസന്താഗമനത്തില്‍ താരും തളിരുമണിയുന്നു. പുതുമഴ പെയ്യുമ്പോള്‍ പുനരുത്ഥാനത്തിന്‍റെ തിരക്കേറിയ പ്രക്രിയ ഭൂമിക്കുള്ളില്‍ നടക്കുന്നു. മണ്ണില്‍ മറഞ്ഞിരുന്ന വിത്തുകളില്‍ നിന്നും ഹരിതാങ്കുരങ്ങള്‍ മുളച്ചുയരുന്നത് ഈ സമയത്താണ്. വസ്തുക്കളെ നിശ്ചലമാക്കിത്തീര്‍ക്കുന്ന മരണം എന്ന ആശയത്തെ പ്രകൃതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സന്ദര്‍ഭമാണ് വസന്തം. ഇതുപോലെ മരണാനന്തരം ശരീരം വീണ്ടും ജീവന്‍ പ്രാപിക്കുന്നതാണ് പുനരുത്ഥാനം. പുനരുത്ഥാനം ശരീരത്തിനാണ്. ക്രിസ്ത്യാനിത്വത്തിന്‍റെ അടിസ്ഥാനശിലയാണിത്. പുനരുത്ഥാന പ്രത്യാശയില്ലെങ്കില്‍ ക്രിസ്തീയ സഭയുടെ ആസ്തിത്വത്തിന് യാതൊരു ന്യായീകരണവുമില്ലെന്ന് വ്യക്തമായ ഭാഷയില്‍ പൗലോസ് കൊരിന്ത്യലേഖനത്തില്‍ പ്രസ്താവിക്കുന്നു (1 കൊരി. 15). തന്‍റെ അചഞ്ചലമായ വിശ്വാസത്തിന്‍റെ അടിസ്ഥാനം ക്രിസ്തുവിന്‍റെ പുനരുത്ഥാനമാണ്. “ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം. ഞങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം” എന്നു താന്‍ പറയുന്നു.
തിരുവെഴുത്തില്‍ ചതുര്‍വിധ പുനരുത്ഥാനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
- യിസ്രായേല്‍ ജനതയുടെ ദേശീയ പുനരുത്ഥാനം
എബ്രായ ജനതയുടെ ദേശീയ അംഗീകരണവും, പ്രാവചനികമായി അവരില്‍ സംഭവിക്കുന്ന ആദ്ധ്യാത്മിക ചൈതന്യവും ആലങ്കാരികമായി മരണത്തില്‍നിന്ന് ജീവന്‍ പ്രാപിച്ചു മടങ്ങിവരുന്നതിനോട് പ്രവാചകന്മാര്‍ സാദൃശ്യപ്പെടുത്തി പറഞ്ഞിരിക്കുന്നു.
“വരുവിന്‍, നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചുകീറിയിരിക്കുന്നു; അവന്‍ സൗഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും. രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ നമ്മെ ജീവിപ്പിക്കും, മൂന്നാം ദിവസം അവന്‍ നമ്മെ എഴുന്നേല്‍പ്പിക്കും; നാം അവന്‍റെ മുമ്പാകെ ജീവിക്കയും ചെയ്യും (ഹോശ. 6:1-2).
പ്രവാസമാകുന്ന മരണത്തില്‍ നിന്നു ജീവന്‍ പ്രാപിച്ച് പലസ്തീനിലേക്കു മടങ്ങിവരുന്ന കാഴ്ച യെഹെസ്കോല്‍ പ്രവാചകന്‍ ദര്‍ശിക്കുന്നു (യെഹെ. 37:1-14).
യിസ്രായേലിന്‍റെ ഉദ്ധാരണപ്രക്രിയ നടക്കുമ്പോള്‍ ദൈവം അവര്‍ക്ക് പുതിയ ഹൃദയവും ആത്മാവും നല്‍കി അനുഗ്രഹിക്കുമെന്ന് പ്രവാചകന്മാര്‍ പറയുന്നു. ആന്തരികമായ നവീകരണത്തെ പുനരുത്ഥാന പ്രക്രിയയോടാണ് തുലനം ചെയ്തിരിക്കുന്നത് (യെഹെ. 36:24-30). - ആത്മിക പുനരുത്ഥാനം
അതിക്രമങ്ങളിലും പാപങ്ങളിലും ആത്മികമായി മരിച്ചുകിടന്ന വ്യക്തികള്‍, ക്രിസ്തുവിങ്കലെ വിശ്വാസത്താല്‍ രക്ഷിക്കപ്പെടുമ്പോള്‍, അവര്‍ക്ക് ലഭ്യമാകുന്ന രക്ഷയെ പൗലോസ് പുനരുത്ഥാനത്തോടു തുലനപ്പെടുത്തിയിരിക്കുന്നു. “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ ഉയിര്‍പ്പിച്ചു.” അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിച്ചു. ക്രിസ്തുയേശുവില്‍ അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു (എഫെ. 2:1; 5,7). ആത്മിക പുനരുത്ഥാനം ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നാം മരണംവിട്ട് ജീവനിലേക്കു കടന്നിരിക്കുന്നു (1 യോഹ. 3:14). - വ്യക്തിപരമായ താല്‍ക്കാലിക പുനരുത്ഥാനം
