റ്റി.വി.ജോര്‍ജ്
മരണം ജീവിതം പോലെ ഒരവസ്ഥയാണ്. ജഡത്തിന്‍റെ ചിന്ത മരണം (റോമ. 8:6). മരണം സംഭവിക്കുന്നത് ആത്മാവിനല്ല ജഡത്തിനാണ്. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ശരീരം വിട്ടുപിരിഞ്ഞ ആത്മാവിന്‍റെ ഇടക്കാല അവസ്ഥ എന്നൊന്നില്ല. എന്നാല്‍ വിശുദ്ധ വേദപുസ്തകം മാത്രമേ അനിഷേധ്യമായ ഈ ചിന്തയെ സ്ഥിതീകരിക്കുന്നുള്ള.
നാം അമര്‍ത്യരാണെന്നും മരിക്കാനാവില്ലെന്നും പ്രാകൃത ശരീരം അഴിഞ്ഞുപോയാലും ദേഹിയും ആത്മാവും തുടരുകയാണെന്നതും മനുഷ്യാനുഭൂതിയുടെ ആകമനതലത്തിലെ ഏറ്റവും ഹര്‍ഷദായക സംഗതിയാണ്. യേശുക്രിസ്തു മരിച്ചവരുടെ ഇടയില്‍നിന്നും പുനരുത്ഥാനം ചെയ്തിരിക്കയാല്‍ നമ്മുടെ ഹൃദയങ്ങളില്‍ ആ സത്ഭാവത്തിന്‍റെ നിര്‍ണ്ണയം ലഭിച്ചിരിക്കുന്നു. ഇത് വിശ്വസനീയമായ സത്യമെങ്കില്‍ ജീവിതം ഏറ്റവും സുന്ദരമാണ്, സമാധാനപരമാണ്, മഹത്വപൂര്‍ണ്ണമാണ്, അനശ്വരമാണ് (2 തിമൊ. 1:10).
ചരിത്രത്തിന്‍റെ ഏടുകള്‍ പരിശോധിച്ചാല്‍ സഭാപിതാക്കന്മാരില്‍ ഏറിയ പങ്കും ആത്മാവിന്‍റെ അമരത്വത്തിനും, മരണത്തിനും ഉയിര്‍പ്പിനും മദ്ധ്യേയുള്ള ഇടക്കാല അവസ്ഥയ്ക്കും സ്ഥിതീകരണം നല്‍കിയിരുന്നതായി കാണാം. മരണാനന്തരം ആത്മാവിന്‍റെ അവസ്ഥയെക്കുറിച്ചുള്ള നവീകരണസിദ്ധാന്തം ഒന്നാമത്, ശരീരത്തിന്‍റെ അഴിവിനുശേഷം ആത്മാവ് (ദേഹി) ബോധാവസ്ഥയില്‍തന്നെ തുടരുന്നു എന്നതാണ്. .
“ക്രിസ്തീയ വിശ്വാസത്തില്‍ ഏറ്റവും ആഴമായ ഒന്നാണ് മരണാനന്തരം ഉള്ള ആസ്തിത്വം. ദൈവസൃഷ്ടിയായ മനുഷ്യന്‍ സൃഷ്ടിപ്പില്‍ത്തന്നെ അനശ്വരനാകുന്നു. അവന്‍റെ ശരീരം മണ്ണില്‍നിന്നും എടുത്തു എങ്കിലും ഭാവിയില്‍ വിസ്മയമായ ഒരു ശരീരം അവനു പ്രതീക്ഷിക്കാം. അന്ന് നിത്യതയാണ്. ക്രിസ്തുവിന്‍റെ ശരീരത്തോട് തുല്യമായ ശരീരമാണ് വിശുദ്ധന്മാര്‍ക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നത്. അനശ്വരത, അമര്‍ത്യത, അദ്രവത്വം, അക്ഷയത ഇവയാല്‍ മഹത്വപൂര്‍ണ്ണമായ ഒരു ശരീരം കിട്ടുമെന്ന് ഓര്‍ത്ത് സമ്പൂര്‍ണ്ണ വിശുദ്ധി പാലിക്കുവാന്‍ ഉപദേശം നല്‍കിയിരിക്കുന്നു.
ദേഹിയുടെ (ആത്മാവിന്‍റെ ) അനശ്വരത്വം
‘മനുഷ്യന്‍ പ്രാണനെവിട്ടാല്‍ പിന്നെ അവന്‍ എവിടെ? എന്ന ചോദ്യത്തിന് തിരുവെഴുത്തിനു മാത്രമേ ആധികാരികമായ ഒരു ഉത്തരം നല്‍കുവാന്‍ കഴിയുകയുള്ളു. ഭക്തനായ ഇയ്യോബിന്‍റെ ചോദ്യം (ഇയ്യോ.14:10) തന്‍റെ വ്യക്തിപരമായ ഒന്നായിരുന്നുവെങ്കിലും ഇന്നത് മനുഷ്യസമൂഹത്തിന്‍റെ ഒരു ചോദ്യമായിട്ടാണ് നിലകൊള്ളുന്നത്.
