റ്റി.വി.ജോര്‍ജ്
ഫ്രാന്‍സിലെ രാജാവായ ലൂയി പതിനഞ്ചാമന്‍ മരണത്തെ ഏറെ ഭയപ്പെട്ടിരുന്നു. തന്‍റെ മുമ്പില്‍ വച്ച് മരണം എന്ന വാക്ക് ആരും ഉച്ചരിക്കരുതെന്നായിരുന്നു രാജശാസന. എന്നാല്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിതാവായ ഫിലിപ്പ് രാജാവ് മരണത്തെ അഭിമുഖീകരിച്ചത് വളരെ വിചിത്രമായ നിലയിലായിരുന്നു. എല്ലാ ദിവസവും രാവിലെ രാജസന്നിധിയില്‍ ചെന്ന്, “അല്ലയോ മഹാരാജാവേ, അങ്ങ് മരിക്കും എന്നുള്ളത് ഓര്‍ത്തുകൊള്ളുക” എന്നു പറയുന്നതിനുവേണ്ടി അദ്ദേഹം ഒരു ഭൃത്യനെ നിയോഗിച്ചിരുന്നു. ഒരിക്കല്‍ മരിക്കുമെന്നു ഓര്‍ത്തുകൊണ്ടുതന്നെ ജീവിക്കുവാന്‍ അദ്ദേഹം നിശ്ചയിച്ചു. നാം എല്ലാവരും ഏതെങ്കിലും ഒരു ദിവസം മരിച്ചേ തീരു എന്നത് ദൈവത്തിന്‍റെ അലംഘനീയമായ നിര്‍ണ്ണയമാകുന്നു. സകല മനുഷ്യര്‍ക്കും ഉള്ള ഗതി അതാകുന്നു (യോശുവ. 23:14). മനുഷ്യന്‍റെ നാളുകള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു; അവന്‍റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ പക്കലുണ്ട്. അവനു കടന്നുകൂടാതെവണ്ണം അങ്ങ് അവന്‍റെ അതിരു നിര്‍ണ്ണയിച്ചിരിക്കുന്നു (ഇയ്യോ.14.5).
പാപത്തിന്‍റെ പ്രത്യാഘാതമാണ് ശാരീരിക മരണം എന്ന് തിരുവെഴുത്തു പഠിപ്പിക്കുന്നു (യോഹ. 18:4; റോമ. 5:12). മണ്ണില്‍നിന്നെടുക്കപ്പെട്ട മനുഷ്യന്‍ തിരികെ മണ്ണിലേക്ക് മടങ്ങിച്ചേരുന്നു. ‘നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും’. പാപത്തില്‍ സ്വയം നിപതിച്ച മനുഷ്യനോടുള്ള ദൈവത്തിന്‍റെ അലംഘനീയമായ കല്‍പനയാണിത് (ഉല്‍പ. 3:19).
ശാരീരിക മരണം
ദേഹിയും ദേഹവും തമ്മില്‍ വേര്‍പിരിയുന്നതാണ് ശാരീരിക മരണം. ഇവ തമ്മില്‍ പേര്‍പിരിഞ്ഞാല്‍ ഭൗമ ശരീരത്തിന് മാറ്റം ഭവിക്കുന്നു. മനുഷ്യാനുഭവത്തില്‍ എല്ലാവരാലും വിലപിക്കപ്പെടുന്ന ഒരു സംഭവമാണ് മരണം. വെറും ഒരു പ്രാകൃതിക പ്രതിഭാസമായി പരിഗണിക്കാവുന്ന ഒന്നല്ല ഇത്. മരണം ഒരു നിഗൂഢതയാണ്.
വേദപുസ്തക പ്രയോഗത്തില്‍ മരണം എന്ന വാക്ക് അഞ്ച് ആശയങ്ങള്‍ നല്‍കുന്നു.
(1) ശാരീരിക മരണം
ഇത് അര്‍ത്ഥമാക്കുന്നത്, പ്രാകൃത ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മടക്കിവരുത്തുവാന്‍ കഴിയാതവണ്ണം അസ്മിക്കുന്നു എന്നാണ്. കാരണം മനുഷ്യജീവന്‍റെ വിച്ഛേദനത്തോടുകൂടി ശരീരം നിര്‍ജ്ജീവമാകുന്നു. മര്‍ത്ത്യന്‍റെ പൂര്‍വ്വാവസ്ഥയിലേക്കുള്ള മടക്കയാത്രയാണ് മരണം. ‘എല്ലാം ഒരു സ്ഥലത്തേക്കുതന്നെ പോകുന്നു; “എല്ലാം പൊടിയില്‍നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായി തീരുന്നു” (സഭാ. പ്ര. 3:20).
