മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന, ബസ്പുര്‍ക്കാന…

റ്റി.വി.ജോര്‍ജ്

 1. സമ്പൂര്‍ണ്ണ നിഗ്രഹണ സിദ്ധാന്തം
  ഭൗതിക വാദികള്‍ മരണത്തോടുകൂടി സമ്പൂര്‍ണ്ണമായി ആസ്തിത്വ നിഗ്രഹണം സംഭവിക്കുന്നു എന്നു വിശ്വസിക്കുന്നു. സൂര്യനുകീഴെയുള്ള ഭൗതിക വസ്തുക്കളെക്കുറിച്ച് ചിന്തിച്ചശേഷം സോളമന്‍ പറഞ്ഞു: “മനുഷ്യര്‍ക്ക് ഭവിക്കുന്നത് മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നുതന്നെ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ. മനുഷ്യന് മൃഗത്തെക്കാള്‍ വിശേഷതയില്ല” (സഭാ. 3:19.) എന്നാല്‍ തന്‍റെ ചിന്താമണ്ഡലം ഉയരവുമായി ബന്ധപ്പെട്ടപ്പോള്‍, കാര്യങ്ങളുടെ പുത്തന്‍ വെളിപ്പാട് ലഭിച്ചവനെപ്പോലെ ഇപ്രകാരം പറയുന്നു: “മനുഷ്യന്‍ തന്‍റെ ശാശ്വത ഭവനത്തിലേക്കു പോകും” , പൊടി പണ്ട് ആയിരുന്നതുപോലെ (ദേഹം) ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നല്‍കിയ ദൈവത്തിന്‍റെ അടുക്കലേക്കു പോകും (സഭാ. 12:5-7). മരണം ആസ്തിത്വമില്ലാതാകുന്ന ഒരവസ്ഥയല്ല എന്ന് ഇവിടെ സുവ്യക്തമാണ്.
  സെവന്ത് ഡേ അഡ്വന്‍റിസ്റ്റുകള്‍ ആത്മനിദ്ര എന്ന ഉപദേശം പിന്‍തുടരുന്നതുപോലെതന്നെ ദേഹിയുടെ ആസ്തിത്വം മരണത്തോടുകൂടി ഇല്ലാതാകുന്നു എന്നാണ് പഠിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒന്നും അവശേഷിക്കാത്ത ആത്മശൂന്യതയാണ് അവരുടെ ചിന്താഗതി.
  സുവിശേഷ വിഹിത സഭകള്‍, മനുഷ്യാത്മാവിന്‍റെ ശരീരത്തോടുകൂടിയ പുനരുത്ഥാനത്തെയും, അനന്തരം മനുഷ്യന് ലഭിക്കുവാന്‍ പോകുന്ന നിത്യമായ സ്വര്‍ഗ്ഗം അല്ലെങ്കില്‍ നിത്യാഗ്നി എന്നിവയേയും വിശ്വസിക്കുന്നു. നിത്യാഗ്നിയില്‍ പതിക്കുന്ന ദേഹി ‘കരച്ചിലും പല്ലുകടിയുമായി യാതന അനുഭവിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ വിശ്വസനീയമത്രേ (മത്താ. 8:12; 13:42; 50, 22:13; 24:51). ദുഷ്ടന്മാര്‍ ഗന്ധകം കത്തുന്ന പൊയ്കയില്‍ ” നിത്യദണ്ഡനം അനുഭവിക്കുമ്പോള്‍, നീതിമാന്മാര്‍ നിത്യതയില്‍ നിത്യജീവന്‍റെ അംശികളായി അക്ഷയരായി ജീവിക്കും. ആകയാല്‍ സമ്പൂര്‍ണ്ണ നിഗ്രഹ സിദ്ധാന്തം അംഗീകാര്യ യോഗ്യമല്ല.
 2. ഇടവേളയില്‍ നിര്‍ദ്ദിഷ്ട സ്ഥലം
  പരേതാത്മാക്കളെക്കുറിച്ചുള്ള റോമന്‍ കാത്തലിക് സഭയുടെ വീക്ഷണം മരണാനന്തരം മനുഷ്യന്‍റെ ദേഹി ചില താത്കാലിക താവളങ്ങളില്‍ സൂക്ഷിക്കപ്പെടുന്നു എന്നാണ്.
