Sankeerthanam News

ഹേ മരണമേ, നിന്‍റെ ജയമെവിടെ?

റ്റി.വി.ജോര്‍ജ്
മരണത്തിന്മേലുള്ള വിജയം പുതിയനിയമ ഉപദേശത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍പ്രകാരം മരിക്കയാല്‍ “പാപവും മരണവും തമ്മിലുള്ള ബന്ധത്തിന് നിവാരണം വരുത്തിയിരിക്കുന്നു; അഥവാ മരണത്തെ നിര്‍ത്തലാക്കി; ഒപ്പം ജീവനും അക്ഷതയും വെളിച്ചത്താക്കി എന്ന് 2 തിമൊ. 1:10-ല്‍ പറയുന്നു. മരണത്തിന്‍റെ അധികാരിയായ പിശാചിനെ സ്വന്ത മരണത്താല്‍ നീക്കി മരണഭീതിയില്‍ അടിമകളായിരുന്ന മനുഷ്യവര്‍ഗ്ഗത്തിന് സ്വാതന്ത്ര്യം നല്‍കി (എബ്രാ. 2:14). ക്രിസ്തു പാപത്തിന്മേലും പിശാചിന്‍റെമേലും തന്‍റെ മരണത്താല്‍ വിജയം പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ മേലാല്‍ പിശാചിനും പാപത്തിനും മരണത്തിനും വിശ്വാസികളുടെമേല്‍ അവകാശം സ്ഥാപിക്കുവാന്‍ കഴിയില്ല. അവിടുന്ന് നമുക്ക് നിത്യജീവന്‍ നല്‍കി മരണഭീതിയില്‍നിന്നും മോചനം നല്‍കി.
ക്രിസ്തുവിനെകൂടാതെ മരണം നമ്മുടെ ആത്യന്തിക ശത്രുവാണ്. മരണത്തിന്മേലുള്ള ആത്യന്തിക വിജയധ്വനിയാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം. “ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന് ഇനി അവന്‍റെമേല്‍ കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.” (റോമ. 6:8). പുതിയനിയമ വെളിച്ചത്തില്‍ നിത്യജീവന്‍ എന്നത് ആത്മാവിനെ സംബന്ധിക്കുന്നതു മാത്രമല്ല, ശാരീരിക പുനരുത്ഥാനവും കൂടിച്ചേര്‍ന്നതാണ്. ആത്മീയ ജീവന്‍ പ്രാപിച്ച ഒരു വിശ്വാസി കര്‍ത്താവു വരുവാന്‍ താമസിച്ചാല്‍ ശാരീരിക മരണത്തിന് വിധേയനാകും. പക്ഷേ, നമ്മുടെ ശരീരവും ആത്മാവും തമ്മില്‍ താല്‍ക്കാലികമായി വേര്‍പിരിഞ്ഞാലും പിന്നെയും നാം ജീവിക്കയാണ്, മരിക്കയല്ല. അനശ്വരമായ ഒരു അവസ്ഥാവിശേഷം നമുക്കുള്ളതുകൊണ്ട് കര്‍ത്താവിനോട് ചേരുകയാണ്, അകന്നുപോകുകയല്ല(2 കൊരി. 5:8).
സകല വിശുദ്ധന്മാരും ജയിച്ചടക്കേണ്ട ഒടുക്കത്തെ ശത്രുവാണ് മരണം. ക്രിസ്തുവിന്‍റെ പുനരാഗമനത്തില്‍ ക്രിസ്തുവില്‍ നിദ്രകൊണ്ട വിശുദ്ധന്മാര്‍ തേജസ്സ് ശരീരികളായി ഉത്ഥാരണം പ്രാപിക്കുമ്പോള്‍ ഒടുക്കത്തെ ശത്രുവായ മരണം എന്നേക്കും നീങ്ങിപ്പോകും (1 കൊരി. 15:52; ഫിലി. 3:20, 21). “ഹേ മരണമേ, നിന്‍റെ ജയമെവിടെ? നിന്‍റെ വിഷപ്പല്ല് എവിടെ? എന്ന് വിശുദ്ധന്മാര്‍ അന്നാളില്‍ ജയധ്വനി മുഴക്കും (1 കൊരി. 15:56). അതേ! മരണത്തെ വിഴുങ്ങിക്കളയുന്ന, വിജയം കൈവരിക്കുന്ന ആ സുദിനമത്രേ നാം നോക്കിപാര്‍ക്കുന്നത്.
രക്ഷിക്കപ്പെടാത്ത ഏതു വ്യക്തിക്കും മരണം നഷ്ടവും, രക്ഷിക്കപ്പെട്ട സകലര്‍ക്കും മരണം ലാഭവുമത്രേ. നാം പ്രാപിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ശരീരത്തിന്‍റെ അക്ഷയമായ പുനരുത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ വിശ്വാസിക്കു മരണം നിദ്ര മാത്രമാണ്. അവര്‍ക്ക് മരണഭയം എന്ന ഒന്നില്ല. സ്ഥിരമായ ഈ ക്രിസ്തീയ പ്രത്യാശ കൂടാതെ, ജീവിതയാത്ര നടത്തി മരണത്തെ നേരിടുവാന്‍ തക്കവണ്ണം, ഒരുവന് അത്രമാത്രം അന്ധനോ, മൂകനോ, അജ്ഞനോ, ആകുവാന്‍ കഴിയുന്നതെങ്ങനെ? ജീവിതം മൂല്യവത്താക്കുവാന്‍ ക്രിസ്തുവിനെക്കൂടാതെ ഈ ലോകത്തിലോ മറുലോകത്തിലോ, അതിനേക്കാള്‍ ശ്രേഷ്ഠമേറിയത് എന്തുണ്ട്? ഇനിയും എന്തുണ്ടാകും? നാം എല്ലാവരും ഒരുനാള്‍ മരിക്കും നിശ്ചയം. നിങ്ങള്‍ അതിനെ ലാഘവമായി, ഹാസ്യമായി തള്ളുന്നതെന്തിന്? മരണം നിങ്ങളെ അഭിമുഖീകരിക്കുന്നതിന് മുമ്പേ, ജീവിതത്തിന് തിരശീല വീഴുന്നതിനു മുമ്പേ ഇരുകരവും നീട്ടി തുറന്ന ഹൃദയത്തോട് ക്രിസ്തുവിനെ രക്ഷകനായി ഹൃദയത്തില്‍ അംഗീകരിക്കുക, അതത്രെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ പദവിയും സന്തോഷവും, മരണത്തിന്മേലുള്ള ആത്യന്തിക വിജയത്തിനുള്ള ഏകമാര്‍ഗ്ഗവും.
(തുടരും)
നാളെ:
ശരീരവിമുക്തമായ ആത്മാവിനെക്കുറിച്ച്…