റ്റി.വി.ജോര്‍ജ്
പുതിയ നിയമത്തില്‍ നീതിമാന്മാരുടെയും ദുഷ്ടന്മാരുടെയും ആത്മാവിന്‍റെ അനശ്വരതയെക്കുറിച്ച് വ്യക്തമായ പ്രസ്താവനകള്‍ ഉണ്ട് (മത്താ. 10:26). ക്രൂശില്‍ വച്ച് അനുതപിച്ച മോഷ്ടാവിനോട് യേശു അരുളിചെയ്തു. ‘ഇന്നു നീ എന്നോടുകൂടെ പറുദീസായില്‍ ഇരിക്കും’ (ലൂക്കോ. 23:43). അനന്തരം യേശു പറഞ്ഞ മൊഴി ഇപ്രകാരമാണ്. ‘എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും’ (യോഹ.11:25). ശാരീരിക മരണം വ്യക്തിയുടെ നിലനില്‍പിനെ ബാധിക്കുന്നില്ല.
വിശ്വാസത്താല്‍ ക്രിസ്തുവിനോടു ബന്ധപ്പെടുന്ന നാം അവിടുത്തെ ജീവന്‍റെയും പുനരുത്ഥാനത്തിന്‍റെയും ശക്തിയെ ഉള്‍ക്കൊള്ളുന്നവരാണ്. മരണത്താല്‍ നമ്മുടെ ഭൗമശരീരത്തില്‍നിന്ന് നാം വേര്‍പിരിഞ്ഞാലും പിന്നെയും ജീവിക്കുകയാണ്, മരിക്കുകയല്ല.
മരണത്തിന് നിദ്ര എന്ന പേര് പുതിയനിയമ എഴുത്തുകാര്‍ ഉപയോഗിച്ചിരിക്കുന്നത് ആത്മാവിന്‍റെ അമര്‍ത്യത്വത്തെ ഉറപ്പിക്കുന്ന ഒന്നത്രെ (അ.പ്ര. 13:36; മത്താ. 2:2; 1 തെസ്സ. 4:13 ) നിദ്ര ശാരീരിക വിശ്രമത്തെയാണ് കാണിക്കുന്നത്. ആത്മാവിന്‍റെ ഉറക്കത്തെയല്ല. (ഫിലി. 1:23). ഉറങ്ങുന്ന വ്യക്തിയും മരിച്ച വ്യക്തിയും തമ്മില്‍ (ശരീരത്തില്‍ ) സാമ്യം ഉണ്ട്. നിശ്ചലതയും വിശ്രമവും, സ്വസ്ഥതയും രണ്ടിന്‍റെയും സാധാരണ സ്വഭാവമാണ്. ഉറങ്ങുന്നവന്‍ ഇല്ലാതാകുന്നില്ല, ചില മണിക്കൂറുകള്‍ക്കകം ഉണരും. അതുപോല മരിച്ചവരും ഇല്ലാതാകുന്നില്ല അവര്‍ കാഹള നാദത്തിങ്കല്‍ ഉണരും.
നീതിമാന്മാരുടെ ആത്മാക്കളെക്കുറിച്ച് പറയുന്നതുപോലതന്നെ പാപികളായ ദുഷ്ടന്മാരുടെ ആത്മാക്കളെക്കുറിച്ചും തിരുവെഴുത്തില്‍ നിരവധി പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നു (മത്ത. 11:21-24; 12:44; റോമ. 2:5-11; ലൂക്കോ. 16:22-31; 2 തെസ്സ. 1:7-8; യൂദ. 15; വെളി 20:11-15). ഈ തിരുവെഴുത്ത് ഭാവിയില്‍ മരിച്ചുപോയ ദുഷ്ടന്മാര്‍ക്ക് പുനരുത്ഥാനവും ന്യായവിധിയും തീപ്പൊയ്കയില്‍ നിത്യദണ്ദനവും അവശേഷിച്ചിരിക്കുന്നുവെന്ന് സമര്‍ത്ഥിക്കുന്നു (യോഹ. 5:29; അ. പ്രവൃ. 24:15).