 3. ലിംബസ് പേട്രം
  മദ്ധ്യ കാലഘട്ടത്തില്‍ ലിംബസ് എന്ന ലാറ്റിന്‍ പദം നരകത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ലിംബസ് പെട്രം, ലിംബസ് ഇന്‍ഫാന്‍റം എന്നീ രണ്ടു സ്ഥലങ്ങള്‍ക്ക് ഒന്നിച്ച് ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‍റെ മരണ പുനരുത്ഥാനത്തിനു മുമ്പുവരെ, മരിച്ചുപോയ പഴയനിയമ പിതാക്കന്മാരുടെ ആത്മാക്കള്‍ വിശ്രമിക്കുന്ന ഷിയോന്‍- അബ്രഹാമിന്‍റെ മടി എന്ന സ്ഥലത്തെ, പ്രത്യേകിച്ച് നരകത്തിന്‍റെ പുറമ്പോക്ക് എന്നു വിളിച്ചുവന്നു. ഗ്രീക്കുഭാഷയില്‍ ഈ സ്ഥലത്തെ ഹെഡിസ് എന്നു വിളിക്കുന്നു. ഹെഡിസിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഒന്ന് നീതിമാന്മാരുടെ ആത്മാക്കള്‍ വിശ്രമിക്കുന്ന സ്ഥലം. അബ്രഹാമിന്‍റെ മടി അഥവാ പറുദീസ (ലൂക്കോ. 16:23; 23:43). മറ്റൊന്ന് ദുഷ്ടന്മാരുടെ ആത്മാക്കളുടെ യാതനാസ്ഥലം. നീതിമാന്മാരുടെ ആത്മാക്കള്‍ ആയിരിക്കുന്നിടത്തേയാണ് ‘നരകത്തിന്‍റെ പുറമ്പോക്ക്’ എന്നു വിളിക്കുന്നത്.
 4. ലിംബസ് ഇന്‍ഫാന്‍റം
  ക്രൈസ്തവരോ, അക്രൈസ്തവരോ ആയവരുടെ കൂഞ്ഞുങ്ങള്‍ മാമോദീസാ ഏല്‍ക്കാതെ മരിച്ചുപോയാല്‍ അവര്‍ക്ക് സ്വര്‍ഗ്ഗപ്രവേശനം അനുവദനീയമല്ലാത്തതിനാല്‍ (യോഹ. 3:5) അവരുടെ ആത്മാക്കള്‍ ‘ലിംബസ് ഇന്‍ഫാന്‍റെം’ എന്നയിടത്ത് പാര്‍ക്കേണ്ടിവരും. ചിലര്‍ വിശ്വാസിക്കുന്നത് കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ അവര്‍ക്ക് ഈ പുറമ്പോക്ക് സ്ഥലത്തുനിന്നും രക്ഷനേടാം എന്നാണ്. മറ്റുചിലരുടെ അഭിപ്രായം ദൈവം നിയോഗിക്കുന്ന ദൂതന്മാര്‍ അവരെ മാമോദീസാ കൊടുത്ത് സ്വര്‍ഗ്ഗ പ്രവേശനത്തിന് യോഗ്യരാക്കുമെന്നാകുന്നു. മറ്റൊരു ചിന്താധാര ലിംബസ് ഇന്‍ഫാന്‍റം കുഞ്ഞുങ്ങള്‍ക്കുള്ള നിത്യപാര്‍പ്പിടമാണ്; അവര്‍ അവിടെ വേദനയും ദുഃഖവുമില്ലാതെ എന്നേക്കും ജീവിക്കുമെന്നാണ്. ശിശുസ്നാനത്തെ ഉറപ്പിക്കുവാനുള്ള ഒരു ഊന്നുവടികൂടെയാണ് ഈ ചിന്തകള്‍. പൂര്‍വ്വകാലം എന്നതിനെക്കുറിച്ചുള്ള ഉപദേശം ശക്തമായപ്പോള്‍ തെര്‍ത്തുല്യന്‍ ശിശുസ്നാനത്തെയും, ശിശുക്കള്‍ക്കു കഴുകിക്കളയുവാനുള്ള ഉത്ഭവ പാപത്തെയും എതിര്‍ത്തു.
