
റ്റി.വി.ജോര്‍ജ്
കര്‍ത്താവിന്‍റെ ദിവസത്തിലെ മശിഹൈക പ്രതീക്ഷയോട് ബന്ധപ്പെട്ടാണ് പഴയനിയമത്തിലെ ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചുള്ള പ്രത്യാശ. അത് യെഹൂദമതത്തിന്‍റെ പൈതൃകമായിരുന്നു. പുനരുത്ഥാനത്തെറുച്ചുള്ള വിശ്വാസം കുറഞ്ഞത് എട്ട് വേദഭാഗങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പുനരുത്ഥാനത്തോടുള്ള ബന്ധത്തില്‍ ഇയ്യോബിന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്. “എന്നെ വീണ്ടെടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവില്‍ പൊടിമേല്‍ നില്‍ക്കുമെന്നും ഞാന്‍ അറിയുന്നു. എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാന്‍ ദേഹസഹിതനായി ദൈവത്തെ കാണും. ഞാന്‍ തന്നെ അവനെ കാണും. അന്യനല്ല എന്‍റെ സ്വന്ത കണ്ണ് അവനെ കാണും. എന്‍റെ അന്തരംഗം എന്‍റെ ഉള്ളില്‍ ക്ഷയിച്ചിരിക്കുന്നു” (ഇയ്യോ. 19:25-27). തന്‍റെ വീണ്ടെടുപ്പുകാരന്‍ ഭാവിയില്‍ പൊടിമേല്‍ നില്‍ക്കുമ്പോഴാണ് തനിക്ക് പുനരുത്ഥാനം നടക്കുന്നതെന്ന് ഇയ്യോബ് വിശ്വസിച്ചു. ഇതേ നിലയിലാണ് സഭാപിതാവായ ജെറോം ഈ ഭാഗത്തെ മനസ്സിലാക്കിയതും സെപ്റ്റ്വജിന്‍റ് തര്‍ജിമ ചെയ്തതും.
യേശുക്രിസ്തു സാദൂക്യരോടുള്ള പ്രതിവാദത്തില്‍, ഗോത്രപിതാക്കന്മാരോടുള്ള ജീവന്‍ ബന്ധം എടുത്തുപറയുന്നു. ഉടമ്പടിയുടെ ദൈവം, മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ (പുറ. 3:6; മത്താ. 22:31-32).
സങ്കീര്‍ത്തനം 16:8-11. ദാവീദ് തന്‍റെ ഭാവി പ്രത്യാശയെക്കുറിച്ച് പറയുന്ന ഭാഗം പത്രോസ് മശിഹൈക പുനരുത്ഥാനത്തോട് ഘടിപ്പിക്കുന്നു (അ. പ്ര. 2:25- 28,31).
സങ്കീ. 49:14. പ്രഭാതം പൊട്ടിവിടരുന്നതുപോലെ ഉയിര്‍പ്പിന്‍റെ പൊന്‍പുലരിയില്‍ ദുഷ്ടന്മാരുടെമേല്‍ നീതിമാന്മാര്‍ അന്തിമ വിജയം കൈവരിക്കുമെന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.
യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുന്ന (യെശ. 25:8) പുനരുത്ഥാനത്തോടുള്ള ബന്ധത്തില്‍ ആലപിക്കുന്ന ഗീതം, ‘നിന്‍റെ മൃതന്മാര്‍ ജീവിക്കും, എന്‍റെ ശവങ്ങള്‍ എഴുന്നേല്‍ക്കും, പൊടിയില്‍ കിടക്കുന്നവരേ ഉണര്‍ന്നു ഘോഷിപ്പിന്‍, നിന്‍റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു. ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ” എന്നിങ്ങനെ തുടരുന്നു (യെശ. 26:19).
വൈയക്തികമായ പുനരുത്ഥാനത്തെക്കുറിച്ചുള്ള സ്പഷ്ടമായ രേഖ ദാനിയേല്‍ 12:2ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. “നിലത്തിലെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ പലരും, ചിലര്‍ നിത്യജീവനായും ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും. പൊതു ഉയിര്‍ത്തെഴുന്നേല്‍പ് എന്ന തെറ്റായ ഉപദേശം പഠിപ്പിക്കുന്നവര്‍ ഉപയോഗിക്കുന്ന ഒരു വേദഭാഗമാണിത്. ഈ വേദഭാഗത്തെക്കുറിച്ച് എസ്.പി. ട്രെഗല്ലസ് സമര്‍ത്ഥിക്കുന്ന അഭിപ്രായം : “പൊടിയില്‍ നിദ്ര കൊള്ളുന്നവരില്‍ പലരും ഉണരും, അവരുടെ പുനരുത്ഥാനം നിത്യജീവനായിട്ടായിരിക്കും; എന്നാല്‍ ചിലര്‍ ( ആ സമയത്ത് ഉണരാതെ ശേഷിച്ച ഉറക്കക്കാര്‍ ) ലജ്ജ്യക്കും നിത്യനിന്ദയ്ക്കുമായും ഉണരും.” ഈ വാക്യത്തിലെ ‘ചിലര്‍’ നിത്യജീവനായും, പിന്നെ ‘ചിലര്‍’ നിത്യനിന്ദയ്ക്കായും ഉയിര്‍ക്കുമെന്ന് കരുതുവാനിത് മതിയായ ന്യായമെന്ന് എനിക്കു തോന്നുന്നു. തീര്‍ച്ചയായും അത് പൊതു ഉയിര്‍ത്തെഴുന്നേല്‍പല്ല. മുകളില്‍ പറഞ്ഞ വാക്യത്തെ പിന്‍താങ്ങുന്ന വ്യക്തമായ തെളിവാണ് വെളിപ്പാട് 20:4-15 വരെയുള്ള ഭാഗത്ത് കാണുന്ന പുനരുത്ഥാനത്തിലെ രണ്ട് ഘട്ടങ്ങള്‍.
സെഖ. 14:4-5. കര്‍ത്താവിന്‍റെ മഹത്വപ്രത്യക്ഷതയില്‍ തന്നോടുകൂടെ വരുന്ന “സകല വിശുദ്ധന്മാരും” എന്ന പ്രസ്താവന പുനരുത്ഥാനത്തെ സ്ഥിരീകരിക്കുന്നു. ഇവിടെ “വിശുദ്ധന്മാര്‍” എന്നത്, ദൂതന്മാരാകുന്നു എന്ന ചിന്തയ്ക്ക് വലിയ പ്രസക്തിയില്ല.