ദൈവത്തോടുകൂടെയുള്ള വിശ്വാസികളുടെ നിത്യമായ ബന്ധത്തെ തിരുവെഴുത്തില്‍ ശക്തമായ ഭാഷയില്‍ത്തന്നെ പരാമര്‍ശിച്ചിരിക്കുന്നു. കര്‍ത്താവ് പറഞ്ഞു: “അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും” (മത്താ. 13:43). “രാജാവ് തന്‍റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവീന്‍; ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” (മത്ത. 25:34). അപ്പൊസ്തലനായ പൗലോസിന്‍റെ വീക്ഷണം ‘വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ട്’, ശരീരം വിട്ട് കര്‍ത്താവിനോടുകൂടെ വസിപ്പാന്‍ അധികം ഇഷ്ടപ്പെടുന്നു (ഫിലി.1:23; 2 കൊരി. 5:8). ഈ മര്‍ത്യശരീരത്തില്‍നിന്നും വിയോഗം സംഭവിച്ചാല്‍, ക്രിസ്തുവിന്‍റെ ശാശ്വത സാന്നിദ്ധ്യം ലഭിക്കുമെന്ന ദൃഢവിശ്വാസം പൗലോസിനെ ഭരിച്ചിരുന്നു. ഒപ്പം ‘മണ്ണുകൊണ്ടുള്ളവന്‍റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗിയന്‍റെ പ്രതിമയും ധരിക്കും’ എന്നും (1 കൊരി. 15: 49), നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവിന്‍റെ കരങ്ങളില്‍നിന്നും ‘നീതിയുടെ കിരീടം’ പ്രാപിക്കുമെന്നും തനിക്ക് ഉറപ്പുണ്ടായിരുന്നു (2 തിമൊ.4:8). വയോവൃദ്ധനായ, കുരിശിന്‍റെ തളരാത്ത പോരാളി, തീവ്രവും കഠിനവുമായിരുന്ന നീണ്ട ആയോധനത്തെ പിന്നിലേക്കു നോക്കിക്കൊണ്ട് ആഹ്ലാദചിത്തനായി ആര്‍ക്കുകയാണ് ‘ഞാന്‍ വിജയിച്ചു.’ ഏറെ താമസിയാതെ സ്വര്‍ഗ്ഗം എനിക്ക് ഒരു വരവേല്‍പ് നല്‍കുവാന്‍ പോകുന്നു. ഇത് പൗലോസിന്‍റെ മാത്രം പ്രഖ്യാപനമല്ല, ആത്മാവിന്‍റെ അമര്‍ത്യതയില്‍ വിശ്വസിക്കുന്ന സകല ഭക്തന്മാരുടെയും ഭാഗ്യകരമായ പ്രത്യാശയാണ്.
പുതുവാന ഭൂമിയുടെ പുത്തന്‍ കവാടം തുറക്കപ്പെടുമ്പോള്‍ മനുഷ്യരോടുകൂടെ ദൈവം കൂടാരമടിച്ചു പാര്‍ക്കും’ (വെളി. 21:1-5). ഏദെനില്‍ ദൈവത്തിന്‍റെ പ്രത്യക്ഷമായ സാന്നിദ്ധ്യത്തില്‍ നിന്നും മനുഷ്യന്‍ ആട്ടിപ്പായിക്കപ്പെട്ടു. ഇവിടെ അത് പുനഃസ്ഥാപിക്കപ്പെട്ടു. ഇന്നു നാം വിശ്വാസത്താല്‍ നടക്കുന്നു. നിത്യഭവനത്തില്‍ എത്തിച്ചേരുമ്പോള്‍ ദൈവത്തെ മുഖാമുഖമായി കാണുകയും അന്തമില്ലായുഗങ്ങള്‍ ദൈവത്തോടുകൂടെ ആയിരിക്കുകയും സ്നേഹസൃണമായ കൂട്ടായ്മയില്‍ അവിടുത്തോടുകൂടെ വസിക്കുകയും ചെയ്യും. “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല”. ഒരു പുതിയ പ്രപഞ്ചം രൂപപ്പെടുന്നു. നമുക്ക് മുമ്പായി നമ്മെ വിട്ടുവാങ്ങിപ്പോയ വിശുദ്ധന്മാരെയും രക്തബന്ധികളെയും ബന്ധുമിത്രാദികളെയും തേജസ്സ് ധാരികളായി നാം അവിടെ സന്ധിക്കും. അന്ന് നമ്മുടെ കണ്ണുനീര്‍ അവിടത്തെ കരങ്ങളാല്‍ തുടയ്ക്കും. ഇവിടുത്തെ കഷ്ടതകള്‍ എത്ര അധികമായിരുന്നുവോ അത്ര അധികമായിരിക്കും അവിടെ ലഭിക്കുന്ന മഹത്വം. കോടാനുകോടി വര്‍ഷം കഴിഞ്ഞും ദൈവത്തിന്‍റെ നിത്യതയില്‍ നാം അമര്‍ത്യരും അനശ്വരരുമായിരിക്കും (വെളി. 22:3-5).
(തുടരും)