2.ആത്മ മരണം
ആത്മീയാര്‍ത്ഥത്തില്‍ ദൈവത്തില്‍ നിന്നുള്ള അകത്തെ മനുഷ്യന്‍റെ വിച്ഛേദനമാണ് മരണം. പാപംമൂലം ദൈവത്തോടുള്ള അവന്‍റെ പ്രതികരണം അല്ലെങ്കില്‍ ദൈവത്തോടുള്ള അവന്‍റെ ശത്രുതയാണ് ഇത്. ദൈവകല്‍പന ലംഘിച്ചപ്പോള്‍ ആദാം ആത്മികമായി മരിച്ചു (ഉല്പ. 2:17). തല്‍ഫലമായി ആദാമ്യകുലത്തില്‍ പിറന്നു വീഴുന്നവരെല്ലാം ഇതേ അവസ്ഥയിലാണ് ജനിക്കുന്നത്. ‘അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവര്‍’ എന്നാണ് വചനം അവരെ സംബോധന ചെയ്യുന്നത് (എഫേ. 2:1; റോമ. 5:12). എന്നാല്‍ ഭോഗാസക്തയായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കെതന്നെ മരിച്ചവളാണ് (1 തിമൊ. 5:6). ദൈവത്തോടുള്ള കൂട്ടായ്മയില്‍ ബോധപൂര്‍വ്വമായ ആസ്തിത്വമാണ് യഥാര്‍ത്ഥ ആത്മീയ ജീവിതം. ദൈവത്തില്‍ നിന്നു വേര്‍പെട്ടുള്ള ബോധപൂര്‍വ്വമായ ആസ്തിത്വമാണ് ആത്മീക മരണം. അതില്‍നിന്നുള്ള ആത്മീയ പുനരുത്ഥാനമാണ് രക്ഷിക്കപ്പെടുക എന്നു പറയുന്നത്.
- സ്വയം മരിപ്പിക്കല്‍
ഒരു ആത്മികന്‍ സ്വന്ത ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടുകൂടി ക്രൂശിക്കുന്ന അനുഭവമാണിത്. “ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍” (കൊലൊ. 3:5). സ്വന്ത ശരീരത്തെ ആത്മനിയന്ത്രണത്തിന് വിധേയമാക്കിക്കൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ പ്രതിഷ്ഠാ ജീവിതമാണ് വിശ്വാസികള്‍ക്ക് ആവശ്യം. - പാപത്തിനു മരിക്കുക
“പാപസംബന്ധമായി മരിച്ചവര്‍ ” (റോമ. 6:2). പാപത്തില്‍ മരിച്ച ഒരു വ്യക്തി രക്ഷാനുഭവത്തിലേക്ക് വരുമ്പോള്‍ പാപവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് ക്രിസ്തുവിനോടുകൂടെ മരിച്ച് അടക്കപ്പെടുന്നതിലൂടെ ദൈവത്തിന് ജീവിക്കുവാനായി സ്വയം നല്‍കുന്ന ഒരു അനുഭവമാണിത്. - രണ്ടാം മരണം
ദൈവത്തില്‍നിന്നും സ്ഥായിയായി മനുഷ്യന്‍ വിച്ഛേദിക്കപ്പെടുന്ന അവസ്ഥയാണിത്. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു. ഈ തീപ്പൊയ്ക ‘രണ്ടാം മരണം’ (വെളി. 20:14). വെള്ള സിംഹാസന ന്യായവിധിക്കു ശേഷം പാപികള്‍ ദൈവത്തില്‍ നിന്നും നിത്യമായി അകന്ന് നിത്യാഗ്നിയില്‍ നിത്യദണ്ഡനത്തില്‍ അകപ്പെടുന്നതിനെയാണ് ഈ ഭീകരാവസ്ഥ അര്‍ത്ഥമാക്കുന്നത്. ഈ രണ്ടാമത്തെ മരണം ആദ്യത്തെ ആത്മിക മരണം ഉളവാക്കിയ ദൈവത്തില്‍നിന്നുള്ള വേര്‍പാടിനെ ഉറപ്പിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
(തുടരും)