റ്റി.വി.ജോര്‍ജ്
മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രധാനമായി അഞ്ചുവിധ വിശ്വാസങ്ങളാണ് നിലവിലുള്ളത്.
- പുനര്‍ജന്മ വിശ്വാസം
പൊതുവെ കാവ്യമതങ്ങള്‍ പുനര്‍ജന്മ ഉപദേശത്തില്‍ വിശ്വസിക്കുന്നു. ഹൈന്ദവ തത്വചിന്തകളാകുന്ന ഉപനിഷത്തുക്കളില്‍ മനുഷ്യാത്മാവ് അനേക ജന്മാന്തരങ്ങളെ കടന്ന് പൂര്‍വ്വ ജന്മത്തിന്‍റെ അനുഭവത്തില്‍ മടങ്ങിവരുമെന്ന് കാണുന്നു. ജന്മാന്തരോപദേശം ഭഗവത്ഗീതയിലും പ്രബലമായ ഒന്നത്രേ (അ.2:22; അ. 4:5). മോക്ഷപ്രാപ്തിക്കായി മനുഷ്യന്‍ ഫലകാംക്ഷയില്ലാത്ത പ്രവൃത്തികള്‍ അത്രേ ചെയ്യേണ്ടത്.
മനുഷ്യന്‍റെ അജ്ഞതയില്‍നിന്നും അന്ധവിശ്വാസത്തില്‍നിന്നും ഉരുത്തിരിഞ്ഞ നിരവധി ചിന്തകളാണ് പരേതാത്മാവിനെക്കുറിച്ച് ലോകത്തില്‍ നിലവിലിരിക്കുന്നത്. തെക്കേ ആഫ്രിക്കയിലെ വെല്‍ഡാ വിഭാഗക്കാര്‍ വിശ്വസിക്കുന്നത് ഒരാള്‍ മരിച്ചാല്‍ തന്‍റെ ആത്മാവ് സ്വന്തം ശവകുടീരത്തിന് ചുറ്റും കുറെ ദിവസം തങ്ങിനില്‍ക്കുമെന്നും അതിനുശേഷം പുതിയ വിശ്രമസ്ഥലം കണ്ടെത്തുമെന്നുമാണ്. മെക്സിക്കോയിലെ ആദിവാസികള്‍ വിശ്വസിക്കുന്നത് മരിച്ചവരുടെ ആത്മാക്കള്‍ ജീവിച്ചിരിക്കുന്നവരെ വന്നു സഹായിക്കുമെന്നത്രെ. - ആത്മനിദ്ര
മനുഷ്യന്‍ ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്ന് ഘടകങ്ങളോടുകൂടിയവനാണെന്ന് ബൈബിള്‍ സമര്‍ത്ഥിക്കുന്നു (ത്രൈക ഘടകത്വം (എബ്രാ. 4;12; 1 തെസ്സ. 5:23 ). ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ(കൊല്ലപ്പെട്ടവരുടെ) ആത്മാക്കള്‍ എന്ന വാക്യത്തില്‍ ആത്മാവ് എന്നതിന് സോള്‍ എന്നാണ് ഇഗ്ലീഷില്‍ ചേര്‍ത്തിരിക്കുന്നത്- ദേഹി എന്നര്‍ത്ഥം: ഒരു വ്യക്തി മരിക്കുമ്പോള്‍ തന്‍റെ ദേഹി ഉടനെ പ്രജ്ഞയറ്റ പ്രവര്‍ത്തനരഹിതമായ നിലയില്‍ പുനരുത്ഥാനം വരെ നിദ്രയിലായിരിക്കുമെന്ന് ഒരു വാദമുണ്ട്. തിരുവെഴുത്തില്‍ കാണുന്ന നാല് ആശയങ്ങളാണ് ഈ വാദത്തിന്‍റെ അടിസ്ഥാനം.
1) മരണത്തെ നിദ്രയോട് ഉപമിച്ചിരിക്കുന്ന വാക്യങ്ങള്‍. “ക്രിസ്തുവില്‍ നിദ്രകൊണ്ടവര്‍”(1 കൊരി. 15:18; മത്താ. 9:24). - മരിച്ചവര്‍ ഒന്നും അറിയുന്നില്ല എന്ന പഴയനിയമ പ്രസ്താവനകള്‍ (സങ്കീ.6:5; 115: 17; സഭാപ്രസംഗി 9:10; യെശ. 38:10,18).
- മരണാനന്തരം ഒരു ന്യായവിധി ഉണ്ടെന്നു വിശ്വസിക്കുക സാദ്ധ്യമല്ലെന്നുള്ള വാദഗതി. അതിനാല്‍ മരണത്തോടുകൂടെ ദേഹി അതിന്‍റെ പര്യവസാനത്തില്‍ എത്തി എന്നു കരുതുന്നു.
- മരിച്ചവരില്‍ നിന്നും ഉയിര്‍ത്ത ചിലരെക്കുറിച്ച് ബൈബിള്‍ പറയുന്നു. പക്ഷേ അവര്‍ ആരും മരണാനന്തര അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്നില്ല.
ശരീരം വിട്ടശേഷം അവര്‍ ബോധവാന്മാരായിരുന്നില്ല, നിദ്രയിലായിരുന്നു. മുകളില്‍ പറയുന്ന ഉപദേശം അംഗീകരിച്ചിരിക്കുന്നത് സെവന്ത്ഡേ അഡ്വന്‍റിസ്റ്റ്, യഹോവാ സാക്ഷികള്‍ തുടങ്ങിയ വിഭാഗക്കാരാകുന്നു. നിദ്ര എന്ന പദം ആലങ്കാരിക പ്രയോഗവും ഭൗതിക ശരീരത്തോട് ബന്ധപ്പെട്ട വാക്കുമാണ്. മരണാനന്തര നിദ്രയിലാകുന്നത് ദേഹിയല്ല ദേഹമാണ്. മരിക്കുമ്പോള്‍ തന്നെ വിശുദ്ധന്മാരുടെ ആത്മാക്കള്‍ വിട്ടുപിരിഞ്ഞ് കര്‍ത്താവിനോടുകൂടെ ബോധപൂര്‍വ്വമായി വിശ്രമിക്കുകയാണ് (2 കൊരി. 5:8; പ്രവൃ. 7:59 ). ശരീര രഹിതമായ ആത്മാവിന് തുടര്‍ന്നും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുമെന്ന് പൗലോസ് പറയുന്നു. “അതുകൊണ്ട് ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള്‍ അവനെ പ്രസാദിപ്പിക്കുന്നവര്‍ ആകുവാന്‍ അഭിമാനിക്കുന്നു” (2 കൊരി. 5:9). ആത്മനിദ്ര എന്ന ആശയം അംഗീകാര യോഗ്യമായ ഒന്നല്ല.
(തുടരും)