ഇതിനെ മരണത്താഴ്വരയെന്ന് ആരു വിളിക്കും ?

റ്റി.വി.ജോര്‍ജ്
വിശുദ്ധ തിരുവെഴുത്തില്‍ “മരണം” എന്ന പദം ആദ്യം ഉച്ചരിച്ചത് ദൈവം ആകുന്നു. “തിന്നുന്ന നാളില്‍ നീ മരിക്കും” (ഉല്പ. 2:17). മനുഷ്യനോട് നീ മരിക്കും എന്ന് പറഞ്ഞവന്, നീ ജീവിക്കും എന്നു പറയുവാനുള്ള അധികാരമുണ്ട്. കര്‍ത്താവ് പറഞ്ഞു: “എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന്, എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല” (യോഹ.11:26).
ഗ്രീക്കില്‍ മരണത്തെ എടുത്തുകാണിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന പദം ‘തനറ്റൊസ് എന്നാകുന്നു. ഈ പദത്തിന് രണ്ട് ആശയങ്ങള്‍ ഉണ്ട്. (1) ഒരു വ്യക്തിയുടെ ഭൗമ ശരീരത്തില്‍നിന്നും തന്‍റെ ആത്മഘടകമായ ദേഹി വിട്ടുപോകുന്ന അവസ്ഥ. ശരീരിക മരണം (യോഹ. 11:13). (2) ദൈവത്തില്‍ നിന്നുള്ള നിത്യമായ വേര്‍പാട് (റോമര്‍ 5:12,14). മരണം ജീവന്‍റെ വിപര്യായമാണ്, അഭാവമല്ല.
മരിച്ചവര്‍: പരേതന്‍ ( പരലോകത്തെ പ്രാപിച്ചവന്‍), പ്രേതന്‍ (നല്ലവണ്ണം പോയവന്‍ ), മൃതന്‍ (പ്രാണന്‍ ഉപേക്ഷിച്ചവന്‍) എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
പുതിയ നിയമ കാലത്തെ യെഹൂദന്മാരുടെ ഇടയില്‍ മരണത്തെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങള്‍ നിലവിലിരുന്നു. സാദുക്യര്‍ മരണത്തോടുകൂടി ആത്മാവ് ഇല്ലാതാകുമെന്ന് വിശ്വസിച്ചിരുന്നു. പരീശന്മാരാകട്ടെ ആത്മാവിന്‍റെ അനശ്വരതയില്‍ വിശ്വസിച്ചിരുന്നതിനാല്‍ ദൈവസൃഷ്ടിയുടെ നാശം എന്ന ആശയം തള്ളിക്കളഞ്ഞു. ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ഉയിര്‍പ്പ് എന്ന ആശയത്തെ അവര്‍ ഉറപ്പിച്ചു. എസ്സീന്യരും ഖുമ്രാന്‍ വിഭാഗത്തില്‍ പെട്ടവരും ആത്മാവിന്‍റെ ഉത്ഥാനത്തില്‍ മാത്രം വിശ്വസിച്ചു.
ജീവിതം ക്ഷണഭംഗുരമാണോ? അത് അപ്രതീക്ഷിതമായി പൊളിഞ്ഞുപോകുന്ന ഒരു മണ്‍കൂടാരമാണോ? തീര്‍ച്ചയായും അല്ല. മരണം എന്നത് നിര്‍ഭാഗ്യവശാലുണ്ടാകുന്ന യാദൃശ്ചിക സംഭവമല്ല. അത് ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. നിത്യതയോട് തുലനം ചെയ്യുമ്പോള്‍ ലോകജീവിതം ഹ്രസ്വമായ ഈ ആയുസ്സ് ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടതും അനുകരണീയവും ചിരസ്മരണീയവുമായ അനുഭവങ്ങളും സ്നേഹത്താല്‍ നിലനില്‍ക്കുന്ന നേട്ടങ്ങളും നിറഞ്ഞതായിത്തീരുവാന്‍ നാം യത്നിക്കുക. അതുമാത്രമേ കരണീയമായിട്ടുള്ളു. അങ്ങനെ ഉള്ള യഥാര്‍ത്ഥ വിശ്വാസവീരന്മാര്‍ക്ക് മരണം ഒരു പേടിസ്വപ്നം അല്ല.
ഭക്തനായ ഡോ. ഗുഡ്വിന്‍ ഇപ്രകാരം കുറിച്ചു വച്ചു: “ഇതാകുന്നുവോ മരണത്താഴ്വര? ഇത് പ്രകാശത്തിന്‍റെ താഴ്വര! ഇതിനെ മരണത്താഴ്വരയെന്ന് ആരു വിളിക്കും ? ഇത്ര നല്ല സ്നേഹിതനെ ഒരു ശത്രുവിനെപ്പോലെ ഞാന്‍ ഭയന്നുവല്ലോ.” ജോണ്‍ ബനിയന്‍ പറഞ്ഞു: “ജഡനാശം എപ്പോഴെങ്കിലും വരട്ടെ; പക്ഷേ മനുഷ്യാത്മാവിന് നാശം വരുത്തുവാന്‍ ആര്‍ക്കും കഴിയുന്നതല്ല”. “അനശ്വരമായ അവസ്ഥയിലേക്ക് പ്രവേശിക്കുവാനുള്ള കവാടത്തിന്‍റെ സ്വര്‍ഗ്ഗ താക്കോലാണ് മരണം” എന്നാണ് മില്‍ട്ടണ്‍ പറഞ്ഞത്. മഹാനായ ദാവീദ് രാജാവ് ഇപ്രകാരം കുറിച്ചുവച്ചു:” എനിക്കും മരണത്തിനും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു” (2 ശമു. 20:3). “ഭൂമിയില്‍ നമ്മുടെ ജീവിതകാലം ഒരു നിഴലത്രേ” (ഇയ്യോ. 8:9)
(തുടരും)