അനശ്വരത്വം, അമരത്വം, അദ്രവത്വം എന്നിവയെല്ലാം പര്യായ പദങ്ങളായി നിലകൊള്ളുന്നതിനാല്‍ സന്ദര്‍ഭാനുസരണമായി ഉപയോഗിക്കേണ്ടതാണ്. അമര്‍ത്യത എന്നതിന് ഗ്രീക്കില്‍ അതന്‍സിയ എന്ന പദമാണ് സാധാരണ ഉപയോഗിക്കുന്നത്. മരണമില്ലാത്ത എന്നര്‍ത്ഥം. പുനരുത്ഥാനത്തെക്കുറിച്ച് വിവരിക്കുന്ന 1 കൊരി. 15-ാം അദ്ധ്യായത്തില്‍ ‘ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മര്‍ത്യമായത് അമര്‍ത്യത്തെയും ധരിക്കേണം’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു (1 കൊരി. 15:53). താല്‍ക്കാലികമായി ദേഹവും ദേഹിയും തമ്മില്‍ വേര്‍പിരിഞ്ഞാലും ഉയിര്‍പ്പിന്‍റെ സുപ്രഭാതത്തില്‍ നമ്മുടെ ശരീരം തേജസ്കരണം പ്രാപിക്കുമെന്നും ശാശ്വതമായ ഒരനുഭവവും അവസ്ഥയും നമുക്കുണ്ടെന്നും ഈ വാക്യം അനുസ്മരിപ്പിക്കുന്നു.
അമര്‍ത്യത സൃഷ്ടിതാവായ ദൈവത്തിനു മാത്രമുള്ള ശ്രേഷ്ടഗുണമായി പറഞ്ഞിരിക്കുന്നു (1 തിമൊ. 6:16; റോമ. 1:23). 1 തിമൊ. 1:17-ല്‍ ദൈവത്തെ ‘നിത്യരാജാവായ അക്ഷയന്‍ ‘ എന്നു വിളിച്ചിരിക്കുന്നു. ഈ പ്രസ്താവന തന്‍റെ സകല സൃഷ്ടികള്‍ക്കും ഒരളവില്‍ അനശ്വരത ഉണ്ടെന്ന ആശയം നല്‍കുന്നു. എന്നാല്‍ സ്വന്ത സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനാണ് ഈ ഭാഗ്യം യഥാര്‍ത്ഥത്തില്‍ ലഭ്യമായിരിക്കുന്നതെന്ന് വിശുദ്ധ തിരുവെഴുത്തു പറയുന്നു.
‘നീ പൊടിയാകുന്നു; പൊടിയില്‍ തിരികെ ചേരും ‘ (ഉല്‍പ.3:19) എന്നത് മനുഷ്യന്‍റെ ഭൗതിക ശരീരത്തിന്മേലുള്ള ദൈവിക വിധിയാണ്. അത് അപ്രകാരം ഒരുനാള്‍ സംഭവിക്കുന്നുവെങ്കിലും അകത്തെ മനുഷ്യന്‍ (ആത്മാവ്) അതിനെ നല്‍കിയ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകും അഥവാ മനുഷ്യന്‍ തന്‍റെ ശാശ്വത ഭവനത്തിലേക്കു പോകും (സഭാപ്രസംഗി 12:5,7). എന്നാല്‍ ദുഷ്ടന്മാരുടെ ആത്മാവ് (ദേഹി) പാപത്തില്‍ മരിച്ചതും, ദൈവത്തില്‍ നിന്നു വേര്‍പെട്ടതുമാകയാല്‍ പാതാളത്തില്‍ യാതനാസ്ഥലത്തേക്ക് പോകുന്നു (ലൂക്കോ. 16:23,28). മരണാനന്തരം ദേഹിയുടെ അസ്ഥിത്വം നശിച്ചുപോകുന്നില്ല എന്ന് കര്‍ത്താവ് ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ നമ്മെ പഠിപ്പിക്കുന്നു.
പഴയനിയമത്തില്‍ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വ്യക്തിഗതമായ പ്രത്യാശ എടുത്തുകാണിക്കുന്ന നിരവധി ശ്രദ്ധേയമായ പ്രസ്താവനകള്‍ ഉണ്ട്. എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാന്‍ ദേഹസഹിതനായി ദൈവത്തെകാണും (ഇയ്യോ. 19:25-27). ‘നീ എന്‍റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കുകയുമില്ല’ (സങ്കീ. 16:10). ‘ഞാന്‍ ഉണരുമ്പോള്‍ നിന്‍റെ രൂപംകണ്ട് തൃപ്തനാകും’ (സങ്കീ.17:15). ‘നിന്‍റെ ആലോചനയാല്‍ നീ എന്നെ വഴിനടത്തും. പിന്നെത്തേതില്‍ മഹത്വത്തിലേക്ക് എന്നെ കൈകൊള്ളും (സങ്കീ. 73:24). ദൈവസാന്നിദ്ധ്യം അനുഭവിച്ചറിഞ്ഞ ഭക്തന്മാര്‍ക്ക് തങ്ങളുടെ ഭാവിജീവിതത്തെക്കുറിച്ച് ദൃഡനിര്‍ണ്ണയമുള്ളവരായിരുന്നു.
(തുടരും)