 5. ശുദ്ധീകരണ സ്ഥലം
  റോമന്‍ കാത്തോലിക്, ഗ്രീക്ക് ഓര്‍ത്തിഡോക്സ് എന്നീ സഭകള്‍ മരണാനന്തര ശുദ്ധീകരണ സ്ഥലത്ത് ആത്മാക്കള്‍ വസിക്കുന്നു എന്നു വിശ്വസിക്കുന്നു. ഇത് ഒരു സ്ഥലമോ അവസ്ഥയോ ആണെന്ന് കരുതുന്നു. ഇവിടെ തടങ്കലില്‍ വെയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കള്‍ ലഘുവായ പാപങ്ങള്‍ ചെയ്തു മാലിന്യം സംഭവിച്ചവരോ, സ്വന്ത അപരാധം തുടച്ചുനീക്കാത്തവരോ ആകുന്നു. മരിച്ചുപോയവരുടെ പ്രിയപ്പെട്ടവര്‍ ഇവരുടെ ലഘുവായ പാപങ്ങള്‍ക്കുവേണ്ടി ശുദ്ധീകരണ പ്രക്രിയ നടത്തിയോ, സഭ നിശ്ചയിച്ചിരിക്കുന്ന മോചനദ്രവ്യം അടച്ച് കൂര്‍ബ്ബാന അര്‍പ്പിച്ചോ അവരെ ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിതരാക്കി സ്വര്‍ഗ്ഗത്തിലെ ദൈവവുമായി പുനര്‍ബന്ധം സ്ഥാപിക്കേണം.
  ശുദ്ധീകരണ സ്ഥലത്ത് ശാരീരിക വേദനയും ഒപ്പം ദൈവത്തില്‍നിന്നുള്ള വേര്‍പാട് നിമിത്തവും അവര്‍ പീഢ അനുഭവിക്കുന്നു. മാമോദീസായില്‍ പാപം കഴുകപ്പെട്ടവര്‍ എങ്കില്‍ അവരുടെ പീഢയുടെ കാഠിന്യം കുറയ്ക്കുവാനുള്ള തീരുമാനം ദൈവത്തില്‍ നിക്ഷിപ്തമാണ്. ബസ്പുര്‍ക്കാന ആത്മാവിന്‍റെ ശുദ്ധീകരണമാണ് ആവശ്യപ്പെടുന്നത്. പാപത്തിന്‍റെ അളവനുസരിച്ച് ശുദ്ധീകരണ സ്ഥലത്ത് പീഡയുടെ ദൈര്‍ഘ്യം കൂടിയും കുറഞ്ഞും വരും. എന്നാല്‍ ക്ലേശങ്ങളുടെ ദൈര്‍ഘ്യം പരിമിപ്പെടുത്തുന്നതിന് തന്നോടു ബന്ധപ്പെട്ടവരുടെ പ്രാര്‍ത്ഥനയും പുണ്യകര്‍മ്മങ്ങളും അനിവാര്യമാകുന്നു. ദുഷ്ടന്മാര്‍ നേരിട്ട് ദണ്ഡനസ്ഥലത്തേക്ക് പോകും. അവര്‍ മരണകരമായ പാപം ചെയ്തവരാണ്. അവര്‍ക്കുവേണ്ടി ശുദ്ധീകരണസ്ഥലം ഉപയോഗിക്കുന്നില്ല. ഈ ഉപദേശത്തിന് അടിസ്ഥാനമായി 2 മക്കാബ്യര്‍ 12:43-45,56 എന്നീ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. അതാതുകാലങ്ങളില്‍ സഭയുടെ പരമാദ്ധ്യക്ഷനായിരിക്കുന്ന മാര്‍പാപ്പയാണ് ഈ സ്ഥലത്തന്‍റെ ചുമതല വഹിക്കുന്നത്. 1 കൊരി. 3:14,15 എന്നീ ഭാഗങ്ങളില്‍ പരാമര്‍ശിക്കുന്ന ശോധന ചെയ്യപ്പെടുന്ന അഗ്നി, ബസ്പുര്‍ക്കാനയായി കരുതുന്നു.
  (തുടരും)