താല്‍ക്കാലികവും അനിത്യവുമായ ചില ഉയിര്‍പ്പിനെക്കുറിച്ച് തിരുവെഴുത്തില്‍ രേഖയുണ്ട്. പ്രവാചകന്മാര്‍, കര്‍ത്താവ്, അപ്പൊസ്തലന്മാര്‍ എന്നിവരുടെ ശുശ്രൂഷയില്‍ ചിലര്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്. ഇപ്രകാരമുള്ള പത്ത് സംഭവങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സാരെഫാത്തിലെ വിധവയുടെ മകന്‍ (1 രാജ. 17:21-22), ശൂനോംകാരത്തിയുടെ മകന്‍ (2 രാജ. 4:3435); പള്ളിപ്രമാണിയായ യായീറൊസിന്‍റെ മകള്‍ (മാര്‍ക്കോ. 5:35-43), നയിന്‍ പട്ടണത്തിലെ വിധവയുടെ മകന്‍ (ലൂക്കോ. 7:13-15), ബെഥാന്യയിലെ ലാസര്‍ (യോഹ. 11:44), യോപ്പാക്കാരി തബീഥ(അ.പ്ര. 9:0), യൂത്തീക്കൊസ് (അ. പ്രവൃ. 20:10-14), യേശുവിന്‍റെ മരണത്തിങ്കല്‍ യെരുശലേമില്‍ പലരും ഉയിര്‍ത്തു (മത്താ. 27:53). എന്നാല്‍ അവര്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിനുശേഷം കല്ലറവിട്ടു. ക്രിസ്തു മരിച്ചപ്പോള്‍ ഉണ്ടായ ഭൂകമ്പം നിമിത്തം കല്ലറകള്‍ തുറന്നു. ആദ്യ ഫലമായി ഉയിര്‍ത്തത് ക്രിസ്തു മാത്രമാണ്. അത് മരിച്ചവരുടെ ഇടയില്‍നിന്നുള്ള നിത്യമായ പുനരുത്ഥാനമാകുന്നു. - നിത്യമായ പുനരുത്ഥാനം
ഭാവിയില്‍ സംഭവിപ്പാന്‍ പോകുന്ന ശാരീരിക പുനരുത്ഥാനം അനശ്വരമാകുന്നു. കര്‍ത്താവ് ശാശ്വതമായ പുനരുത്ഥാനത്തെ രണ്ടായി വിഭജിച്ചു. 1 )ജീവനുള്ള പുനരുത്ഥാനം. 2) നിത്യശിക്ഷയ്ക്കായുള്ള പുനരുത്ഥാനം (യോഹന്നാന്‍ 5:28, 29). ഇതിനെ നീതിമാന്മാരുടെ പുനരുത്ഥാനം, നീതികെട്ടവരുടെ (ദുഷ്ടന്മാരുടെ ) പുനരുത്ഥാനം എന്ന് ക്രിസ്തു നാമകരണം ചെയ്തു. അതേ ആശയത്തിന് പൗലോസ് ഊന്നല്‍ നല്‍കി (അ. പ്ര. 24:15).
ആത്മാവിന്‍റെ അമര്‍ത്യത എന്ന വേദശാസ്ത്രംപോലെതന്നെ മരിച്ചവരുടെ ശാരീരിക പുനരുത്ഥാനമെന്ന ഉപദേശം ദൈവവചനത്തിലെ അതിപ്രധാനമായ തത്ത്വമാണെന്ന് അനായാസം വീക്ഷിക്കാവുന്നതാണ്. പുനരുത്ഥാനം എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്ന ‘അനസ്റ്റാസിസ്’ എന്ന ഗ്രീക്കുപദം 42 പ്രവശ്യം പുതിയ നിയമത്തില്‍ വരുന്നുണ്ട്. ഇവയെല്ലാം ശരീരത്തിന്‍റെ പുനരുത്ഥാനത്തോടു ബന്ധപ്പെടുത്തിയാണ് ഉപയോഗിച്ചിട്ടുള്ളത്. മരണാനന്തര ന്യായവിധി മനുഷ്യന്‍റെ ശാരീരിക പുനരുത്ഥാനത്തിന്‍റെ സ്പഷ്ടമായ തെളിവാണ്. പുനരുത്ഥാനം ഇല്ലെങ്കില്‍ ന്യായവിധിയുടെ ആവശ്യം എവിടെ? പുനരുത്ഥാനത്തെ നിഷേധിക്കുന്നത് സുവിശേഷത്തെയും അമര്‍ത്യത്തെയും നിഷേധിക്കുന്നതിന് തുല്യമാണ്. മരണത്തില്‍ നിന്നുള്ള ഉയിര്‍പ്പ് ജീവനിലേക്കുള്ള മടങ്ങിവരവാകുന്നു. ക്രിസ്തുവിന്‍റെ സഭയ്ക്കുവേണ്ടിയുള്ള രഹസ്യ വരവിനോടും മഹത്വപ്രത്യക്ഷതയോടും ബന്ധിച്ചാണ് പുനരുത്ഥാനങ്ങള്‍ നിലകൊള്ളുന്നത്.